ആഴ്ചകള്‍ക്ക് ശേഷം സൂചിക നേട്ടത്തില്‍; മാറ്റമില്ലാതെ രൂപയുടെ മൂല്യം

Posted on: November 22, 2015 11:30 pm | Last updated: November 22, 2015 at 11:30 pm
SHARE

share marketആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ മുന്‍ നിര ഓഹരികളില്‍ നിക്ഷേപത്തിന് കാണിച്ച ഉത്സാഹം പ്രതിവാര നേട്ടത്തിന് വഴിതെളിച്ചു. തുടര്‍ച്ചയായി മൂന്ന് ആഴ്ച്ചകളില്‍ തിരിച്ചടി നേരിട്ട ശേഷമാണ് ഒരു ശതമാനം നേട്ടത്തിലേക്ക് സൂചിക തിരിഞ്ഞത്. ബോംബെ സെന്‍സെക്‌സ് 258 പോയിന്റും നിഫ്റ്റി സൂചിക 94 പോയിന്റും കയറി. മൂന്നാഴ്ച്ചകളിലെ തുടര്‍ച്ചയായ തകര്‍ച്ചക്ക് ഇടയില്‍ സൂചികക്ക് ഏഴ് ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഏഷ്യയിലെ പ്രമുഖ ഓഹരി ഇന്‍ഡക്‌സുകളെല്ലാം കഴിഞ്ഞ വാരം നേട്ടത്തിലാണ്. യൂറോപ്യന്‍ വിപണികള്‍ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരം ദര്‍ശിച്ചു. അമേരിക്കന്‍ ഓഹരി സൂചികളിലും ഉണര്‍വ് കണ്ടു. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാഴാഴ്ച്ച നവംമ്പര്‍ സീരീസ് സെറ്റില്‍മെന്റാണ്. സെറ്റില്‍ മെന്റിന് രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്.
ഇന്നും നാളെയും ശക്തമായ കയറ്റിറക്കം ഇത് മൂലം സൂചികയില്‍ അനുഭവപ്പെടാം. ഗുരുനാനാക്ക് ജയന്ത്രി പ്രാമാണിച്ച് ബുധനാഴ്ച്ച വിപണി പ്രവര്‍ത്തിക്കില്ല.
ബോംബെ സൂചിക തുടക്കത്തിലെ 25,451 ല്‍ നിന്ന് 26,058 വരെ കയറിയ ശേഷം വാരാന്ത്യം 25,868 ലാണ്. ഈ വാരം ഇടപാടുകള്‍ നാല് ദിവസങ്ങളില്‍ ഒതുങ്ങും. സെന്‍സെക്‌സിന് 26,133-26,399 ല്‍ തടസ്സവും 25,185-24,919ല്‍ താങ്ങുണ്ട്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7714 ല്‍ നിന്ന് 7906 വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം 7856 ലാണ്. വിപണിയുടെ സാങ്കേതിക വശങ്ങള്‍ കണക്കിലെടുത്താല്‍ ആര്‍ എസ് ഐ 14, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ കുതിപ്പിനുള്ള നീക്കത്തിലാണ്. 7744 ലെ താങ്ങ് സൂക്ഷിക്കാനായാല്‍ നിഫ്റ്റി 7936-8017 ലേക്ക് ഉയരാം. അതേസമയം തിരിച്ചടിനേരിട്ടാല്‍ 7633-7552ല്‍ താങ്ങുണ്ട്.
ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍െഡക്‌സ് 4.2 ശതമാനവും എഫ് എം സി ജി ഇന്‍ഡക്‌സ് 2.8 ശതമാനവും ഉയര്‍ന്നു. കണ്‍സ്യൂമര്‍, ഓട്ടോമൊബൈല്‍ ഇന്‍ഡക്‌സുകള്‍ രണ്ട് ശതമാനം കയറി. ഐ റ്റി, റിയാലിറ്റി ഇന്‍ഡക്‌സുകള്‍ക്ക് തിരിച്ചടി. ഗെയില്‍ ഇന്ത്യ ഓഹരി വില കുതിച്ചു. ഓഹരി വില 23.55 ശതമാനം വര്‍ധനയിലുടെ 282 രൂപയില്‍ നിന്ന് 348 ലേക്ക് കയറി.
എം ആന്‍ഡ് എം, ഗുജറാത്ത് അംബുജ തുടങ്ങിയവ മികവിലാണ്. സണ്‍ ഫാര്‍മ, ഇന്‍ഫോസീസ്, ടാറ്റ പവര്‍ തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു. വിദേശ ഫണ്ടുകള്‍ കഴിഞ്ഞവാരം 2749 കോടി രൂപയുടെ ഓഹരി വിറ്റു. എന്‍ എസ് ഡി യുടെ കണക്ക് പ്രകാരം ഓഹരി വിപണിയിലും കടപത്രത്തിലുമായി വിദേശ ഫണ്ടുകള്‍ 5459 കോടി രൂപയുടെ വില്‍പ്പന നടത്തി.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ല. രൂപ 66.13 ല്‍ നിന്ന് 66.09 ലേക്ക് കയറി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 41.52 ഡോളറാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1077 ഡോളറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here