ജേക്കബ് തോമസിന്റെ നിലപാട് ശരിവെച്ച് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി

Posted on: November 22, 2015 11:11 pm | Last updated: November 23, 2015 at 9:23 am

jacob-thomasതിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച വന്‍കിട ഫഌറ്റുകള്‍ക്കെതിരെ മുന്‍ ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസ് സ്വീകരിച്ച നടപടി ശരിവച്ച് എ ഡി ജി പി അനില്‍കാന്തിന്റെ റിപ്പോര്‍ട്ട്. 77 വന്‍കിട ഫഌറ്റുകള്‍ക്ക് ജേക്കബ് തോമസ് നോട്ടീസ് നല്‍കിയതാണ് ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനിടയാക്കിയത്. ഫഌറ്റ് നിര്‍മാതാക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പുതിയ മേധാവി നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ജേക്കബ് തോമസിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫഌറ്റ് നിര്‍മാതാക്കള്‍ നല്‍കിയ അപേക്ഷ അനില്‍കാന്ത് നിരസിച്ചു. ചട്ടം ലംഘിച്ച് നേരത്തേ അനുമതി നല്‍കിയ 35 ഫഌറ്റുകളുടെ അനുമതി റദ്ദാക്കണമെന്നു കൂടി ഫയര്‍ഫോഴ്‌സ് മേധാവി ശിപാര്‍ശ ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഫഌറ്റ് നിര്‍മാണത്തിലെ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നുള്ള നിര്‍മാണങ്ങള്‍ക്കെതിരെയാണ് ജേക്കബ് തോമസ് നടപടി സ്വീകരിച്ചത്. 24 മീറ്ററിനു മുകളിലുള്ള 77 ഫഌറ്റുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസ് നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ഫഌറ്റുകളുടെ സംഘടന സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമായിരുന്നു ജേക്കബ് തോമസിന്റെ കസേര തെറിപ്പിച്ചത്.
സെക്രേട്ടറിയറ്റിന്റെ അനക്‌സ് പോലും ഇതുപാലിക്കാതെയാണ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ട് നല്‍കി. ഓരോ വാദങ്ങളും പരിശോധിച്ചാണ് നിലവിലെ ഫയര്‍ഫോഴ്‌സ് എ ഡി ജി പി അനില്‍കാന്ത് ചീഫ്‌സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടത്ര സൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളില്‍ ബഹുനില മന്ദിരങ്ങള്‍ നിര്‍മിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജേക്കബ് തോമസ് സ്വീകരിച്ച നടപടി പൂര്‍ണമായും ശരിവച്ചുകൊണ്ടുള്ളതാണ് പുതിയ മേധാവിയുടെയും റിപ്പോര്‍ട്ട്. കേന്ദ്ര കെട്ടിട നിര്‍മാണ ചട്ടം പാലിക്കേണ്ടതില്ലെന്ന ഫഌറ്റുടമകളുടെ നിലപാടിനെ ഫയര്‍ഫോഴ്‌സ് മേധാവി തള്ളി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ നിലപാടില്‍ മാറ്റമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഫഌറ്റുടമകള്‍ക്കുവേണ്ടി തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്ന ജേക്കബ് തോമസിന്റെ തുറന്നുപറച്ചിലിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് അദ്ദേഹത്തെ ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. കെട്ടിടനിര്‍മാണ ചട്ടങ്ങളെ കുറിച്ച് പരിശോധിക്കാനായുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി എ ഡി ജി പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കും.