Connect with us

Kozhikode

രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാന്‍ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം പുതുവഴി തേടുന്നു

Published

|

Last Updated

കോഴിക്കോട്: രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാന്‍ പുതുവഴികള്‍ തേടി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം.”ഡിസ്ചാര്‍ജ് അദാലത്ത്” എന്ന ആശയത്തിലൂടെ അസുഖം ഭേദമായിട്ടും വര്‍ഷങ്ങളായി രോഗികള്‍ക്കൊപ്പം കഴിയാന്‍ വിധിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അധികൃതരുടെ പരിശ്രമം വിജയകരമാവുന്നു. മൂന്ന് മാസമായി ഇവിടെ നടന്നുവരുന്ന “ഡിസ്ചാര്‍ജ് അദാലത്തുക”ളിലൂടെ സ്വന്തം കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കാനായത് 35 പേരെ. ആശുപത്രി വിടാന്‍ പാകത്തില്‍ അസുഖം ഭേദമായ 120ലേറെ പേരാണ് പല കാരണങ്ങളാല്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോവാനാവാതെ ഇവിടെ കഴിയുന്നത്. ഇതില്‍ പകുതിയിലേറെ പേര്‍ സ്ത്രീകളാണ്. പലര്‍ക്കും സ്വന്തം നാടോ വീടോ അറിയില്ല .ഇതില്‍ അമ്പതിലേറെ പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ഇവരില്‍ പലര്‍ക്കും എന്താണു തങ്ങളോടു പറയാനുള്ളതെന്നു പോലും അധികൃതര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. ഉറ്റവരെയും ഉടയവരെയും ഒരിക്കല്‍കൂടി കാണാനാവുന്ന ദിവസം സ്വപ്‌നംകണ്ട് ഇരുപത് വര്‍ഷത്തിലേറെയായി കഴിയുന്നവരുമുണ്ട് കൂട്ടത്തില്‍.കുടുംബങ്ങള്‍ തിരികെ കൊണ്ടുപോവാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ഇവിടെതന്നെ കഴിഞ്ഞുകൂടേണ്ടി വരുന്ന മലയാളികളുമുണ്ട്. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജിവനക്കാരുടെയും ആത്മാര്‍ഥ സഹകരണത്തോടെയാണ് ഡിസ്ചാര്‍ജ് അദാലത്തുകളെന്ന പുതിയ ആശയം പ്രാവര്‍ത്തികമാക്കിയത്. ഓരോ വാര്‍ഡിലെയും രോഗം ഭേദമായവരെ ഒരുമിച്ചുകൂട്ടി അവര്‍ക്കൊപ്പം സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഒന്നിച്ചിരുന്നു ഓരോരുത്തരെയും കുടുംബത്തോടൊപ്പം പുനരധിവസിപ്പിക്കാനുള്ള വഴികളാലോചിക്കുന്നതാണ് പരിപാടി. ബന്ധുക്കളെ വിളിച്ചുവരുത്തിയും ചെന്നുകണ്ടും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയും ഏറെ പേരെ തിരിച്ചയക്കാനായി. ചിലരെ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
474 രോഗികളെ താമസിപ്പിക്കാവുന്ന കേന്ദ്രത്തില്‍ നിലവില്‍ അറുനൂറോളം പേരാണുള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു. ഇവരില്‍ രോഗം ഭേദമായ 120ലേറെ പേരെ പുനരധിവസിപ്പാക്കാനായാല്‍ തന്നെ ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ പരിചരണവും സൗകര്യങ്ങളുമൊരുക്കാന്‍ സാധിക്കും. കേന്ദ്രത്തിലെ പരിമിതമായ സൗകര്യങ്ങള്‍ ഇവര്‍ക്കു കൂടി പങ്കുവയ്‌ക്കേണ്ടി വരുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. പരമാവധി പേരെ പുനരധിവസിപ്പിക്കാനായാല്‍ ഈയവസ്ഥയില്‍ മാറ്റമുണ്ടാക്കാനാവുമെന്നും അദ്ധേഹം പറഞ്ഞു
രോഗം ഭേദമായവരുടെ ബന്ധുക്കളെ കണ്ടെത്താനും അവര്‍ക്ക് തൊഴില്‍ നല്‍കിയോ ഏതെങ്കിലും സുരക്ഷിത കേന്ദ്രങ്ങളിലാക്കിയോ പുനരധിവസിപ്പിക്കാനും സന്നദ്ധരായി വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍. ബന്ധുക്കളെ കണ്ടെത്തുന്നതിന് പോലീസിന്റെ സഹായം ലഭ്യമാക്കുകയും വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ സാധ്യമാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൂടിയാലോചനയില്‍ തീരുമാനമായിട്ടുണ്ട്. കൂടുതല്‍ ഏജന്‍സികളുടെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായി സൂപ്രണ്ട് ഡോ. എന്‍ രാജേന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന അദാലത്തില്‍ സി ജെ എം ബിജുമേനോന്‍, സബ്ജഡ്ജ് ആര്‍ എല്‍ ബൈജു, സിറ്റി പോലിസ് കമ്മീഷണര്‍ പി എ വല്‍സന്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി ജോസഫ് റിബെല്ലോ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest