Connect with us

Kozhikode

ജില്ലയില്‍ വ്യാജ മദ്യ വില്‍പ്പനയും മയക്കുമരുന്ന് വിപണനവും വര്‍ധിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ വ്യാജ മദ്യ വില്‍പ്പനയും മയക്കുമരുന്ന് വിപണനവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവ്യാജമദ്യം ഉത്പാദനവും മയക്കുമരുന്ന് വിപണനവും സംബന്ധിച്ച കേസില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 83 പ്രതികളെയാണ് എക്‌സൈസ് മാത്രം അറസ്റ്റ് ചെയ്തത്. എക്‌സൈസ് വകുപ്പ് വിവിധയിടങ്ങളിലായി നടത്തിയ 279 റെയ്ഡിലെ മാത്രം കണക്കാണിത്. പോലീസിന്റെയും മറ്റും നടപടികളില്‍ മയക്ക് മരുന്ന് ഗുളികയുടെ മൊത്ത വില്‍പ്പന നടത്തുന്നടക്കമുള്ള നിരവധി പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
എക്‌സൈസ് കഴിഞ്ഞ ഒരു മാസത്തിനിടെ 53.6 ലിറ്റര്‍ ചാരായം, 261 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 433 ലിറ്റര്‍ മാഹി മദ്യം, 43 ലിറ്റര്‍ ഗോവ മദ്യം, ആറ് ലിറ്റര്‍ കള്ള്, 1972 ലിറ്റര്‍ വാഷ്, 1.370 കിലോഗ്രാം ഹെറോയിന്‍, 400 ഗ്രാം കഞ്ചാവ്, 63 കിലോഗ്രം പാന്‍മസാല, 11 വാഹനങ്ങള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തു.
മാങ്കാവില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നര കോടി രൂപ വിലവരും. കൂടാതെ വാഹന പരിശോധനക്കിടെ 64.5 ലക്ഷം രൂപ കള്ളപണവും മൂന്ന് കിലോഗ്രാം വെള്ളിയും 6.7 കിലോഗ്രാം ചന്ദനവും പിടിച്ചെടുത്തായി ഇവര്‍ അറിയിച്ചു.
മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് കഴിഞ്ഞ മാസം ജില്ലയില്‍ 625 ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 226 സാമ്പിളുകള്‍ രാസ പരിശോധനക്ക് അയക്കുകയും ചെയ്തു. ജില്ലയിലെ കള്ള്ഷാപ്പുകളില്‍ വ്യാജ കള്ള് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കി. ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിന് വടകര റെയിഞ്ചിലെ ഹോട്ടല്‍ നോര്‍ത്ത് പാര്‍ക്ക്, താമരശ്ശേരി റെയിഞ്ചിലെ ഹോട്ടല്‍ തുഷാര ഇന്റര്‍നാഷനല്‍, കൈതപ്പൊയില്‍ കള്ള്ഷാപ്പ് എന്നിവക്കെതിരെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉത്പന്ന വിപണനം തടയാനായി കോട്പ പ്രകാരം 43 കേസുകള്‍ ചുമത്തി.
ഗോവയില്‍ നിന്നുള്ള മദ്യക്കടത്ത് തടയാനായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സുമായി സഹകരിച്ച് പരിശോധന നടത്തി. ജില്ലയിലാകെ ഷാഡോ എക്‌സൈസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് വിഭാഗം അറിയിച്ചു.
കലക്ടറേറ്റില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റിയ യോഗത്തിലാണ് എക്‌സൈസ് വകുപ്പ് കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനം വിവരിച്ചത്. റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ കെ പി അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം മനോജ് കുമാര്‍ (കോഴിക്കോട്), തിരുവളളൂര്‍ മുരളി (തോടന്നൂര്‍), സി ടി വനജ (കൊടുവളളി), ഒ പി ശോഭന( ചേളന്നൂര്‍), സി എം ഷാജി (ചേളന്നൂര്‍ വൈസ് പ്രസിഡന്റ്), ശ്യാമള കൃഷ്ണാര്‍പ്പിതം (വടകര വൈസ് പ്രസിഡന്റ്), പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് പൂമുളളി കരുണാകരന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് പങ്കെടുത്തു.

Latest