ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ്; ദുബൈ സോണിന് കലാകിരീടം

Posted on: November 22, 2015 5:37 pm | Last updated: November 22, 2015 at 5:37 pm
SHARE

photo 2ഷാര്‍ജ: പൈതൃക കലകളുടെയും സര്‍ഗ പ്രതിഭയുടെയും മത്സര, ആസ്വാദന അരങ്ങു സൃഷ്ടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് ദേശീയ സാഹിത്യോത്സവിന് സമാപനം. 188 പോയിന്റ് നേടി ദൂബൈ സോണ്‍ ചാമ്പ്യന്മാരായി. 150 പോയിന്റോടെ അബുദാബി രണ്ടാം സ്ഥാനവും 147 പോയിന്റില്‍ ഷാര്‍ജ മൂന്നാം സ്ഥാനവും നേടി. അല്‍ ഐന്‍ സോണില്‍ നിന്നുള്ള ഹാശിര്‍ ഹാരിസ് കലാപ്രതിഭയായി. അടുത്ത സാഹിത്യോത്സവ് വേദിയായി അല്‍ ഐനിനെ പ്രഖ്യാപിച്ചു. നാലു വിഭാഗങ്ങളിലായി 40 കലാ സാഹിത്യ ഇനങ്ങളില്‍ ഏഴു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. സമാപനത്തോടനുബന്ധിച്ച് ഒരുക്കിയ കലാസന്ധ്യ ആസ്വദിക്കാന്‍ നൂറു കണക്കിനു പ്രവാസി കുടുംബങ്ങളെത്തി.
സമാപന സമ്മേളനം ഇന്ത്യന്‍ കോണ്‍സുല്‍ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു. രിസാല ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സന്ദേശ പ്രഭാഷണം നടത്തി. വിനോദ് നമ്പ്യാര്‍, ഫാദര്‍ വര്‍ഗീസ്, മുരളി മംഗലത്ത്, അഡ്വ. വൈ എ റഹീം, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി എം എ കബീര്‍, ആര്‍ എസ് സി ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി, ജബ്ബാര്‍ പി സി കെ, ഇ കെ മുസ്ഥഫ സംസാരിച്ചു. ജേതാക്കള്‍ക്ക് വിശിഷ്ടാതിഥികള്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നേരത്തേ ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സാഹിത്യോത്സവ് ഉല്‍ഘാടനം ചെയ്തു. സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, മാതൃഭൂമി ദുബൈ ബ്യൂറോ ചീഫ് പി പി ശശീന്ദ്രന്‍, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ചീഫ് എം സി എ നാസര്‍, മോഹന്‍കുമാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഒ എം അബൂബക്കര്‍, പി എ ഇബ്‌റാഹീം ഹാജി, ബാലകൃഷ്ണന്‍, ബിജു സോമന്‍, മധു നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവാസലോകത്ത് പൈതൃക മാപ്പിള കലകള്‍ക്കും സര്‍ഗാത്മക ധൈഷണികതകള്‍ക്കും അരങ്ങൊരുക്കി രണ്ടു മാസങ്ങളായി നീണ്ടു നിന്ന സാഹിത്യോത്സവുകള്‍ക്കാണ് ഇതോടെ സമാപനമായത്. യൂണിറ്റുകളില്‍ തുടങ്ങുന്ന സാഹിത്യോത്സവ് വേദികള്‍ സെക്ടര്‍, സോണ്‍ തല മത്സരങ്ങള്‍ക്കു ശേഷമാണ് ദേശീയ മത്സരം നടക്കുന്നത്. എല്ലാ ഗള്‍ഫ് നാടുകളിലും ഒരേസമയം ഏകീകൃത രീതിയില്‍ അരങ്ങേറുന്ന പ്രവാസലോകത്തെ ഏക കലാമത്സര വേദികൂടിയാണ് സാഹിത്യോത്സവുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here