ജനസേവകര്‍ക്ക് വിരമിക്കല്‍ പ്രായമില്ല

Posted on: November 22, 2015 4:40 am | Last updated: November 21, 2015 at 11:41 pm

തിരഞ്ഞെടുപ്പു കാലത്ത് രാജ്യത്ത് സജീവ ചര്‍ച്ചയാകുന്ന വിഷയമാണ് പാര്‍ട്ടി നേതാക്കളുടെ വിരമിക്കല്‍ പ്രായം. ഇത്തവണ സംസ്ഥാന തദ്ദേശ സ്വയംഭരണ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷവും ഈ വിഷയം സജീവ ചര്‍ച്ചക്ക് വിധേയമായി. ഇപ്പോഴും അതിന്റെ അനുരണനങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ യുവതലമുറക്കായി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ വിസമ്മതിക്കുന്നു എന്നത് പണ്ടേ കേട്ടുതഴമ്പിച്ച പരാതിയാണ്. പാര്‍ട്ടിതലത്തിലായാലും അധികാരസ്ഥാനങ്ങളിലായാലും ഈ പരാതിയോട് വളരെ ശ്രദ്ധിച്ചേ പ്രതികരിക്കാറുള്ളൂ. നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരേക്കാള്‍ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സാമൂഹികപ്രതിബദ്ധതയും ആത്മാര്‍പ്പണ ബോധവും മാതൃകാപരമായ പൊതു ജീവിതവും കാഴ്ചവെക്കുന്ന പുതുതലമുറക്കാരെ ചൂണ്ടിക്കാണിക്കാന്‍ പ്രയാസമില്ല. അതുപോലെ പ്രവര്‍ത്തന ശേഷിയും സത്യസന്ധതയും ആത്മാര്‍പ്പണവും നേതൃത്വപരമായ കഴിവുമുള്ള സീനിയര്‍ നേതാക്കള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. നിസ്വാര്‍ഥ പ്രവര്‍ത്തനവും മൂര്‍ച്ചയേറിയ പ്രതികരണ ശേഷിയുമുള്ള വി എസ് അച്യുതാനന്ദനെപ്പോലുള്ളവര്‍ യുവതലമുറയുടെ ആകര്‍ഷണകേന്ദ്രമായി മാറുന്നത് ഇവിടെയാണ്. ജനങ്ങളുമായുള്ള ബന്ധം വേരറ്റു പോകാത്തിടത്തോളം കാലം ഇത്തരം നേതാക്കള്‍ക്ക് പൊതുരംഗത്ത് പ്രസക്തി നഷ്ടമാകുന്നില്ല. മുഖം നോക്കാതെ പ്രതികരിക്കുന്ന നേതാക്കള്‍ പലപ്പോഴും വിവാദനായകരാകുന്നതും വെറുതെയല്ല. സി പി എമ്മില്‍ വിരമിക്കല്‍ പ്രായമില്ലെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. പാര്‍ട്ടിയേയും ജനങ്ങളേയും സേവിക്കാന്‍ ശേഷിയുള്ള ആരേയും സി പി എം ഒഴിവാക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനായി കളമൊരുക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഇത് രണ്ടും ചേര്‍ത്ത് വായിക്കുമ്പോഴാണ് യെച്ചൂരിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
‘പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വി എസ് നയിച്ചത് പാര്‍ട്ടി താത്പര്യം സംരക്ഷിച്ചുകൊണ്ടാണ്. പാര്‍ട്ടിയിലെ കൂട്ടായ പ്രവര്‍ത്തന ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഈ പ്രായത്തിലും വി എസ് കാഴ്ചവെക്കുന്ന ഊര്‍ജം എല്ലാവര്‍ക്കും മാതൃകയാണെന്നും’ യെച്ചൂരി വളച്ചുകെട്ടില്ലാതെ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം തുടരുവോളം നേതാക്കള്‍ക്ക് പൊതു രംഗത്ത് നില്‍ക്കാമെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് പാര്‍ട്ടിയെ നയിക്കുമെന്ന് തീര്‍ത്തുപറയാറായിട്ടില്ല.
തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്നത് എല്ലാ പാര്‍ട്ടികളിലേയും യുവാക്കളുടെ സ്ഥിരം പല്ലവിയാണ്. യുവ നേതൃത്വത്തിന് വഴിതുറക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന ആവശ്യം ബാലിശമാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിവുള്ളവര്‍ പ്രവര്‍ത്തനത്തിലൂടെ അത് തെളിയിച്ചാല്‍ അവരെ ആര്‍ക്കും പിന്തള്ളാനോ പുറത്താക്കാനോ കഴിയില്ലെന്നതിന് കാലം സാക്ഷിയാണ്. മൂന്നും നാലും പതിറ്റാണ്ടുകള്‍ നീണ്ട നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനത്തിനു ശേഷമാണ് ഇന്നത്തെ മുതിര്‍ന്ന നേതാക്കളില്‍ ഏറെപേരും പാര്‍ട്ടിസംഘടനയിലും ഭരണ രംഗത്തും നേതൃനിരയില്‍ എത്തിയത്. അവര്‍ക്ക് ലഭിക്കുന്ന പൊതുജന പിന്തുണയും വിശ്വാസ്യതയും പുതിയ തലമുറക്ക് ലഭിക്കാത്തത് എന്തുകൊണ്ടെന്നും നേതൃസ്ഥാനങ്ങള്‍ മോഹിക്കുന്നവര്‍ ചിന്തിക്കണം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് മോദി തരംഗത്തിലൂടെ ബി ജെ പി തകര്‍പ്പന്‍ വിജയം നേടിയത് അത്ഭുതമായിരുന്നു. എന്നാല്‍, പോയ വാരത്തില്‍ ബീഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം ബി ജെ പിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസൃതമായി രാഷ്ട്രീയ നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ തടവിയ കൈകള്‍കൊണ്ട് തന്നെ പ്രഹരിക്കാന്‍ പൊതുജനം മടിക്കില്ലെന്നതിന് തെളിവുകൂടിയാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.