Connect with us

Editorial

സാമ്പത്തിക പരിഷ്‌കരണം ആര്‍ക്ക് വേണ്ടി?

Published

|

Last Updated

രാജ്യത്ത് 15 മേഖലകളില്‍ കൂടി നേരിട്ടുള്ള വിദേശ നിക്ഷേപം ഉദാരമാക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം വരാനിരിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ആര്‍ എസ് എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ജും ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബി എം എസും ഈ തീരുമാനത്തിനെതിരെ ശക്തിമായി രംഗത്തുവന്നു കഴിഞ്ഞു. ഉദാരവത്കരണ നയങ്ങളില്‍ കോണ്‍ഗ്രസിന് ബി ജെ പിയുമായി അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെങ്കിലും പാര്‍ലിമെന്റിനെ മറികടന്ന് തീരുമാനമെടുത്തുവെന്ന നിലപാടുയര്‍ത്തിയാണ് അവര്‍ എതിര്‍ക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലും പാര്‍ലിമെന്റില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യം ഉണ്ടാകുമെന്നുറപ്പാണ്.
ബീഹാറില്‍ ഭരണകക്ഷിക്കേറ്റ തിരിച്ചടി സാമ്പത്തിക പരിഷ്‌കരണത്തെ പിന്നോട്ടടിപ്പിക്കില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനെതിരെ ജനം വിധിയെഴുതിയതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ജനാഭിലാഷം പരിഗണിക്കാതെ നടത്തിയ സാമ്പത്തിക പരിഷ്‌കരണ നടപടികളായിരുന്നു. സ്വകാര്യവത്കരണവും കോര്‍പറേറ്റ്‌വത്കരണവും ആഭ്യന്തര ഉത്പാദന മേഖലകളില്‍ കനത്ത ആഘാതം ഏല്‍പ്പിക്കുകയും കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ ദുരിതത്തിലകപ്പെടുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസിനെ ജനം വലിച്ച് താഴെയിട്ടത്. കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമ്പത്തിക നയം ബി ജെ പിയില്‍ നിന്ന് പ്രതീക്ഷിക്കാനില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും സാമ്പത്തിക പരിഷ്‌കരണത്തില്‍ മനുഷ്യമുഖം നല്‍കുമെന്നും ആഭ്യന്തര ഉത്പാദന മേഖലകളെ ശക്തിപ്പെടുത്തുമെന്നും ബി ജെ പി നേതാക്കള്‍ ഘോര ഘോരം വാഗ്ദാനം ചെയ്തപ്പോള്‍ ചില മാറ്റങ്ങള്‍ ജനം പ്രതീക്ഷിച്ചു. കോണ്‍ഗ്രസിനേക്കാള്‍ വേഗത്തിലും ആഴത്തിലും കോര്‍പറേറ്റ് അനുകൂല പരിഷ്‌കരണത്തിന് മുതിരുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. മേക് ഇന്‍ ഇന്ത്യ എന്ന് മുദ്രാവാക്യം മുഴക്കുമ്പോഴും പുറത്തേക്കാണ് മോദിയുടെ കണ്ണ്.
സാമ്പത്തിക മാന്ദ്യം ലോകരാജ്യങ്ങളെയാകെ പിടിച്ചുലച്ചപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകള്‍ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി അസ്തമിച്ചിട്ടില്ലാത്തതിനാലാണ്. പരിഷ്‌കരിക്കേണ്ടെന്ന് ആരും പറയില്ല. കെട്ടിനിര്‍ത്തപ്പെട്ട വെള്ളം പോലെ സമ്പദ്‌വ്യവസ്ഥ നിശ്ചലമാകുന്നതും ശരിയല്ല. വിദേശനാണ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യവുമാണ്. വിദേശ മൂലധനമൊഴുക്ക് രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. പക്ഷേ, എത്രമാത്രം ഉദാരമാകാം? എത്രമാത്രം സമ്പദ്‌വ്യവസ്ഥ തുറന്നിടാം? തൊണ്ണൂറുകളില്‍ ആഗോളവത്കരണ, ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ വാശിയോടെ നടപ്പാക്കാന്‍ തുടങ്ങിയത് മുതല്‍ രാജ്യം ചോദിക്കുന്ന ചോദ്യങ്ങളാണിവ. 15 മേഖലകളില്‍ കൂടി നേരിട്ടുള്ള വിദേശ നിക്ഷേപം ഉദാരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഈ ചോദ്യങ്ങള്‍ രാജ്യം കൂടുതല്‍ ഉച്ചത്തില്‍ ചോദിക്കുകയാണിപ്പോള്‍.
ഖനനം, നിര്‍മാണം, പ്രതിരോധം, വ്യോമയാനം, പ്രക്ഷേപണം, സ്വകാര്യ മേഖലാ ബേങ്കിംഗ്, മൊത്ത, ചില്ലറ വ്യാപാരം, ഇ കോമേഴ്‌സ് തുടങ്ങി 15 മേഖലകളിലാണ് എഫ് ഡി ഐ വ്യവസ്ഥ പരിഷ്‌കരിക്കുന്നത്. ഓട്ടോമാറ്റിക് റൂട്ടിലൂടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നിക്ഷേപം 5000 കോടിക്ക് മുകളിലാണെങ്കില്‍ മതി. ഡി ടി എച്ച്, കേബിള്‍ നെറ്റ്‌വര്‍ക്ക്, പ്ലാന്റേഷന്‍ എന്നിവയില്‍ വിദേശ നിക്ഷേപം നൂറ് ശതമാനമാക്കി. വാര്‍ത്താ പ്രക്ഷേപണ മേഖലയില്‍ എഫ് ഡി ഐ പരിധി 26ല്‍ നിന്ന് 49 ശതമാനമാക്കി. പ്രധാനമന്ത്രിയുടെ ബ്രിട്ടീഷ് പര്യടനത്തിന് തൊട്ടുമുമ്പാണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടതെന്നത് ശ്രദ്ധേയമാണ്. മറ്റൊരു പ്രധാനകാര്യം പാര്‍ലിമെന്റിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെയാണ് കേന്ദ്ര മന്ത്രിസഭ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. എന്നുവെച്ചാല്‍ കൃത്യമായ പരിശോധനയോ ചര്‍ച്ചയോ നടന്നിട്ടില്ലെന്ന് തന്നെ. രാജ്യത്തെ അസഹിഷ്ണുതയും വിദ്വേഷ രാഷ്ട്രീയവും ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ ക്രൂരമായ ആക്രമണവും മോദി സര്‍ക്കാറിന് ഇരുണ്ട പ്രതിച്ഛായ സമ്മാനിച്ച ഘട്ടത്തില്‍ ഒരിക്കല്‍ കൂടി വിദേശ യാത്രക്കിറങ്ങിയ പ്രധാനമന്ത്രിക്ക് വന്‍ ശക്തികള്‍ക്ക് സമര്‍പ്പിക്കാന്‍ ഒരു സമ്മാനം വേണമായിരുന്നു. അതാണ് ഈ എഫ് ഡി ഐ തീരുമാനം.
വിദേശ മൂലധനം വരുന്നത് സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദളിതുകളെയും നിതാന്തമായ ഭയത്തിലേക്കും ഒറ്റപ്പെടലിലേക്കും തള്ളിവിടുകയും വര്‍ഗീയ ധ്രുവീകരണം ഏറ്റവും ഗുരുതരമായിരിക്കുകയും ചെയ്യുമ്പോള്‍ ആര് നിക്ഷേപം നടത്താനാണിവിടെ? ഈ മൂലധനം കടന്ന് വരുന്നത് ലാഭേച്ഛയോടെയാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആഭ്യന്തര ഉത്പാദന മേഖലയില്‍ കടന്ന് കയറിയും മത്സരത്തില്‍ പല സ്ഥാപനങ്ങളെയും തകര്‍ത്തുമായിരിക്കും വിദേശ മൂലധനം അതിന്റെ അധികാരം സ്ഥാപിക്കുക. മാത്രമല്ല, സമ്പദ്‌വ്യവസ്ഥ ശക്തമായിരിക്കുന്നിടത്തോളം മാത്രമേ ഈ മൂലധനം ഇവിടെ നില്‍ക്കുകയുള്ളൂ. മാന്ദ്യത്തിന്റെ കാലൊച്ച കേള്‍ക്കുമ്പോഴേക്കും ഇവ മുഴുവന്‍ പിന്‍വലിക്കപ്പെടും. എഫ് ഡി ഐ രാജ്യത്തുണ്ടാക്കിയ ഗുണദോഷങ്ങള്‍ സംബന്ധിച്ച് ധവളപത്രമിറക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ജ് ആവശ്യപ്പെടുന്നത് പ്രസക്തമാകുന്നത് ഇവിടെയാണ്.