വിഫലമായ വികേന്ദ്രീകരണമോ?

സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് കേരള സംസ്ഥാനമാണ്. ഗ്രാമസഭ, വികസന സെമിനാര്‍, ജില്ലാ പ്ലാനിംഗ് കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ വഴി പദ്ധതി രൂപവത്കരണവും നിര്‍വഹണവും നടത്തുന്നുണ്ട്. കാര്യങ്ങള്‍ 'പുറത്ത് നിന്നും' നോക്കിയാല്‍ എല്ലാം ഭദ്രം. എന്നാല്‍, അല്‍പ്പമൊന്ന് ഉള്ളിലേക്കിറങ്ങിയാല്‍ കാഴ്ച വ്യത്യസ്തം. അധികാരം ജനങ്ങളിലേക്കെത്തിക്കേണ്ട അയല്‍ക്കൂട്ടങ്ങളും ഗ്രാമസഭകളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ഒറ്റക്കാര്യം നോക്കിയാല്‍ സംഗതി വ്യക്തം. ഒരു തദ്ദേശ സ്ഥാപനം പോലും വോട്ടര്‍മാരുടെ പത്ത് ശതമാനം എന്ന നിലക്ക് ജനങ്ങളെ ഗ്രാമസഭകളില്‍ പങ്കെടുപ്പിക്കുന്നില്ല. 'ജനങ്ങള്‍ക്ക് താത്പര്യമില്ല' എന്നാകും ജനപ്രതിനിധികളുടെ പൊതു പരാതി. എന്നാല്‍ എല്ലാം കക്ഷി ഗ്രൂപ്പ് വ്യക്തി താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുന്ന ജനത എന്തിന് സമയം കളഞ്ഞ് ഗ്രാമസഭകളില്‍ പോകണം?
Posted on: November 23, 2015 4:28 am | Last updated: November 25, 2015 at 6:43 pm
SHARE

local bodyവാശിയേറിയ ഒരു തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണകര്‍ത്താക്കളായി ജനപ്രതിനിധികള്‍ സ്ഥാനമേറ്റിരിക്കുന്നു. ഓരോ കക്ഷികളും മുന്നണികളും ജയപരാജയങ്ങളുടെ കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ നാം ഞെട്ടിപ്പോകുന്നു. മുന്നണി, കക്ഷി ബന്ധങ്ങളൊക്കെ അപ്രസക്തമാക്കുന്ന തരത്തില്‍ റിബലുകളും കൂറുമാറ്റവും തരത്തിന് നടക്കുന്നു. തുച്ഛമായ ശമ്പളം മാത്രമുള്ള ജനപ്രതിനിധി സ്ഥാനം നേടാന്‍ ലക്ഷങ്ങളാണ് ഓരോരുത്തരും മുടക്കിയത്. ഇത് ജനക്ഷേമ താത്പര്യം കൊണ്ടാണെന്നാരും കരുതാനിടയില്ല. മറിച്ച് മുടക്കുമുതല്‍ വന്‍ ലാഭത്തോടെ തിരിച്ചുപിടിക്കാന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കഴിയുമെന്നവര്‍ക്കറിയാം. അധികാരം നേടാനും നിലനിര്‍ത്താനും ഏതു വഴിയും തേടാം. അതിനാവശ്യമായ പ്രത്യയശാസത്ര വ്യാഖ്യാനങ്ങള്‍ ‘പ്രാദേശികമായു’ണ്ടാക്കുന്നു. ഇരുട്ടി വെളുക്കുമ്പോള്‍ കൂറു മാറുന്നത് അവരുടെ ‘പ്രത്യയശാസ്ത്ര’ ദാര്‍ഢ്യം കൊണ്ടാണല്ലോ. ഒരു കക്ഷിക്കും ഒരുവിധ മഹത്വവും അവകാശപ്പെടാനില്ല.
ഇപ്പോള്‍ അതെല്ലാം തീര്‍ന്നു. ഭരണസമിതികള്‍ക്ക് നാഥന്മാരും നാഥകളും ഉണ്ടായിരിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം ഇവര്‍ എന്ത് ചെയ്യുമെന്നതാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. കേരളത്തില്‍ അധികാര വികേന്ദ്രീകരണം നടപ്പിലായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഇന്ത്യക്കാകെ മാതൃകയെന്ന് കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ബാക്കിപത്രം എന്താണ്?
സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ (ശതമാനം) തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് കേരള സംസ്ഥാനമാണ്. (33 ശതമാനം ശരാശരി). ഗ്രാമസഭ, വികസന സെമിനാര്‍, ജില്ലാ പ്ലാനിംഗ് കമ്മിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ വഴി പദ്ധതി രൂപവത്കരണവും നിര്‍വഹണവും നടത്തുന്നുണ്ട്. കാര്യങ്ങള്‍ ‘പുറത്ത് നിന്നും’ നോക്കിയാല്‍ എല്ലാം ഭദ്രം. എന്നാല്‍, അല്‍പ്പമൊന്ന് ഉള്ളിലേക്കിറങ്ങിയാല്‍ കാഴ്ച വ്യത്യസ്തം. അധികാരം ജനങ്ങളിലേക്കെത്തിക്കേണ്ട അയല്‍ക്കൂട്ടങ്ങളും ഗ്രാമസഭകളും (വാര്‍ഡു സഭകള്‍ നഗരങ്ങളില്‍) എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ഒറ്റക്കാര്യം നോക്കിയാല്‍ സംഗതി വ്യക്തം. ഒരു തദ്ദേശ സ്ഥാപനം പോലും വോട്ടര്‍മാരുടെ പത്ത് ശതമാനം എന്ന നിലക്ക് ജനങ്ങളെ ഗ്രാമസഭകളില്‍ പങ്കെടുപ്പിക്കുന്നില്ല. ‘ജനങ്ങള്‍ക്ക് താത്പര്യമില്ല’ എന്നാകും ജനപ്രതിനിധികളുടെ പൊതു പരാതി. എന്നാല്‍ എല്ലാം കക്ഷി ഗ്രൂപ്പ് വ്യക്തി താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുന്ന ജനത എന്തിന് സമയം കളഞ്ഞ് ഗ്രാമസഭകളില്‍ പോകണം? യഥാര്‍ഥ ഗ്രാമസഭകള്‍ നടക്കുന്നത് ജനകീയ സമരങ്ങളുള്ള പഞ്ചായത്തുകളിലാണ്. പാറമടകള്‍ക്കും മണല്‍ ഖനനത്തിനും മലിനീകരണത്തിനും മറ്റുമെതിരായി പോരാടുന്ന ജനങ്ങള്‍ ആവശ്യപ്പെട്ട് ഗ്രാമസഭ വിളിക്കുകയും അതില്‍ മഹാഭൂരിപക്ഷവും ചേര്‍ന്ന് ഒരു തീരുമാനമെടുക്കുകയും ചെയ്താലും അതെല്ലാം രാഷ്ട്രീയ കക്ഷികള്‍ അട്ടിമറിക്കുന്ന കാഴ്ചയാണ് കാണുന്നത്. വ്യക്തിഗത ആനുകൂല്യങ്ങള്‍ കിട്ടേണ്ടവര്‍ മാത്രം ഗ്രാമസഭകളില്‍ പോകുന്നു ഇന്ന്.
ഭരണം സുതാര്യമാകും, അഴിമതി കുറയും എന്നൊക്കെ തുടക്കകാലത്ത് പ്രസംഗിച്ചു നടന്ന വ്യക്തിയാണ് ഈ ലേഖകന്‍. നേരത്തെ സൂചിപ്പിച്ചതുപോലെ, പഞ്ചായത്തുകളിലടക്കം അനേക ലക്ഷങ്ങളുടെ വന്‍ കൊള്ളയാണ് നടക്കുന്നത്. അതില്‍ കക്ഷിഭേദമൊന്നുമില്ല. തിരഞ്ഞെടുപ്പില്‍ കണ്ട മത്സരമില്ല, വ്യക്തമായും പങ്കുവെപ്പ് തന്നെയാണ്. ചില അനുഷ്ഠാന പ്രയോഗങ്ങളൊഴിച്ചാല്‍ ഒരു പഞ്ചായത്തിലും നഗരസഭയിലും ഭരണക്കാരുടെ അഴിമതി തുറന്നുകാട്ടാന്‍ മുതിരാറില്ല. അധികാരത്തോടൊപ്പം അഴിമതിയും വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
കൃഷി, ചെറുകിട ജലസേചനം, മൃഗസംരക്ഷണം, വിദ്യാലയങ്ങള്‍(സെക്കന്‍ഡറി തലം വരെ), ആശുപത്രികള്‍(ജില്ലാ ആശുപത്രി വരെ), വനിതാ ശിശുക്ഷേമം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം തുടങ്ങി നിരവധി നിര്‍ണായക മേഖലകളില്‍ ഇവര്‍ക്ക് നിയന്ത്രണമുണ്ട്. ഉത്പാദന- സേവന- പശ്ചാത്തല മേഖലകളായി തിരിച്ച് പദ്ധതികള്‍ തയ്യാറാക്കണം. വനിതാ ക്ഷേമം പ്രത്യേകം വേണം. പട്ടിക ജാതി ഫണ്ടുകള്‍ മാറ്റിച്ചെലവഴിക്കാന്‍ പാടില്ല. ഇതൊക്കെ ശരി. പക്ഷേ, കൃഷിയടക്കമുള്ള ഉത്പാദന മേഖലകളില്‍ കേരളം ഏറെ പിന്നാക്കം പോയ രണ്ട് പതിറ്റാണ്ടുകളാണിത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനും ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നത് പരമാവധി വൈകിപ്പിക്കാനും ഉണ്ടാക്കുന്ന ഡാറ്റാ ബേങ്ക് സര്‍വത്ര തെറ്റുള്ളതാക്കാനും മത്സരിക്കുകയായിരുന്നു പഞ്ചായത്തുകള്‍. ഏഴ് വര്‍ഷമായി സ്വന്തം പഞ്ചായത്തിലെ ഭൂമിയുടെ ‘സ്ഥിതി’ രേഖപ്പെടുത്താന്‍ കഴിയാതിരിക്കുന്നത് മിക്കവാറും എല്ലാ കക്ഷികളും പാടം നികത്തലില്‍ പങ്കുകാരായിരുന്നു എന്നതിനാലാണ്.
പാറമടകള്‍ക്കെതിരെ ഇരുനൂറോളം സ്ഥലങ്ങളില്‍ ശക്തമായ സമരങ്ങള്‍ നടക്കുന്നുണ്ട്. കക്ഷിഭേദമന്യേ ജനപ്രതിനിധികള്‍ കൊള്ളക്കാര്‍ക്കൊപ്പമാണ്. പലേടത്തും ജനങ്ങളും പാറമടക്കാരും തമ്മിലായിരുന്നു തിരഞ്ഞെടുപ്പ് മത്സരം. തിരുവനന്തപുരം ജില്ലയിലെ മൂക്കുത്തിമല(പള്ളിച്ചാല്‍ പഞ്ചായത്ത്) വെള്ളറട, പത്തനംതിട്ടയിലെ കലഞ്ഞൂര്‍, കോട്ടയത്തെ കുട്ടിക്കല്‍, പാലക്കാട് ജില്ലയിലെ മുതലമട തുടങ്ങി പലയിടത്തും സമര സമിതികള്‍ നേരിട്ട് തിരഞ്ഞെടുപ്പില്‍ ഇടപെട്ടു. കക്ഷിഭേദമന്യേ പാറമടക്കാര്‍ പണമൊഴുക്കി പലരേയും ജയിപ്പിച്ചെടുത്തിരിക്കുന്നു. പാരിസ്ഥിതികാനുമതിക്കുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുന്നു എന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം ഈ ലോബികളെയും രാഷ്ട്രീയ നേതാക്കളെയും ആവേശഭരിതരാക്കിയിട്ടുണ്ട്. എല്ലാ പുഴകളും മണല്‍വാരി നശിപ്പിക്കുന്നതിലും കക്ഷികള്‍ തമ്മില്‍ മത്സരമാണല്ലോ.
കൃഷിയെന്നാല്‍ ചില വിതരണങ്ങള്‍ മാത്രം. സമഗ്രമായ ഒരു സമീപനമില്ല. ചെറുകിട ജലസേചനമെന്നാല്‍, തോടുകളുടെ വശങ്ങള്‍ കെട്ടലാണ്. യഥാര്‍ത്തില്‍ ഇത് കൈയേറ്റക്കാരെ സഹായിക്കാനും റോഡ് നിര്‍മാണത്തിനും വേണ്ടിയാണ്. ഇതുവഴി ഉത്പാദനമേഖലയെന്ന മറവില്‍ പശ്ചാത്തല മേഖലയില്‍ പണം ചെലവഴിക്കാം. നിര്‍മാണ പ്രവൃത്തികളിലാണ് താത്പര്യം. അതില്‍ വന്‍ അഴിമതി സാധ്യതയുണ്ട്. പല കെട്ടിടങ്ങളും നിര്‍മിച്ച ശേഷം ഒന്നും ചെയ്യാതെ കിടന്നു നശിച്ചുപോകുന്നു. പ്രത്യേകിച്ചും പട്ടികജാതി – വനിതാ ക്ഷേമത്തിനായുള്ള പണമാണ് ഇത്തരത്തില്‍ കൊള്ളയടിക്കപ്പെടുന്നത്.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍ തമ്മില്‍ പോലും യാതൊരുവിധ ബന്ധവും ഉണ്ടാകാറില്ല. ‘ജില്ലാ പദ്ധതി’ തുടങ്ങിയ വാഗ്ദാനങ്ങള്‍ വെറും കടലാസിലെ എഴുത്ത് മാത്രം.
തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും അടിസ്ഥാന ധര്‍മങ്ങളിലൊന്നായ മാലിന്യ സംസ്‌കരണം തന്നെ നല്ല ഉദാഹരണം. ഒരൊറ്റ സ്ഥാപനത്തിന് പോലും ഒന്നും ചെയ്യാനാകുന്നില്ല. എന്നാല്‍ ഇതിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നു. ജനങ്ങള്‍ ഗതികെട്ട് സമരമുഖത്തെത്തുന്നു. ശാസ്ത്രീയവും വികേന്ദ്രീകൃതവുമായി മാലിന്യം കൈകാര്യം ചെയ്യപ്പെട്ടാല്‍ പിന്നെ രാഷ്ട്രീയക്കാര്‍ക്കെന്ത് നേട്ടം? ഫലമോ? നാടാകെ മാലിന്യം, തെരുവു പട്ടികള്‍ പെരുകി ജനജീവിതം ദുസ്സഹം. (അവിടെയും തദ്ദേശ ഭരണക്കാര്‍ക്ക് ലാഭം!)
എന്തുകൊണ്ടിങ്ങനെയായി? നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഘടന കേന്ദ്രീകൃതമാണ് എന്നതാണ് പ്രധാന കാര്യം. മേല്‍കമ്മിറ്റികള്‍ പറഞ്ഞാല്‍ താഴെയുള്ളവര്‍ അനുസരിക്കണം. എന്നാല്‍, പഞ്ചായത്തി രാജ് നിയമം നേര്‍വിപരീതമാണ്. ഒരു പഞ്ചായത്തിലെ പദ്ധതികള്‍ സംബന്ധിച്ച അന്തിമാധികാരം പഞ്ചായത്തിനാണ്. ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകള്‍ക്ക് യാതൊരധികാരവും ഇല്ല. പഞ്ചായത്തു പദ്ധതികള്‍ ഏകോപിപ്പിക്കണം. ഈ വൈരുധ്യമാണ് നിരവധി റിബലുകളെ സൃഷ്ടിക്കുന്നത്. ഒപ്പം അഴിമതിയുടെ ബാഹുല്യവും കൂടിയാകുമ്പോള്‍ പാര്‍ട്ടി ഘടകങ്ങളെയാകെ ലോബികള്‍ വിലക്കെടുക്കുന്നു. ഇന്ന് ഒരു പാര്‍ട്ടിയും ആശയങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ ബലത്തിലല്ല നില്‍ക്കുന്നത്. മറിച്ച്, ആമാശയാവശ്യങ്ങളുടെ അഥവാ, അഴിമതിയുടെ പശകൊണ്ടാണവര്‍ വ്യക്തികളെ ഒട്ടിച്ചുചേര്‍ക്കുന്നത്. ഏത് വ്യക്തിക്കും പാര്‍ട്ടി ഘടകത്തിനും കൂടുതല്‍ ‘പശ’യുള്ളിടത്തേക്ക് മാറാം.
ഈ വിവരണം ഇനിയും നീട്ടുന്നില്ല. പുതിയ ഭരണസമിതികളില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ? ഉണ്ടാകാന്‍ വഴിയില്ല. സ്വന്തം പാര്‍ട്ടി അണികളെയും ലോബികളെയും സന്തോഷിപ്പിക്കുന്നതിനപ്പുറം ജനതാത്പര്യം പരിഗണിക്കാന്‍ കഴിയുന്ന യഥാര്‍ഥ അധികാര വികേന്ദ്രീകരണം എന്നുണ്ടാകാന്‍?

LEAVE A REPLY

Please enter your comment!
Please enter your name here