ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിക്കൊന്നു

Posted on: November 22, 2015 11:01 am | Last updated: November 22, 2015 at 11:22 pm

BANGLADE

ധാക്ക: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ രണ്ട് പേരെ ബംഗ്ലാദേശ് തൂക്കിലേറ്റി. 1971ലെ വിമോചന യുദ്ധ കാലഘട്ടത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങള്‍ രണ്ട് പേരും ചെയ്തതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യത്തുടനീളം സൈന്യത്തെ ഉപയോഗിച്ച് സര്‍ക്കാര്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്(67), ബംഗ്ലാദേശ് നാഷനാലിസ്റ്റ് പാര്‍ട്ടി നേതാവ് സ്വലാഹുദ്ദീന്‍ ഖാദര്‍ ചൗധരി(66) എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇരുവരുടെയും ദയാഹരജി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ഹാമിദ് തള്ളിയിരുന്നു. വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി കഴിഞ്ഞ ബുധനാഴ്ച ശരിവെക്കുകയും ചെയ്തിരുന്നു. ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് രണ്ട് പേരുടെയും വധശിക്ഷ നടപ്പാക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പേരെയും ഒരേ സമയം വ്യത്യസ്ത തൂക്കുമരങ്ങളിലേറ്റിയാണ് വിധി നടപ്പാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളെ ഇതിന് മുമ്പും ബംഗ്ലാദേശ് തൂക്കിലേറ്റിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവായി അറിയപ്പെടുന്ന മുജാഹിദിനെതിരെ അഞ്ച് കേസുകളാണ് ചുമത്തിയിരുന്നത്. ഈ കേസുകളിലെല്ലാം ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പീഡനം, ബുദ്ധിജീവികളെ കൊലപ്പെടുത്തല്‍, ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവ ഇദ്ദേഹത്തനെതിരെ ചുമത്തപ്പെട്ട കേസുകളാണ്. ചൗധരിക്കെതിരെയും ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരുന്നത്. വംശഹത്യ, മത പീഡനം, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ തെളിയിക്കപ്പെട്ടിരുന്നു.
തങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉന്നയിച്ച് ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയിട്ടുണ്ട്. 2010ലാണ് യുദ്ധക്കുറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ പ്രധാനമന്ത്രി ശേഖ്ഹസീന പ്രഖ്യാപിച്ചത്. 2013 ഡിസംബര്‍, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ ബംഗ്ലാദേശ് തൂക്കിലേറ്റിയിരുന്നു.