ലയനം: വീരേന്ദ്രകുമാറുമായി പ്രേംനാഥ് ചര്‍ച്ച നടത്തി

Posted on: November 23, 2015 2:57 am | Last updated: November 23, 2015 at 10:01 am

കോഴിക്കോട്: ലയന സാധ്യത ആരാഞ്ഞ് ജനതാദള്‍ സെക്യുലര്‍ ദേശീയ നിര്‍വാഹക സമിതിയംഗം എം കെ പ്രേംനാഥ് ജനതാദള്‍ (യു) സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ വീരേന്ദ്ര കുമാറിന്റെ വസതിയിലായിരുന്നു ചര്‍ച്ച.
ജെ ഡിയുവുമായി ഇപ്പോള്‍ ലയനമില്ലെന്ന് സെക്യുലര്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രേംനാഥ് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കയാണ്.
ഇടതുമുന്നണി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രേംനാഥ് വീരനെ കണ്ടതെന്നാണ് സൂചന.. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മതേതര ചേരികളുടെ കൂട്ടായ്മ യാഥാര്‍ഥ്യമായ സാഹചര്യത്തിലാണ് കേരളത്തില്‍ ജനതാ പരിവാര്‍ ലയന സാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്.
ജെ ഡി എസും ജെ ഡിയുവും യോജിച്ചുള്ള രാഷ്ട്രീയ മുന്നേറ്റമാണ് ആവശ്യമെന്ന് പ്രേംനാഥ് ചര്‍ച്ചക്കു ശേഷം പറഞ്ഞു.
ഏതര്‍ഥത്തിലാണ് മാത്യു ടി തോമസ് ലയനത്തിനെതിരെ പ്രതികരിച്ചതെന്നറിയില്ല. എന്നാല്‍ ലയനം സംബന്ധിച്ച പ്രേംനാഥിന്റെ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ വ്യക്തിപരമെന്നാണ് മാത്യു ടി തോമസ് വിശേഷിപ്പിച്ചത്.