സി ബി എസ് ഇ കലോത്സവം: തൃശൂരിന് കിരീടം

Posted on: November 22, 2015 11:04 pm | Last updated: November 22, 2015 at 11:04 pm
SHARE

തൃശൂര്‍: സി ബി എസ് ഇ സംസ്ഥാന കലോത്സവത്തില്‍ ആതിഥേയരായ തൃശൂര്‍ കിരീടം നേടി. നാല് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ 1731 പോയിന്റുമായാണ് തൃശൂര്‍ കലാ കിരീടം സ്വന്തമാക്കിയത്. എറണാകുളം സഹോദയക്കാണ് (1453) രണ്ടാം സ്ഥാനം. 1327 പോയിന്റോടെ മലബാര്‍ സഹോദയ മൂന്നാമതെത്തി. 144 ഇനങ്ങളിലായി നടന്ന മത്സരങ്ങളുടെ ആദ്യ ദിനം മുതല്‍ തന്നെ വ്യക്തമായ ആധിപത്യം തൃശൂര്‍ സഹോദയ പുലര്‍ത്തിയിരുന്നു. സമാപന ദിനമായ ഇന്നലെ വിവിധ കാറ്റഗറികളിലായി മൈം, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, ഒപ്പന, അവതരണ കഥ, മോണോ ആകട്, ഇംഗ്ലീഷ് അവതരണ കഥ, ലളിത ഗാനം, ഓട്ടന്‍തുള്ളല്‍, കുച്ചിപ്പുടി, കോല്‍ക്കളി തുടങ്ങിയമത്സര ഇനങ്ങള്‍ വേദിയിലെത്തി. പ്രധാന വേദിയിലരങ്ങേറിയ കോല്‍ക്കളിയും ഓട്ടന്‍തുള്ളലും മൂകാഭിനയവും അവസാന ദിവസത്തിലെ മുഖ്യ ആകര്‍ഷണമായി.
സ്‌കൂള്‍ അടിസ്ഥാനത്തില്‍ ക്രൈസ്റ്റ് സി എം ഐ പബ്ലിക്ക് സ്‌കൂള്‍ കാഞ്ഞങ്ങാട് (കാസര്‍ക്കോട്) 431 പോയിന്റുമായി ഒന്നാമതെത്തി. സില്‍വര്‍ ഹില്‍സ് പബ്ലിക്ക് സ്‌കൂള്‍ കോഴിക്കോട് (മലബാര്‍ സഹോദയ 419) രണ്ടാമതും, ലേക്ക് ഫോര്‍ഡ് സ്‌കൂള്‍ കാവനാട് (വേണാട് സഹോദയ 361) മൂന്നാമതുമാണ്. സമാപന സമ്മേളനത്തില്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വിതരണം ചെയ്തു.
കോണ്‍ഫെഡറേഷന്‍ ഒഫ് കേരള സഹോദയ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി എന്‍ ജയദേവന്‍ എം പി, കലക്ടര്‍ ഡോ. എ കൗശിഗന്‍, ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിര രാജന്‍, തൃശൂര്‍ സഹോദയ പ്രസിഡന്റ് സി മുഹമ്മദ് റഷീദ്, ദേവമാത പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന, കലാകാരന്മാരായ സ്റ്റീഫന്‍ ദേവസി, മനോജ് ജോര്‍ജ് പസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here