കേരളീയം സാംസ്‌കാരികോത്സവത്തിന് സമാപനം

Posted on: November 21, 2015 7:10 pm | Last updated: November 21, 2015 at 7:10 pm
SHARE

FCC 2ദോഹ: ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഖത്വര്‍ കേരളീയം സാംസ്‌കാരികോത്സവത്തിന് സമാപനം. ഖത്വറിലെയും മലായാള സാംസ്‌കാരികരംഗത്തെയും പ്രമുഖര്‍ അണിനിരന്ന സമാപന സമ്മേളനം എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലാണ് നടന്നത്. ഖത്വര്‍ ചാരിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുന്നാസര്‍ മുഹമ്മദ് അല്‍ യാഫിഈ ഉദ്ഘാടനം ചെയ്തു. ഖത്വറിലെ മലയാളി സമൂഹത്തില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക സാമൂഹിക സൗഹാര്‍ദത്തിന് എഫ് സി സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്വര്‍ ചാരിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാഗ്രത പുലര്‍ത്തുന്ന മനുഷ്യന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ തികഞ്ഞ അശ്രദ്ധയാണ് പുലര്‍ത്തുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. മണ്ണും പൊടിയും നിറഞ്ഞ വൃത്തിഹീനമായ തട്ടു കടകളാണ് മലയാളികളുടെപോലും ഇഷ്ടഭക്ഷണ കേന്ദ്രം. കേര നാടായ കേരളത്തില്‍ പോലും മായം ചേര്‍ന്ന വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ പ്രതിരോധിക്കേണ്ടവര്‍ക്ക് ഇതിലൊന്നും താത്പര്യമില്ലെന്നും പണമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട കമ്പനികള്‍ കൃത്രിമ ഭക്ഷണമാണ് ഇന്ന് ആളുകളെക്കൊണ്ട് തീറ്റിക്കുന്നത്. ഭക്ഷണത്തിലും മരുന്നിലും മായം കലര്‍ത്തുന്നത് ഇന്ത്യയില്‍ സര്‍വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് കാന്‍സര്‍ രോഗികളാണ് പെരുകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലേക്ക് വരുന്ന പച്ചക്കറിയിലെ വിഷാംശം പരിശോധിക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ പോലുമൊരുക്കിയിട്ടില്ല. ഞാന്‍ കൃഷിയിലേക്കിറങ്ങിയപ്പോള്‍ പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.
സഹകരണാത്മക ജീവിതത്തിന്റെ മാനിഫെസ്റ്റോയാണ് ജനാധിപത്യമെന്നും ഇതില്‍ യോജിക്കുവാനും വിയോജിക്കുവാനും അവസരമുണ്ടെന്നും ജനാധിപത്യവും ജീവിതവുമെന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. എന്നാല്‍ ജീവിതത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള വാതിലുകള്‍ വലിച്ചടക്കുന്ന ശബ്ദമാണിന്ന് കേള്‍ക്കുന്നത്. ജനങ്ങള്‍ ഏത് ജന്തുവിന്റെ ഭക്ഷണം കഴിക്കണമെന്നതിലല്ല മനുഷ്യനെ യോജിപ്പിക്കേണ്ടത്, മറിച്ച് ഒരു ജന്തുവിന്റെ പേരിലും മനുഷ്യന്‍ കൊല്ലപ്പെടാന്‍ പാടില്ല എന്നതിലാണ് ഐക്യപ്പെടുത്തേണ്ടത്. തീരുമാനിക്കുകയല്ല ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം എത്തിച്ച് കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. ജാതി മത രാഷ്ട്ര അതിര്‍ത്തികള്‍ക്കപ്പുറമുള്ള സൗഹൃദമാണുണ്ടാവേണ്ടത്. ഇന്ത്യ സഹിഷ്ണുതയുടെ നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നത് അസഹിഷ്ണുത നിലപാടാണെന്നതാണ് പ്രശ്‌നം. ഫാസിസത്തെ എതിര്‍ക്കുന്നവര്‍ മൗനിയായിരിക്കുകയല്ല. അവരുടെ സാന്നിധ്യമിവിടെയുണ്ടെന്നറിയിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഖത്വര്‍ ചാരിറ്റി പ്രതിനിധി ഇബ്‌റാഹിം അല്‍ അലി ഗരീബി അധ്യക്ഷത വഹിച്ചു. ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍ താനി മുഖ്യാതിഥിയായി. എഫ് സി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി സംസാരിച്ചു. കെ സി അബ്ദുല്‍ ലത്വീഫ്, ഗോപിനാഥ് കൈന്ഥാര്‍, മുഹമ്മദ് ഖുതുബ് എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു.
നജാഫ് മുഹമ്മദ്, സ്മൃതി ഹരിദാസന്‍, ഫാഹിം റമീസ് എന്നിവര്‍ പ്രാര്‍ഥനാ ഗാനമാലപിച്ചു. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലും എഫ് സി സിയിലുമായി നടന്ന സ്‌കൂള്‍ കലോത്സവം, എഫ് സി സി വനിതാ വേദി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള മഴ, എഫ് സിസി അറബിക് കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം, കമ്പവലി, ഷോര്‍ട്ട് ഫിലിം കോംപറ്റീഷന്‍ എന്നിവയുടെ സമ്മാന ദാനവും ഷാജി മഠത്തില്‍ രചിച്ച ‘പാതിരാപ്പാട്ടിന്റെ തേന്‍നിലാവുകള്‍’ കെ ഇ എന്‍ ഷീലാ ടോമിക്ക് കൈമാറി പ്രകാശനവും മഞ്ചു മിലന്‍ സംവിധാനം ചെയ്ത എഫ് സി സി ഡോക്യുമെന്ററി പ്രദര്‍ശനം ചെയ്തു. എഫ് സി സി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് സ്വാഗത പ്രസംഗം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here