സ്ത്രീധനത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീം കോടതി

Posted on: November 22, 2015 11:45 pm | Last updated: November 23, 2015 at 12:21 pm
SHARE

supreme-court-indiaന്യൂഡല്‍ഹി: വിവാഹ സമയത്ത് ഭാര്യവീട്ടുകാര്‍ നല്‍കുന്ന സമ്മാനങ്ങളില്‍ ഭര്‍ത്താവിന് ഉടമസ്ഥാവകാശമില്ലെന്നും വേര്‍പിരിയുന്ന അവസ്ഥയില്‍ അത് തിരിച്ചുനല്‍കാതിരിക്കല്‍ വഞ്ചനാകുറ്റമാണെന്നും സുപ്രീം കോടതി. വിവാഹത്തിന് മുമ്പും വിവാഹ വേളയിലും തുടര്‍ന്നും സമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന കാലയളവില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പക്കല്‍ നിന്ന് ഭാര്യക്ക് തിരികെ വാങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പാന്ത് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്. വിവാഹ മോചനം നടന്നുകഴിഞ്ഞാലും വേര്‍പിരിഞ്ഞു ജീവിച്ച കാലത്തെ നടപടി കുറ്റകരമായിരിക്കുമെന്ന ത്രിപുര ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയുള്ള വിധിയിലാണ് ബഞ്ചിന്റെ പരാമര്‍ശം.
സമ്മാനമായി ലഭിച്ച വസ്തുക്കള്‍, വേര്‍പിരിഞ്ഞു കഴിയുന്ന കാലത്ത് ഭാര്യക്ക് തിരികെ നല്‍കാത്തത് ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം കുറ്റമാണെന്നാണ് ബഞ്ചിന്റെ വിധി. ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് ക്രിമിനല്‍ പരാതി നല്‍കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്നും കോടതി വിശദീകരിച്ചു. ഇതുപ്രകാരം സ്ത്രീധനം മടക്കിനല്‍കാത്തത് സാമ്പത്തിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഗാര്‍ഹിക ബന്ധമില്ലെന്നും അതിനാല്‍ ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു കീഴ്‌ക്കോടതി വിധി ശരിവച്ച് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് റദ്ദാക്കിയ സുപ്രീം കോടതി, സ്ത്രീകള്‍ക്കു നേരെ വീട്ടിലുണ്ടാകുന്ന ഏതു തരം പീഡനത്തില്‍നിന്നും സംരക്ഷണം ഉറപ്പാക്കാനുദ്ദേശിച്ചാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട നിയമം 2005ല്‍ പാസാക്കിയതെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള പരാതികള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞ് നടപടികള്‍ അവസാനിപ്പിക്കാതെ മുഴുവന്‍ വശങ്ങളും വിശദമായി പരിഗണിക്കാന്‍ കോടതികള്‍ തയ്യാറാകണമെന്നും അഭിപ്രായപ്പെട്ടു.
ആലംബമറ്റ നിസ്സഹായാവസ്ഥയിലാണ് ഹരജിക്കാരി കോടതിയെ സമീപിക്കുന്നതെന്ന കാര്യം വിസ്മരിക്കരുതെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. സ്ത്രീധനം എന്താണെന്നും അത് സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണെന്നും രശ്മികുമാറും മഹേഷ് കുമാര്‍ ഭാഡയും തമ്മിലുള്ള കേസിലെ (1997) മൂന്നംഗ ബഞ്ചിന്റെ വിധി ഉദ്ധരിച്ചാണ് കോടതി വിശദീകരിച്ചത്. വിവാഹത്തിനു മുന്‍പും വിവാഹ വേളയിലും പിന്നീടും സമ്മാനമായി സ്ത്രീക്കു ലഭിക്കുന്ന വസ്തുക്കള്‍ സ്ത്രീധനമാണ്. അവ സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതും ഇഷ്ടാനുസരണം ഉപയോഗിക്കാനുള്ളതുമാണ്. ഭര്‍ത്താവിന് അതിന്മേല്‍ നിയന്ത്രണമില്ല. ബുദ്ധിമുട്ടുള്ള സമയത്ത് ഭര്‍ത്താവിന് അവ ഉപയോഗിക്കാം. എന്നാല്‍, തുല്യ മൂല്യം പിന്നീടു തിരികെ നല്‍കാന്‍ ഭര്‍ത്താവിന് ധാര്‍മിക ബാധ്യതയുണ്ട്. അപ്പോള്‍, സ്ത്രീധനം രണ്ട് പേരുടേതുമായ പൊതുവസ്തുവല്ല. ഭര്‍ത്താവിന് അതിന്മേല്‍ ഉടമസ്ഥാവകാശമില്ല. സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കി.