മല്‍സരിക്കുന്ന കാര്യം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കുമെന്ന് വിഎസ്

Posted on: November 22, 2015 5:33 pm | Last updated: November 23, 2015 at 9:23 am
SHARE

vs achuthanandanതിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ സന്നദ്ധനാണെന്ന് തുറന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ ആര് നയിക്കുമെന്നത് അന്തരീക്ഷത്തില്‍ ചര്‍ച്ചയായി നില്‍ക്കെയാണ് തന്റെ നിലപാട് വ്യക്തമാക്കി വി എസ് രംഗത്തു വരുന്നത്. താന്‍ മത്സരിക്കണോയെന്ന കാര്യം ജനങ്ങളും കക്ഷികളും തീരുമാനിക്കട്ടെയെന്ന് വി എസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആദ്യം സീറ്റ് നിഷേധിക്കപ്പെട്ട വി എസ് അച്യുതാനന്ദന്‍ ജനവികാരം തനിക്ക് അനുകൂലമാക്കിയാണ് പാര്‍ട്ടി തീരുമാനം തിരുത്തിയത്. ഒരുവിഭാഗം ഘടകകക്ഷികളുടെ പിന്തുണയോടെയായിരുന്നു അന്നത്തെ നീക്കം. സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് വി എസ് കരുക്കള്‍ നീക്കുന്നത്. മത്സരിക്കുന്നതിന് പാര്‍ട്ടിയില്‍ പ്രായപരിധിയില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എല്‍ ഡി എഫിനെ വി എസ് നയിക്കുന്നതാണ് ഉചിതമെന്ന് സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടുകള്‍ കൂടി മനസ്സിലാക്കിയാണ് വി എസ് തന്റെ മത്സര സന്നദ്ധത തുറന്നു പറഞ്ഞിരിക്കുന്നത്.
വീണ്ടും മത്സരിക്കുന്നതില്‍ വിമുഖതയില്ലെന്ന നിലപാട് വ്യക്തമാക്കുന്നതായിരുന്നു വി എസിന്റെ വാക്കുകള്‍. താന്‍ മത്സരിക്കണമോയെന്നു തീരുമാനിക്കുന്നത് പാര്‍ട്ടി മാത്രമല്ല, ജനങ്ങള്‍ക്കും അക്കാര്യത്തില്‍ പങ്കുണ്ടെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കുന്നത്. 2006ലും 2011ലും വി എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ ജനങ്ങളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധമാണ് തീരുമാനം മാറ്റാന്‍ ഇടയാക്കിയത്. ഇത്തവണയും തന്റെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ തീരുമാനമെടുക്കും മുമ്പ് പാര്‍ട്ടി ജനാഭിലാഷം കൂടി കണക്കിലെടുക്കേണ്ടി വരുമെന്ന് പറയാതെ പറയുകയാണ് വി എസ്. ജനങ്ങള്‍ക്കൊപ്പം കക്ഷികളുടെ അഭിലാഷം കൂടിയെന്ന് ചേര്‍ത്തുപറയാന്‍ വി എസ് ശ്രദ്ധിച്ചു. പാര്‍ട്ടി പിന്തുണച്ചില്ലെങ്കിലും ഘടകകക്ഷികള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് വി എസ് പങ്കുവെച്ചത്.
ജനങ്ങളോടുള്ള ബന്ധം തുടരുവോളം നേതാക്കള്‍ക്ക് പൊതുരംഗത്തു നില്‍ക്കാമെന്നും ഇത് വി എസിനും ബാധകമാണെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സീതാറം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ക്കും ഉപരിഘടകങ്ങളിലെ അംഗത്വത്തിനും പ്രായപരിധിയും തുടര്‍ച്ചയായ മൂന്ന് തവണയെന്ന കാലപരിധിയും സി പി എം ബാധകമാക്കിയിട്ടുണ്ട്. ഇതുപ്രകാരം വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ബ്രാഞ്ച്തലം മുതലുള്ള പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ ഒഴിയുകയും ചെയ്തു. എന്നാല്‍, ഈ നിബന്ധന തിരഞ്ഞെടുപ്പുകളില്‍ ബാധകമല്ലെന്ന സൂചനയാണ് യെച്ചൂരി നല്‍കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ നായകന്‍ ആരെന്ന ചര്‍ച്ച ഇരുമുന്നണികളിലും സജീവമായിരുന്നു. സി പി ഐ നിയമസഭാ കക്ഷിനേതാവ് സി ദിവാകരനാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ വിവാദത്തിന് തിരികൊളുത്തിയത്. പിന്നീട് ഈ വിവാദം കെട്ടടങ്ങിയെങ്കിലും യെച്ചൂരിയുടെ അഭിപ്രായ പ്രകടനത്തോടെയാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും വി എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ പിണറായി വിജയനെ മുന്നില്‍ നിര്‍ത്തി മത്സരിക്കുകയെന്നാണ് സി പി എമ്മിനുള്ളിലെ നിലവിലെ ധാരണ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും എസ് എന്‍ സി ലാവ്‌ലിന്‍ കേസ് നിലനിന്നതിനാല്‍ പിണറായി വിജയന്‍ സ്വയംമാറി നില്‍ക്കുകയായിരുന്നു. ഈ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പിണറായിക്ക് മുന്നില്‍ മറ്റു തടസ്സങ്ങളില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വി എസ് ഒരു മുഴം മുമ്പെ എറിയുന്നത്.