Connect with us

Education

വിദ്യാര്‍ഥികളുടെ താത്പര്യത്തിന് പരിഗണന: വി സി

Published

|

Last Updated

തേഞ്ഞിപ്പലം: സര്‍വകലാശാലയുടെ മുഖ്യഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ.കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സെനറ്റംഗങ്ങള്‍ തുടങ്ങിയ ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണ ത്തോടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ബന്ധപ്പെട്ട വിഭാഗങ്ങളുമായി കൂടിയാലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകള്‍ സമയബന്ധിതമായി നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ നല്‍കുന്നതിനുമുള്ള നടപടികള്‍ ജീവനക്കാരുടെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കും. കാലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാര്‍ തികച്ചും വിദ്യാര്‍ഥി സൗഹൃദപരമായാണ് പെരുമാറുന്നതെന്നാണ് ഈ സര്‍വകലാശാലക്ക് കീഴില്‍ വിദ്യാര്‍ഥിയും ഗവേഷകനും അധ്യാപകനുമൊക്കെയായി പ്രവര്‍ത്തിച്ച തന്റെ അനുഭവമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
സര്‍വകലാശാലാ ഓഫീസുകളില്‍ ഫയലുകള്‍ നീങ്ങുന്നതിന് യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലായെന്നത് ശ്രദ്ധേയമാണ്. അഴിമതിയില്ലാത്ത ഈ സംവിധാനത്തിന്റെ ഗുണവശങ്ങള്‍ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചുകാണുന്നില്ല. ഇത് എടുത്തു കാണിക്കേണ്ട ഗുണവശമാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ ആയിരക്കണക്കിന് പരീക്ഷകളുടെ നടത്തിപ്പ് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ഇത് വിജയകരമായി നടക്കുന്നത് ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം കൊണ്ടാണ്. നാക്കിന്റെ ഉന്നത ഗ്രേഡ് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട എല്ലാവരുടെയും യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഭരണവിഭാഗത്തില്‍ റജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദ് പുതിയ വൈസ് ചാന്‍സലറെ സ്വീകരിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി വി.ജോര്‍ജ് കുട്ടി, ഫിനാന്‍സ് ഓഫീസര്‍ കെ പി രാജേഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പസിലെ പഠനവകുപ്പ് മേധാവികള്‍, വിവിധ ഓഫീസ് വിഭാഗം മേധാവികള്‍ എന്നിവരുമായി വൈസ് ചാന്‍സലര്‍ കൂടിക്കാഴ്ച നടത്തി.