അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; വന്‍നാശനഷ്ടം

Posted on: November 21, 2015 10:16 am | Last updated: November 21, 2015 at 10:16 am

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടി മേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടി.പുതൂര്‍പഞ്ചായത്തിലെ മേലേമൂലക്കൊമ്പ് ഊരിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മലയിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീടുകളും ഭാഗികമായി തകര്‍ന്നു.
ശകുന്തള മരുതന്‍, കാട നഞ്ചന്‍, നഞ്ചി ആലന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഊരിലേക്കുള്ള ഒരു കിലോമീറ്ററോളം റോഡ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്റെ നേതൃത്വത്തില്‍ ഉടന്‍തന്നെ പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിന് നടപടിയെടുത്തു. മേലേമൂലക്കൊമ്പ് ഊരില്‍നിന്നും മുന്നൂറ് മീറ്ററോളം മുകളിലായി വനത്തിനകത്താണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെയുണ്ടായ ഉരുള്‍പൊട്ടലുണ്ടായത്.
രണ്ടാഴ്ചയായി ഈ പ്രദേശത്ത് തുടര്‍ച്ചയായി മഴ പെയ്യുകയാണ്. മലമുകളില്‍ നിന്നും താഴേക്കൊഴുകുന്ന ചെറിയ തോടായ ഉറവങ്കരപ്പള്ളം കരകവിഞ്ഞൊഴുകി.ഇത് മൂലം ഇരുകരകളിലുമുള്ള കൃഷികള്‍ മുഴുവന്‍ ഒലിച്ചുപോയി. ഇവിടേക്കുള്ള യാത്ര ദുഷ്‌കരമായി. വൈദ്യുതി ബന്ധം തകര്‍ന്നത് കെ എസ് ഇ ബി ജീവനക്കാരുടെ ഇടപടലിനെ തുടര്‍ന്ന് വൈകിട്ടോടുകൂടി പുനസ്ഥാപിച്ചു.
വീടു തകര്‍ന്ന ശകുന്തളയുടെഭര്‍ത്താവ് മരുതനാണ് വന്‍ ശബ്ദം കേട്ട് ആദ്യമുണര്‍ന്നത്. പുറത്തിറങ്ങിയ ഇയാള്‍ മലവെള്ളം പാഞ്ഞുവരുന്നത് കണ്ട് ബഹളം കൂട്ടി. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ളവരേയും കൂട്ടി സുരക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറിയതിനാല്‍ ആളപായമുണ്ടായില്ല.
ആട് , കോഴി വീടിനകത്തുണ്ടായിരുന്ന വസ്ത്രങ്ങളടക്കമുള്ളവ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. ഉരുള്‍പൊട്ടിയ ഭാഗത്ത് മഴ കനത്താല്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മൂന്ന് കുടുംബാംഗങ്ങളെയും മേലേമൂലക്കൊമ്പിലെ അഹാഡ്‌സിന്റെ ക മ്മ്യുണിറ്റി ഹാളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്റെ നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു.—മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഇവിടെയുള്ള എഴുപത് കുടുംബങ്ങളുടെ കുടിവെള്ളവും മുടങ്ങി. പുതൂര്‍ ടൗണില്‍ നിന്നും ആറ് കി ലോമീറ്ററോളം വനത്തിനകത്തായാണ് മൂലക്കൊമ്പ് ഊര്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി രാധാകൃഷ്ണന്‍, സി പി ഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി റോയ് ജോ സഫ്, റവന്യു ഉദേ്യാഗസ്ഥര്‍, അഗളി പോലീസ്, വനം വകുപ്പ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ദേശീയപാത ടാറിംഗ്
പുരോഗമിക്കുന്നു
പാലക്കാട്: കോഴിക്കോട് -–പാലക്കാട് ദേശീയപാതയില്‍ റീ ടാറിംഗ് പണികള്‍ പുരോഗതിയില്‍. മുണ്ടൂര്‍ കയറംകോട് മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള 15 കിലോമീറ്റര്‍ റോഡാണ് പുതുക്കിപ്പണിയുന്നത്.
ഒവലക്കോട് മുതല്‍ മുണ്ടൂര്‍ വരെയുള്ള ഭാഗത്തെ പണി കളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ടൗണ്‍ ഭാഗത്തെത്തുമ്പോള്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ രാത്രിസമയത്താണ് ടാറിങ് നടത്തുകയെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ ഒരുവരി ഗതാഗതം സാധ്യമാക്കിക്കൊണ്ടാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുക.
ഗതാഗത നിയന്ത്രണത്തിനായി അഞ്ചു പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നാലുവര്‍ഷത്തിലൊരിക്കലാലാണ് ദേശീയപാതയില്‍ റീ ടാറിങ് നടത്തുക. യഥാസമയം പദ്ധതി സമര്‍പ്പിച്ചതോടെയാണ് റീ ടാറിങ്ങിനുള്ള അനുമതി ലഭിച്ചത്.