Connect with us

Kerala

നിസാമിന് അനുകൂലമായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒളിച്ചുകളി

Published

|

Last Updated

ന്യൂഡല്‍ഹി: സുരക്ഷാ ഗാര്‍ഡിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ഹര്‍ജി പരിഗണിക്കവേ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒളിച്ചുകളി. പ്രമാദമായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതെയാണ് നിസാമിന് അനുകൂല സാഹചര്യമൊരുക്കിയത്.
ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നിസാം സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഔദ്യോഗികമായി നോട്ടീസ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസില്‍ നിന്ന് കേരളാ സര്‍ക്കാറിന്റെ അഭിഭാഷകന്‍ വിട്ടു നിന്നത്. അതേസമയം കേസില്‍ അഭിഭാഷകന്‍ ഹാജകാരാതിരുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തരസെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പട്ടിട്ടുണ്ട്.
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സര്‍ക്കാര്‍ അഭിഭാഷകനെവിടെയെന്ന ബഞ്ചിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന നിഷാമിന്റെ ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത 23ലേക്ക് മാറ്റി. നിസാം നല്‍കിയ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ രമേശ് ബാബു മാത്രമല്ല മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെയും കൊണ്ടുവന്നിരുന്നു.
സാധാരണ ആദ്യം ഹരജി പരിഗണിക്കുമ്പോള്‍ എതിര്‍ഭാഗം അഭിഭാഷകര്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. നോട്ടീസ് അയക്കുന്നതിനനുസരിച്ചാണു എതിര്‍ഭാഗം അഭിഭാഷകര്‍ ഹാജരാകേണ്ട കാര്യമുള്ളൂ. എന്നാല്‍, ഗൗരവമേറിയ വിഷയങ്ങളിലും സര്‍ക്കാരിനെതിരേയുള്ള കേസുകളിലും ആദ്യഘട്ടത്തില്‍ തന്നെ എതിര്‍വാദം ഉന്നയിക്കുന്നതിനായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാറുമുണ്ട്. ആ രീതിയാണ് നിസാമിന്റെ കേസില്‍ ലംഘിക്കപ്പെട്ടത്. നിസാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് വിചാരണ കേരളത്തിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ആദ്യമായാണ് കോടതി ഇന്നലെ പരിഗണിച്ചത്.
തനിക്കെതിരേയുള്ള വിചാരണ കേരളത്തില്‍ നടക്കുന്നത് നീതിപൂര്‍വമല്ലെന്നും പോലീസ് സാക്ഷികളെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും തനിക്കെതിരെ മൊഴി നല്‍കിക്കുകയാണെന്നും നിസാം വാദിച്ചു. മാധ്യമങ്ങള്‍ തനിക്കെതിരെ വിചാരണ നടത്തുകയാണെന്നും അത് കോടതി വിചാരണയെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. താന്‍ വ്യവസായിയാണെന്നും അതില്‍ അസൂയയുള്ളവരാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിസാം ആരോപിച്ചു. എന്നാല്‍, മാധ്യമങ്ങള്‍ ഇത്രയധികം ഇടപെടല്‍ നടത്താന്‍ കേസിന് ഇത്ര പ്രാധാന്യമെന്തെന്നു കോടതി തിരിച്ചുചോദിച്ചു. തുടര്‍ന്നായിരുന്നു കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. അതേസമയം ഹരജിയുടെ പകര്‍പ്പ് നേരിട്ട് സര്‍ക്കാര്‍ അഭിഭാഷനായ രമേശ് ബാബുവിന് എത്തിക്കാനും കോടതി നിര്‍ദേശിച്ചു.
ഗൗരവമേറിയ കേസാണെന്ന പരിഗണന നല്‍കിയാണ് നിഷാം നല്‍കിയ മറ്റൊരു ഹരജി പരിഗണിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയെന്നു കോടതി ആരാഞ്ഞത്.

Latest