Connect with us

Kerala

ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബാര്‍കോഴ കേസില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ ആരോപണവിധേയനായ കെ എം മാണി നിരപരാധിയാണെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പരസ്യമായി പ്രസ്താവന നടത്തിയിട്ടുള്ളതിനാല്‍ വിജിലന്‍സ് തന്നെ തുടരന്വേഷണം നടത്തുന്നതില്‍ എന്ത് പ്രസക്തിയെന്നും ആരോപണവിധേയര്‍ ഉന്നതരായതിനാല്‍ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സി കേസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ വിലയിരുത്തി.
ബാര്‍കോഴ കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നും പ്രതി കെ എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി സ്വദേശി സണ്ണി മാത്യുവാണ് കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസില്‍ പ്രതിയാക്കാതെയാണ് വിജിലന്‍സിന്റെ നടപടിയെന്നും ഹരജിയില്‍ ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിജിലന്‍സ് തന്നെ തുടരന്വേഷണം നടത്തുന്നതിന്റെ സാംഗത്യവും കോടതി ചോദ്യം ചെയ്തു. ഉന്നതര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ നീതിപൂര്‍വകമായി അന്വേഷണം നടക്കുമെന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് സി ബി ഐക്ക് കൈമാറുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സി ബി ഐ അന്വേഷണം സംബന്ധിച്ച കോടതി നിലപാടിനെ അഡ്വക്കറ്റ് ജനറല്‍ എതിര്‍ത്തു. കേസിലെ എല്ലാ കക്ഷികളുടെയും വാദംകേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താവൂവെന്നും സി ബി ഐ അന്വേഷണ ആവശ്യം നേരത്തെ ഡിവിഷന്‍ ബഞ്ച് നിരസിച്ചിട്ടുണ്ടെന്നും എ ജി ബോധിപ്പിച്ചു. എന്നാല്‍, കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ വിധിയുണ്ടായതെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
അതേസമയം, വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിനെതിരായ റിവിഷന്‍ ഹരജി അപ്രസക്തമാണെന്ന് കേസിലെ എതിര്‍ കക്ഷികളില്‍ ഒരാളായ പാലക്കാട്ടെ ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ ബോധിപ്പിച്ചു. തുടരന്വേഷണ ഉത്തരവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ മറ്റൊരു ബഞ്ച് തുടരന്വേഷണ തീരുമാനം ശരിവെച്ചിട്ടുണ്ടെന്നും കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടരന്വേഷണം സി ബി ഐക്ക് കൈമാറുകയാണ് ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു.
വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ് കോടതിയിലെ പരാതിക്കാരായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സാറാ ജോസഫ്, വി എസ് സുനില്‍കുമാര്‍ എം എല്‍ എ, ബിജു രമേശ് തുടങ്ങിയവര്‍ക്ക് നോട്ടീസയച്ചു. വിചാരണ കോടതിയിലെ അന്വേഷണ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ബാര്‍കോഴ കേസിലെ പ്രതി കെ എം മാണിക്കും കോടതി നോട്ടീസയച്ചു. ഹരജിയില്‍ ഡിസംബര്‍ രണ്ടിന് അന്തിമ വാദം കേള്‍ക്കും.

പരസ്യ പ്രസ്താവനക്ക് വിലക്ക്
കൊച്ചി: ബാര്‍കോഴ കേസിനെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കി. അന്വേഷണ ഉദ്യോഗസ്ഥരും മേലധികാരികളും ഇക്കാര്യത്തില്‍ വിട്ടുനില്‍ക്കണമെന്ന് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ നിര്‍ദേശിച്ചു. കേസിനെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് അതിനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിച്ച് അഡ്വ. ജനറല്‍ മുഖേന സമര്‍പ്പിക്കാവുന്നതാണന്നും അല്ലാത്തപക്ഷം കോടതിയില്‍ സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതിയായ കെ എം മാണി നിരപരാധിയാണെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നടത്തിയ പ്രസ്താവനയെ കുറിച്ച് പരാമര്‍ശിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇത്തരം പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും ഉന്നതര്‍ക്കെതിരായ അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുതകള്‍ ബോധിപ്പിക്കാനുള്ളവര്‍ക്ക് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കാവുന്നതാണെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വ്യക്തമാക്കി.
തങ്ങളുടെ വാദം കോടതി പരിഗണിച്ചില്ലെന്ന് ഭാവിയില്‍ ആക്ഷേപം ഉന്നയിക്കുന്നത് ഒഴിവാക്കാനാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Latest