Connect with us

National

വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിക്കൊരുങ്ങുന്നു. രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായിരുന്നു ഗ്രീന്‍പീസിന്റെ പ്രവര്‍ത്തന അംഗീകാരം റദ്ദ് ചെയ്തതിനു പിന്നാലെ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിന്റെ നേതൃത്വത്തില്‍ നിയമ സഹായമുള്‍പ്പെടയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ ലോയേഴ്‌സ് കലക്ഷനും വിദേശ ധനസഹായം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസയച്ചു. ലോയേഴ്‌സ് കലക്ടീവസ് ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് 32 ചോദ്യങ്ങളടങ്ങുന്ന നോട്ടീസ് നല്‍കിയിരിക്കുന്നത്.
സംഘടന നടത്തിയ ബേങ്ക് ഇടപാടുകള്‍, വിദേശത്തു നിന്ന് സ്വീകരിച്ച സഹായങ്ങളുടെ കണക്കുകള്‍, സംഘടനയിലെ അംഗങ്ങള്‍ക്ക് നല്‍കിയ ശമ്പളം ഉള്‍പ്പെടെയുള്ള കണക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് ചോദ്യങ്ങള്‍. 2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലംഘിച്ച് ഇന്ദിരാ ജെയ്‌സിംഗ് വിദേശ പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ബി ജെ പി വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ നിര്‍ജീവമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലോയേഴ്‌സ് കലക്ടീവിനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാറിന് മറ്റു ലക്ഷ്യങ്ങളുണ്ടെന്ന സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന് വാദിക്കുന്ന ടീസ്ത സെറ്റല്‍വാദ് അടക്കമുള്ളവര്‍ക്ക് നിയമസഹായം നല്‍കുന്നത് ലോയേഴ്‌സ് കലക്ടീവാണ്.
1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് തൊട്ടു മുമ്പ് വരെ കേസ് വാദിച്ചത് ഇന്ദിര ജയ്‌സിഗ്, വൃന്ദ ഗ്രോവര്‍, ആനന്ദ് ഗ്രോവര്‍ എന്നിവരുള്‍പ്പടെയുള്ള അഭിഭാഷകര്‍ ലോയേഴ്‌സ് കലക്ടീവില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ സംഘടനയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൃത്യമായി സര്‍ക്കാറിന് കൈമാറുമെന്ന് ഇന്ദിര ജയ്‌സിംഗ് പറഞ്ഞു.
ഇതേ രീതിയിലാണ് ഗ്രീന്‍ പീസ് ഫൗണ്ടേഷനും സബ്രാംഗ് ട്രസ്റ്റിനും എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ആദ്യ ഘട്ടത്തില്‍ കത്തയക്കുകയും പിന്നീട് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമാണ് ചെയ്തത്.

Latest