ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് നാഷണല്‍ സാഹിത്യോത്സവിന് സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ തിരിതെളിഞ്ഞു.
നാഷണല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും മനുഷ്യനന്മക്കായിരിക്കണമെന്നും കലകള്‍ അവസാനിക്കുന്നിടത്ത് ഫാസിസം വളരുന്നത് ആപല്‍കരമാണെന്നും സാഹിത്യോത്സവ് അഭിപ്രായപ്പെട്ടു.
അബുദാബി, അല്‍ ഐന്‍, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, സെന്‍ട്രല്‍ എന്നീ എട്ട് സോണുകളില്‍ നിന്ന് ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 500 പ്രതിഭകള്‍ മാറ്റുരച്ചു. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം, ദഫ് മുട്ട്, പ്രബന്ധ രചന, കഥാ-കവിതാ രചന, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍ ഡിജിറ്റല്‍ ഡിസൈനിംഗ്, ഡോക്യുമെന്ററി തുടങ്ങി 40 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്, യു എ ഇ യിലെ 154 യൂണിറ്റ്, 37 സെക്ടര്‍, എട്ട് സോണ്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് നാഷണല്‍ സാഹിത്യോത്സവ് നടന്നത്. ഷാഫിഇയ്യ, നുഅ്മാനിയ്യ, ബൂസൂരിയ്യ, ഹദ്ദാദിയ്യ, ഉമരിയ്യ, റസ്‌വിയ്യ, റൂമിയ്യ എന്നീ ഏഴു വേദികളിലായാണ് മത്സരങ്ങള്‍ സജ്ജീകരിച്ചത്.
മാതൃഭൂമി ഗള്‍ഫ് ചീഫ് പി ശശീന്ദ്രന്‍, സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ചീഫ് എം സി എ നാസര്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, ഹമീദ് പരപ്പ , ഹമീദ് ഈശ്വരമംഗലം, അബ്ദുല്‍ ഖാദര്‍ സഖാഫി, കബീര്‍ മാസ്റ്റര്‍, എ കെ അബ്ദുല്‍ ഹക്കീം, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.