ആം ആദ്മി പാര്‍ട്ടിക്ക് ഏകോപിത പ്രവാസി ഘടകം വരുന്നു

Posted on: November 22, 2015 6:42 pm | Last updated: November 22, 2015 at 6:42 pm

am admiദോഹ: ആം ആദ്മി പാര്‍ട്ടിക്ക് പ്രാവാസികള്‍ക്കിടയില്‍ ഏകോപനമുള്ള സാംസ്‌കാരിക സംഘടനക്കു ശ്രമം. വണ്‍ ഇന്ത്യ എന്ന പേരിലാണ് സംഘടന വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നത്. ഇതുവരെ ഏകോപിച്ച സംഘടനാ സംവിധാനം ആയിട്ടില്ലെന്നും രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ടെന്നും വണ്‍ ഇന്ത്യ ഖത്വര്‍ ജന. സെക്രട്ടറി ദിലീപ് കുട്ടി പറഞ്ഞു. ഡല്‍ഹി എം എല്‍ എ ആദര്‍ശ് ശാസ്ത്രി ഉള്‍പെടെ നാലു പാര്‍ട്ടി നേതാക്കള്‍ക്കാണ് എന്‍ ആര്‍ ഐ വിഭാഗത്തിന്റെ ചുമതല. ഇവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ശ്രമിക്കുന്നത്. ഓരോ രാജ്യത്തെയും നിയമങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഇന്ത്യ എന്ന പൊതു സ്വഭാവത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തായിരിക്കും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി വന്ന കാലത്ത് പ്രവാസികളുടെ ഭാഗത്തു നിന്നും പിന്തുണയുണ്ടായിരുന്നു. പലരും ഓണ്‍ലൈനില്‍ മെമ്പര്‍ഷിപ്പെടുക്കുകയും സംഭാവന അയച്ചു കൊടുക്കുകയും ചെയ്തു. പ്രവാസി ഇന്ത്യക്കാരില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ നിരവധിയുണ്ടെന്നു മനസ്സിലാക്കിയാണ് സംഘടന രൂപവത്കരിക്കാന്‍ ശ്രമം നടക്കുന്നത്.
എന്നാല്‍ ഇതു സ്വതന്ത്ര സംഘടനയാണെന്നും തങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചോദനമാകുന്നുണ്ടെന്നും ഖത്വര്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. വിശ്വനാഥന്‍ പറഞ്ഞു. നന്മയാണ് ആഗ്രഹിക്കുന്നത്. ഖത്വറില്‍ ഇതിനകം 300ലധികം പേര്‍ സംഘടനയില്‍ അംഗത്വമെടുക്കാന്‍ തയാറായി. ഇതില്‍ അഭ്യസ്ഥവിദ്യരായ ആളുകളാണ് കൂടുതല്‍. എല്ലാ സംസ്ഥാനത്തു നിന്നുള്ള അംഗങ്ങളും സംഘടനയില്‍ ഉണ്ട്. സ്വാഭാവികമായും പ്രവാസികളിലെ വലിയ സമൂഹമായ മലയാളികളാണ് കൂടുതല്‍. ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച സുതാര്യതാന നയം വണ്‍ ഇന്ത്യയും സ്വീകരിക്കും. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് അനുവദിക്കും. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സംസ്ഥാന വിവേചനം ഇല്ലാതെ എല്ലാവര്‍ക്കും അംഗത്വം നല്‍കുകുയും സാംസ്‌കാരിക വൈവിധ്യങ്ങളെ അവതരിപ്പിക്കാനും ശ്രമിക്കും. ഇംഗ്ലീഷോ ഹിന്ദിയോ ആയിരിക്കും വിനിമയ ഭാഷയായി ഉപയോഗിക്കുകയെന്നും അവര്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് കേരള ജനത പുലര്‍ത്തുന്ന രാഷ്ട്രീയ ധാരണകള്‍ കൊണ്ടാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം അംഗീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി നിശബ്ദമായ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്നും ഡോ. വിശ്വനാഥനും പ്രദീപ് കുട്ടിയും പറഞ്ഞു.