Connect with us

Articles

ബീഹാറിന്റെ പേരില്‍ ഇടതുപക്ഷത്തിനു നേരെയോ?

Published

|

Last Updated

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിധി തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ വന്ന ജനവിധിയുടെ അടിസ്ഥാനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി പ്രതികരിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി പ്രമുഖ പത്രങ്ങളില്‍ ബിഹാറില്‍ ബി ജെ പിക്കുണ്ടായ പരാജയത്തെക്കുറിച്ച് ലേഖനമെഴുതി ഇടതുപക്ഷത്തെ ആക്രമിക്കാനാണ് അദ്ദേഹം തയ്യാറായത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച തന്റെ സര്‍ക്കാറിനെക്കുറിച്ചും പരാജയത്തെ സംബന്ധിച്ചും ഒന്നും അദ്ദേഹത്തിനു പറയാനില്ല.
ഒരുകാലത്ത് ബിഹാറില്‍ അധികാരം കൈയാളിയിരുന്ന കോണ്‍ഗ്രസ് തെറ്റായ നയങ്ങളുടെ ഭാഗമായി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് ഈര്‍ക്കില്‍ പാര്‍ട്ടിയായി മാറി. ഇതേക്കുറിച്ച് പറയാതെ ബിഹാറിന്റെ പേരില്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ നടത്തുന്ന ശ്രമം വിസ്മയകരമാണ്.ബിഹാറില്‍ ഇടതുപക്ഷകക്ഷികള്‍ യോജിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മത്സരിക്കാത്ത സീറ്റുകളില്‍ മഹാ സഖ്യത്തിന് പിന്തുണ നല്‍കുകയും ചെയ്തു. നാല് ശതമാനം വോട്ടും മൂന്നു സീറ്റുമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ബിജെ പിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷം ഇതെല്ലാം നേടിയത്. ബി ജെ പിക്കെതിരെ ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം നടത്തിയത്. ഇത് ബി ജെ പിക്കെതിരായ വികാരം സൃഷ്ടിക്കുന്നതിന് ഇടയാക്കി. നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരായ ജനവികാരമൊന്നാകെ ബി ജെ പിക്ക് അനുകൂലമായി മാറാതിരുന്നതും ഇടതുപക്ഷം സ്വീകരിച്ച സമീപനത്തിന്റെ ഫലമാണ്. ബി ജെ പിക്കെതിരായ മഹാസഖ്യത്തില്‍ നിന്ന് ഇടതുപക്ഷം മാറിനിന്നു എന്നുപറയുന്ന കോണ്‍ഗ്രസ്, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി എന്തുകൊണ്ട് സഖ്യം ചേര്‍ന്നില്ല എന്നതുകൂടി വിശദീകരിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വ്യക്തത നല്‍കും.
ബി ജെ പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതും വര്‍ഗീയതക്കെതിരെ പൊരുതുന്നതും കോണ്‍ഗ്രസാണെന്ന അവകാശവാദമാണ് ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്. 1977ല്‍ ജനതാ സര്‍ക്കാരിന് പിന്തുണ നല്‍കിയ കാര്യം പറയുന്നുണ്ട്. ഇവിടെ ഉമ്മന്‍ ചാണ്ടി മറന്നുപോയ ചരിത്രം, അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള നിലപാടായിരുന്നു ഇടതുപക്ഷം സ്വീകരിച്ചത് എന്നതാണ്. അടിയന്തരാവസ്ഥ ശരിയല്ലെന്ന് പ്രഖ്യാപിച്ചാണ് പില്‍ക്കാലത്ത് ആന്റണിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞത്.. 1977ല്‍ കോണ്‍ഗ്രസിനെ ഇടതുപക്ഷ പിന്തുണയോടെ പരാജയപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അടിയന്തരാവസ്ഥ ഭരണത്തിന്റെ കൂടെത്തന്നെ ഉമ്മന്‍ ചാണ്ടി തുടരുമായിരുന്നില്ലേ? ഇന്ദിര ഗാന്ധിക്കെതിരെ സംസാരിക്കാന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ധൈര്യം ലഭിച്ചത് അടിയന്തരാവസ്ഥാ ഭരണം അവസാനിപ്പിച്ചത് കൊണ്ടല്ലേ? അന്നത്തെ സര്‍ക്കാരില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍പ്പെട്ടവരുമായാണ് ബിഹാറില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണി ഉണ്ടാക്കിയത് എന്നതും ഉമ്മന്‍ ചാണ്ടി മറന്നു.
വി പി സിംഗ് സര്‍ക്കാറിനെ സംബന്ധിച്ചും പരാമര്‍ശമുണ്ടായി. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള രഥയാത്ര തടഞ്ഞതിന്റെ പേരില്‍ വി പി സിംഗ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തെ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടും പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് വി പി സിംഗ് സര്‍ക്കാര്‍ നടത്തിയ ഇടപെടലും രാജ്യത്ത് സാമൂഹിക നീതിയുടെ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭാവന ചെയ്തു. രഥയാത്ര തടയുന്നത് ഉള്‍പ്പെടെയുള്ള നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ കാര്യത്തിലും ഇടതുപക്ഷത്തിന് ഏറെ അഭിമാനമുണ്ട്. വി പി സിംഗ് ബി ജെ പിയില്‍ നിന്ന് പിന്തുണ തേടിയെന്ന ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശത്തിന് മറുപടിപറയാന്‍ ഏറ്റവും യോഗ്യന്‍ എം പി വീരേന്ദ്രകുമാറാണ്. ആ മറുപടിക്ക് കേരളം കാതോര്‍ക്കുന്നുണ്ട്.
രാജ്യത്തിന്റെ മതേതരപാരമ്പര്യത്തിന്റെ അടിത്തറ തകര്‍ത്ത സംഭവമായിരുന്നു ബാബറി മസ്ജിദ് തകര്‍ത്തത്. മസ്ജിദ് സംരക്ഷിക്കുന്നതിന് എല്ലാ പിന്തുണയും ഇടതുപക്ഷം മുന്‍കൂട്ടിത്തന്നെ കോണ്‍ഗ്രസ് സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍, അത് ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിനു പകരം സംഘപരിവാറിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍.
വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഹിന്ദുവര്‍ഗീയവാദികള്‍ കുത്തിപ്പൊക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അത്തരം ആക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുവരാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായില്ല. ശ്രീകൃഷ്ണ പോലുള്ള കമീഷന്‍ റിപ്പോര്‍ട്ടുകള്‍ കലാപങ്ങള്‍ക്ക് നേതൃത്വംകൊടുത്തവരെ പേരെടുത്ത് പറഞ്ഞു നിയമത്തിന്റെ മുന്നില്‍ ക്കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അത്തരമൊരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതുകൊണ്ടാണ് ഇത്തരക്കാര്‍ രക്ഷപ്പെട്ടത്.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് നിരവധി മന്ത്രിസ്ഥാനങ്ങള്‍ വച്ചുനീട്ടിയിട്ടും അതൊന്നും സ്വീകരിക്കാതെ ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനു തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് പിന്തുണ നല്‍കിയത് ഇടതുപക്ഷമാണ്. ഒരു ഘട്ടത്തിലും സംഘപരിവാറിന്റെ അജന്‍ഡകളുമായി യോജിച്ചുപോകുന്ന സമീപനം ഇടതുപക്ഷം സ്വീകരിച്ചിട്ടില്ല. എന്നാല്‍, മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബി ജെ പിയും കോണ്‍ഗ്രസും മുഖാമുഖം ഏറ്റുമുട്ടിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകരുകയും ബി ജെ പി അധികാരത്തിലെത്തുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായത്.
കേരളത്തില്‍ ഇന്നേവരെ ബി ജെ പിക്ക് പാര്‍ലമെന്റിലോ നിയമസഭയിലോ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. എന്നാല്‍, അവര്‍ക്ക് അതിനുള്ള അവസരമൊരുക്കി കോ-ലീ-ബീ സഖ്യം സൃഷ്ടിച്ചതില്‍ കോണ്‍ഗ്രസിന്റെ നേതൃപരമായ പങ്കാളിത്തം ആര്‍ക്കാണ് നിഷേധിക്കാനാവുക? തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി ജെ പിക്ക് നല്‍കിയ എത്രയോ സംഭവങ്ങള്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കപ്പെട്ടതാണ്. കോണ്‍ഗ്രസുകാര്‍തന്നെ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
ബി ജെ പി കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ നടത്തിയ മഹാസഖ്യമായിരുന്നല്ലോ നൂറിലേറെ ജാതിസംഘടനകളുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്. ഇത് കേരളത്തിന്റെ മതേതരപാരമ്പര്യത്തെ തകര്‍ക്കുമെന്നു പറഞ്ഞ് ഇടതുപക്ഷ ശക്തികള്‍ സര്‍വശക്തിയും ഉപയോഗിച്ച് മഹത്തായ മതേതരസംസ്‌കാരം സംരക്ഷിക്കാന്‍ പോരാടി. ഈ ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയും സംഘവും ചെയ്തതെന്താണ്? എതിര്‍ത്തില്ലെന്നു മാത്രമല്ല, ഘടകകക്ഷികള്‍ക്കു പോലും വോട്ടുനല്‍കാതെ ബി ജെ പിക്ക് മറിച്ചുനല്‍കിയ സംഭവങ്ങളല്ലേ അരങ്ങേറിയത്? തങ്ങളെ വഞ്ചിച്ചുവെന്ന് വീരേന്ദ്രകുമാറും ആര്‍ എസ് പിക്കാരും പരസ്യമായി പ്രഖ്യാപിക്കാന്‍ ഇടയായത് ഈ ബി ജെ പി പ്രേമം കൊണ്ടാണെന്നത് ആര്‍ക്കാണ് അറിയാത്തത്?
കേരള ഹൗസില്‍ പൊലീസ് കയറി പരിശോധന നടത്തിയപ്പോള്‍ ശക്തമായ പ്രതിഷേധം എല്‍ ഡി എഫ് ഉയര്‍ത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് മിട്ടാണ്ടമുണ്ടായിരുന്നോ? ബീഫിന്റെ പേരില്‍ രാജ്യത്താകമാനം സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അത് ഇവിടെ പ്രസക്തമല്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നില്ലേ ഉമ്മന്‍ചാണ്ടി? തൊഗാഡിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് അവരെ സഹായിച്ചതും ഉമ്മന്‍ചാണ്ടിയല്ലേ? എം ജി കോളേജില്‍ പൊലീസ് ഓഫീസറെ വധിക്കാന്‍ ആര്‍ എസ് എസുകാര്‍ നടത്തിയ ശ്രമത്തിനെതിരായ കേസും സി പി നായരെ വധിക്കാനുള്ള ആര്‍ എസ് എസ് പരിശ്രമത്തിനെതിരായ കേസും പിന്‍വലിച്ചത് ഉമ്മന്‍ ചാണ്ടിതന്നെയല്ലേ?
കേരളത്തില്‍ കടന്നുകയറാനുള്ള ബി ജെ പിയുടെ എല്ലാ അജന്‍ഡകളെയും പ്രതിരോധിച്ച് മതസൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച തിരഞ്ഞെടുപ്പുവിധിയുടെ പശ്ചാത്തലത്തില്‍ കേരളീയരെ ആകെ അപമാനിക്കുന്ന ലേഖനം ആര്‍ എസ് എസ് മുഖപത്രം പ്രസിദ്ധീകരിച്ചു. അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരാണ് കേരളക്കാരെന്നും ഭ്രാന്തന്മാരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും നാടണ് കേരളമെന്നും ആക്ഷേപിച്ചു. കേരളജനതയെ ആകെ അപമാനിക്കുന്ന ഇത്തരമൊരു ലേഖനം വന്നാല്‍ ആദ്യം പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി ആയിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, അക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍പോലും തയ്യാറായില്ല എന്നത് ഉമ്മന്‍ചാണ്ടിയുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നു.
അരുവിക്കരയിലും തദ്ദേശതെരഞ്ഞെടുപ്പിലും അത്തരം നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ സംഘപരിവാറിന്റെ അജന്‍ഡകളെ പ്രതിരോധിച്ചത് ഇടതുപക്ഷമാണ് എന്ന യാഥാര്‍ഥ്യം ആര്‍ക്കും അറിയാവുന്നതാണ്. ആര്‍ എസ് എസ് നേതൃത്വത്തില്‍ എസ് എന്‍ ഡി പി വെള്ളാപ്പള്ളി വിഭാഗത്തെയും അനേകം ജാതി- ഉപജാതി സംഘടനാ നേതൃത്വത്തെയും കൂടെനിര്‍ത്തി ആരംഭിക്കുന്ന “സമത്വയാത്ര” വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുകണ്ട് ഇതിനെതിരെ ജനങ്ങളെ അണിനിരത്താന്‍ നേതൃത്വംകൊടുക്കുന്നത് സി പി എമ്മാണ്. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്ന നീക്കത്തിനെതിരെ ഒരു പ്രതികരണം നടത്താന്‍പോലും ഉമ്മന്‍ ചാണ്ടി തയ്യാറായിട്ടില്ല.
സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ശക്തമായി പൊരുതുന്നത് ഇടതുപക്ഷമാണ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ 17 സിപിഐ എം പ്രവര്‍ത്തകരാണ് സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായത്. കേരളത്തില്‍ അടിപതറിയപ്പോള്‍ ബിഹാറിന്റെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള കള്ളപ്രചാരവേലയെ മതനിരപേക്ഷവാദികള്‍ തള്ളിക്കളയും.

Latest