Connect with us

Malappuram

പകലില്‍ വിമാനമില്ല: കരിപ്പൂര്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പ്

Published

|

Last Updated

കൊണ്ടോട്ടി: റണ്‍വേ നവീകരണത്തിനായി ഭാഗികമായി അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം പകല്‍ സമയങ്ങളില്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പായി. യാത്രക്കാരുടേയും ബന്ധുക്കളുടേയും തിരക്ക് കാരണം ശബ്ദ മുഖരിതമായിരുന്ന വിമാനത്താവളം ഇന്ന് പകലില്‍ ഒറ്റപ്പെട്ട ആളെപ്പോലും കാണാന്‍ കഴിയുന്നില്ല. വൈകിട്ട് ആറ് മണി മുതല്‍ അടുത്ത ദിവസം കാലത്ത് പത്ത് മണി വരെ മാത്രമെ നിലവില്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുള്ളൂ. പകലില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്ന അടുത്ത ഒക്‌ടോബര്‍ വരെ സര്‍വീസ് ഈ രൂപത്തില്‍ തന്നെയാണ്ക്രമീകരിച്ചത്. ഇതോടെ വിമാനത്താവളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും വഴി മുട്ടിയിരിക്കുകയാണ്. വിമാനത്താവളത്തിന് സമീപമുള്ള കടകള്‍ പകലില്‍ തുറക്കുന്നില്ല. രാത്രിയില്‍ കച്ചവടവും കുറവാണ്. ഓട്ടോ, ടാക്‌സി ജീവനക്കാരും പ്രയാസപ്പെടുന്നു. വിമാനത്താവളവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട് നൂറുക്കണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്.
റണ്‍വേ നവീകരണം പൂര്‍ത്തിയായാലും ഇവിടെ നിന്ന് പിന്‍വലിച്ച വിമാനങ്ങള്‍ തിരിച്ചു വരില്ലെന്നാണ് അധികൃതരില്‍ നിന്ന് വ്യക്തമാകുന്നത്. കരിപ്പൂരിലെ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള നീളമില്ലെന്നാണ് ഡി ജി സി എ പറയുന്നത്. റണ്‍വേ വികസനം ഇനി കരിപ്പൂരില്‍ സാധ്യമല്ലെന്നും പരിസ്ഥിതി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബറില്‍ കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കുന്നതോടെ കരിപ്പൂര്‍ വിമാനത്താവളം വീണ്ടും അധഃപതനത്തിലേക്ക് കൂപ്പു കുത്തുകയാകും ഫലം. കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെ കണ്ണൂര്‍, കോയമ്പത്തൂര്‍, മുംബൈ ലോബികള്‍ നേരത്തെ തന്നെ ചരടു വലിക്കുന്നുണ്ട്.

Latest