അറേബ്യന്‍ ദിനപ്പത്രം അച്ചടി ഉപേക്ഷിക്കുമ്പോള്‍

കുവൈത്തില്‍ ഏറെ പ്രചാരവും സ്വീകാര്യതയുമുണ്ടായിരുന്ന പത്രമായിരുന്നു അല്‍ വത്തന്‍. അതുകൊണ്ടു തന്നെ പത്രത്തെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സൂചനകള്‍.
അറേബ്യന്‍ പോസ്റ്റ്
Posted on: November 21, 2015 8:29 pm | Last updated: November 21, 2015 at 8:29 pm
SHARE

al watan daily

തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധകാലത്ത് ലോകം ദൈന്യതയോടെ നോക്കിയ രാജ്യമായിരുന്നു കുവൈത്ത്. സദ്ദം ഹുസൈന്റെ അധിനിവേശത്തില്‍ എല്ലാം നനഷ്ടപ്പെട്ട് അയല്‍ രാജ്യങ്ങളില്‍ അഭയം കണ്ടെത്തിയ കുവൈത്തികളുടെ കഥ ആരും മറന്നിട്ടില്ല. അധിനിവേശകാലത്തും തുടര്‍ന്നുണ്ടായ കുവൈത്തിന്‍െ ഉയിര്‍ത്തെഴുന്നേല്‍പ്പിലുമെല്ലാം സാക്ഷിയായി ആ രാജ്യത്തിന്റെ ചരിത്ര വര്‍ത്തമാനം പറയുന്നതില്‍ നിര്‍ണാകയ പങ്കുവഹിച്ച ദിനപത്രത്തിന്റെ അച്ചടിരൂപം അവസാനിച്ചിരിക്കുന്നു. താത്കാലികം മാത്രമാകട്ടേ ഈ കേടായ വാര്‍ത്ത എന്നു മാധ്യമരംഗം ആശിക്കുന്നു.

സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പത്രം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ഥാപനം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മൂലധനനിക്ഷേപം ഉറപ്പു വരുത്താന്‍ കഴിയാതെ പോയതോടെയാണ് വാണിജ്യ ലൈസന്‍സും പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതികളും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ പിന്‍വലിച്ചത്. പത്ര മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം കീഴ്‌കോടതിയും പരമോന്നത കോടതിയും ശരിവെച്ചതോടെ നാലു പതിറ്റാണ്ടിന്റെ അച്ചടി ചരിത്രത്തിനാണ് അവസാനമായത്.

കുവൈത്തില്‍ ഏറെ പ്രചാരവും സ്വീകാര്യതയുമുണ്ടായിരുന്ന പത്രമായിരുന്നു അല്‍ വത്തന്‍. അതുകൊണ്ടു തന്നെ പത്രത്തെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സൂചനകള്‍. മിഡില്‍ ഈസ്റ്റ് മാധ്യമ പ്രിയരുടെയും താത്പര്യം ഇതു തന്നെ. ഏതായാലും ഓണ്‍ലൈന്‍ പത്രം അല്‍ വത്തന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് എത്രകാലം ഓണ്‍ലൈനില്‍ തുടരാനാകും എന്നു വ്യക്തമല്ല.

അഞ്ചു ലക്ഷം ദിനാര്‍ (ഏതാണ്ട് പത്തു കോടി 88 ലക്ഷം രൂപ) ആണ് കുവൈത്തിലെ പത്രത്തിന് അധികൃതര്‍ നിശ്ചയിച്ച മൂലധനം. ഈ തുകയില്‍ കുറവു വന്നതാണ് അല്‍ വത്തന്‍ പത്രത്തിനു വിനയായത്. ഒപ്പം ന്യൂസ് പ്രിന്റ് വാങ്ങിയ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടില്‍ നിലനിന്ന കേസുകളും തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി. യഥാര്‍ഥത്തില്‍ അല്‍ വത്തന്റെ ചരിത്രം നാലു പതിറ്റാണ്ടിന്റെതല്ല. 1962ല്‍ വാരികയായി തുടങ്ങിയിരുന്നു. എന്നാല്‍, 1974 ജനുവരിയിലാണ് ദിനപ്പത്രമായി പ്രിസിദ്ധീകരിച്ചു തുടങ്ങിയത്. അല്‍വത്തന്‍ ടെലിവിഷന്‍ ചാനലുമുണ്ട്. ടിവി ചാനല്‍ മറ്റൊരു ലൈസന്‍സില്‍ ആയതിനാല്‍ പത്രത്തിന്റെ പ്രതിസന്ധി ടിവിയെ ബാധിക്കില്ലെന്നു കരുതുന്നു. കുവൈത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ പത്രമാണ് അടക്കുന്നത്. നേരത്തേ ആലം അല്‍ യൗം എന്ന പത്രവും അടച്ചിരുന്നു.

ലോകത്ത് പത്രങ്ങള്‍ പൂട്ടുന്നത് സാധാരണാവുകയാണെന്ന് പത്രങ്ങളെ നിരീക്ഷിക്കുന്ന രാജ്യാന്തര ഏജന്‍സികള്‍ ആകുലപ്പെടുന്നുണ്ട്. അതേസമയം ഡിജിറ്റല്‍ എഡിഷനുകള്‍ ശക്തിപ്പെടുന്നു എന്നതാണ് ശുഭവാര്‍ത്ത. അപ്പോള്‍ ഒരു കാലത്തിന്റെ ഉപകരണമോ ഉപയോഗ രീതിയോ ആണ് പ്രതിനസന്ധിയിലാകുന്നത് എന്നും പുതിയ കാലത്തിന്റെ രീതികളില്‍ മാധ്യമങ്ങള്‍ അതിന്റെ ശക്തി നിലനിര്‍ത്തുന്നുവെന്നാണ് പ്രതീക്ഷകള്‍.