Connect with us

Kannur

സുധാകരനെതിരെ പടയൊരുക്കവുമായി കണ്ണൂരിലെ എ വിഭാഗം

Published

|

Last Updated

കണ്ണൂര്‍: കൈയെത്തും ദൂരത്തുണ്ടായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യു ഡി എഫിന് നഷ്ടപ്പെട്ടതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മൂര്‍ച്ഛിക്കുന്നു. ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള കെ സുധാകരന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പ് രംഗത്തെത്തിയതോടെയാണ് പോര് രൂക്ഷമായത്. കെ സുധാകരന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായി നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോര്‍പറേഷന്‍ ഭരണം യു ഡി എഫിന് നഷ്ടമാകാന്‍ ഇടയാക്കിയതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡന്റിന് എ ഗ്രൂപ്പ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വൈകീട്ട് എ ഗ്രൂപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സുധാകരനെതിരെ രൂക്ഷ വിമര്‍ശമാണുയര്‍ന്നത്. സുധാകരന്റെ ഏകപക്ഷീയമായ നിലപാടാണ് കണ്ണൂരില്‍ പാര്‍ട്ടിയെ തളര്‍ത്തിയതെന്നായിരുന്നു എ വിഭാഗം നേതാക്കളില്‍ നിന്നുയര്‍ന്ന പ്രധാന വിമര്‍ശം. കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിച്ച 35 ഡിവിഷനുകളില്‍ എ ഗ്രൂപ്പ് 12 ഡിവിഷനുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാതെ വന്നതോടെ ഏഴ് ഡിവിഷനുകളിലായി ആവശ്യം ചുരുക്കി. എന്നാല്‍ പള്ളിപ്പൊയില്‍ ഡിവിഷനില്‍ മാത്രമാണ് എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രകാശന്‍ വിജയിക്കുകയും ചെയ്തു.
തുളിച്ചേരി, മാച്ചേരി, മേലെ ചൊവ്വ, കൊറ്റാളി, കുന്നാവ് തുടങ്ങിയ ഡിവിഷനുകളില്‍ എ ഗ്രൂപ്പ് നിര്‍ദേശിച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കാതെ സുധാകരപക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തംഗമായിരുന്ന പി മാധവന് വേണ്ടി ജയസാധ്യതയുള്ള ഒരു സീറ്റ് ചോദിച്ചിട്ടും നല്‍കിയില്ല. എ ഗ്രൂപ്പ് ആവശ്യപ്പെട്ട ഡിവിഷനുകളില്‍ സുധാകര വിഭാഗം നിര്‍ത്തിയ സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. നേരത്തെ തങ്ങള്‍ നിര്‍ത്താന്‍ ആലോചിച്ചിരുന്ന സ്ഥാനാര്‍ഥികളില്‍ ഏറിയകൂറും വിജയസാധ്യതയുള്ളവരായിരുന്നുവെന്നും അവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നതെങ്കില്‍ ഇത്രയും വലിയ പരാജയം കണ്ണൂരിലുണ്ടാകുമായിരുന്നില്ലെന്നും എ വിഭാഗം യോഗം വിലയിരുത്തി.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് കെ പി സി സിയും ഉപസമിതി രൂപവത്കരിച്ചിരുന്നു. ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു കണ്‍വീനര്‍. സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും സുരേന്ദ്രന്‍ മിക്ക യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ഇതുകൊണ്ട് തന്നെ തീരുമാനങ്ങളെടുക്കാനും കഴിഞ്ഞില്ലെന്ന് എ വിഭാഗം വിമര്‍ശമുന്നയിക്കുന്നുണ്ട്. തര്‍ക്കങ്ങളുള്ള സീറ്റുകളുടെ കാര്യത്തില്‍ കെ സുധാകരന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് തീരുമാനങ്ങളെടുക്കേണ്ടിയിരുന്നത്. ഈ സമിതിയില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും അന്തിമമായ തീരുമാനം കെ സുധാകരന്‍ ഒറ്റക്കാണ് എടുത്തതെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. പരാജയ കാരണങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് ഇന്ന് കെ പി സി സി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ തങ്ങളുടെ ആക്ഷേപങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.

---- facebook comment plugin here -----

Latest