ഇടത് ജനപ്രതിനധികള്‍ക്ക് സ്വീകരണം നല്‍കി; സിപിഐ ബഹിഷ്‌കരിച്ചു

Posted on: November 22, 2015 9:55 pm | Last updated: November 22, 2015 at 9:55 pm
SHARE

പേരാമ്പ്ര: ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ നിന്നും, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടത് ജനപ്രതിനിധികള്‍ക്ക് പേരാമ്പ്രയില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. എന്നാല്‍ ഇടത് ഘടക കക്ഷിയായ സിപിഐ സ്വീകരണ പരിപാടി ബഹിഷ്‌കരിച്ചു. ഇത്തരത്തിലൊരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്ന കാര്യം തങ്ങള്‍ അറിയില്ലെന്നും, എല്‍ഡിഎഫില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും സിപിഐ നേതാവ് എ.കെ. ചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി തിളക്കമാര്‍ന്ന വിജയം പേരാമ്പ്രയില്‍ കൈവരിക്കുകയും, ഘടക കക്ഷിയായ സിപിഐ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സീറ്റുകള്‍ കൂടുതല്‍ നേടി നില മെച്ചപ്പെടുത്തുകയും ചെയ്‌തെങ്കിലും പാര്‍ട്ടിയെ അവഗണിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. പേരാമ്പ്രയിലും, കൂത്താളിയിലും ഓരോ സീറ്റകള്‍ നേടിയതോടെ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ ആറിലും സിപിഐക്ക് പ്രതിനിധികളുണ്ടായെങ്കിലും, ഒരിടത്തും വൈസ് പ്രസിഡണ്ട് സ്ഥാനം പോലും നല്‍കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. സിപിഐയുടെ യുവജന സംഘടന ശക്തമായി ഇക്കാര്യത്തില്‍ ത്രികരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയാണ് സ്വീകരണ യോഗ ബഹിഷ്‌കരണത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ സിപിഐയുടെ പ്രതിഷേധം മുഖവിലക്കെടുക്കാതെ ഇടത് കക്ഷികള്‍ നടത്തിയ സ്വീകണ യോഗം ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്മദ്, പി. ബാലന്‍അടിയോടി, കെ. സുനില്‍, എ.കെ. ബാലന്‍, സുജാത മനക്കല്‍, ഗോപാകൃഷ്ണന്‍ തണ്ടോറപ്പാറ, പി.പി. കൃഷ്ണാനന്ദന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here