ആരോഗ്യ വകുപ്പ് പാഠം പഠിക്കുന്നില്ല; കേരളം വീണ്ടും മരുന്ന് ക്ഷാമത്തിലേക്ക്

Posted on: November 23, 2015 3:15 am | Last updated: November 22, 2015 at 11:17 pm
SHARE

medicinesകോഴിക്കോട് :കേരളം വീണ്ടും മരുന്ന് ക്ഷാമത്തിലേക്ക് നീങ്ങുന്നു. മെഡിക്കല്‍ കോര്‍പറേഷന്‍ കൃത്യസമയത്ത് അവശ്യ മരുന്നുകളുടെ പട്ടിക മരുന്നു കമ്പനികള്‍ക്ക് സമര്‍പ്പിക്കാത്തതിനാലാണ് കേരളം കടുത്ത മരുന്നു ക്ഷാമത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേതരത്തിലുള്ള സാഹചര്യമുണ്ടായിട്ടും ആരോഗ്യ വകുപ്പ് പാഠം പഠിക്കുന്നില്ലെന്നതാണ് ക്ഷാമം ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഈ വര്‍ഷത്തേക്കുള്ള മരുന്നിന്റെ ഇന്‍ഡന്റ് തയാറാക്കി നല്‍കിയത്. വര്‍ഷത്തില്‍ രണ്ട് തവണകളിലായാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള മരുന്നുകളാണ് ഇതിനകം വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, 50 ശതമാനം മരുന്നുകളുടെ സ്ഥാനത്ത് 20 ശതമാനം വിതരണം പോലും നടന്നിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി പ്രതിവര്‍ഷം 150 കോടിയോളം രൂപയുടെ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ ഉണ്ടാകാറുണ്ടെങ്കിലും 90 കോടിയോളം രൂപയുടെ മരുന്നുകള്‍ മാത്രമാണ് വിതരണം ചെയ്യാറുള്ളത്. ആവശ്യത്തിനനുസരിച്ച് മരുന്ന് വിതരണം ചെയ്യാത്തതാണ് കടുത്ത മരുന്നു ക്ഷാമത്തിന് വഴിവെക്കുന്നത്. ഇത് ഓരോ വര്‍ഷവും ആവര്‍ത്തിക്കുമ്പോഴും ആരോഗ്യ വകുപ്പ് മരുന്ന് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നുമില്ല. അതിനിടെ, സര്‍ക്കാര്‍ ആശുപത്രികളിലൂടെയും മറ്റും വിതരണം ചെയ്ത മരുന്നുകളില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയവയുമുണ്ടെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
ആന്റിബയോട്ടിക്കായ അമോക്‌സിലിന്‍ 125 മില്ലിലിറ്റര്‍ സിറപ്പും ഗുളികയും ഉപയോഗയോഗ്യമല്ലെന്നു കണ്ടെത്തിയിട്ടും അവ സര്‍ക്കാര്‍ ആശുപത്രികളിലൂടെ രോഗികള്‍ക്കു നല്‍കിയെന്നാണ് ആരോപണം. ഗുണനിലവാര പരിശോധനയില്‍ അപാകമുണ്ടെന്നു കാണിച്ച് മരുന്നു കമ്പനികള്‍ കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്യുന്നതോടെ കെട്ടിക്കിടക്കുന്ന മരുന്നിന്റെ വില കമ്പനിക്കു നല്‍കേണ്ടി വരുന്നു. ഇതുവഴി ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.
പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ ആരോഗ്യ വകുപ്പിലെ തന്നെ ചിലരുടെ ഒത്താശയുണ്ടെന്നും പറയപ്പെടുന്നു. അനലറ്റിക്കല്‍ ലാബുകളില്‍ നിന്ന് ഗുണനിലവാരമില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് വരുന്നതിനു മുമ്പുതന്നെ മിക്ക മരുന്നുകളും വിതരണം ചെയ്താണ് ചില മരുന്നു കമ്പനികളും ഉദ്യോഗസ്ഥരും നേട്ടം കൊയ്യുന്നത്. മെഡിക്കല്‍ കോര്‍പറേഷന്‍ വഴി വിതരണത്തിനെത്തുന്ന എല്ലാ മരുന്നുകളും പരിശോധനക്കു ശേഷം ഗുണനിലവാരം ഉറപ്പുവരുത്തി വിതരണം ചെയ്യണമെന്നാണ് നിര്‍ദേശമെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല.