Connect with us

International

മാലിയില്‍ ഹോട്ടലിന് നേരെ ഭീകരാക്രമണം; 27 മരണം; ബന്ദികളാക്കിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

Published

|

Last Updated

ബമാകോ: പാരീസിലെ ഭീകരാക്രമണത്തിന് പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഹോട്ടല്‍ ആക്രമിച്ച തീവ്രവാദികള്‍ 27 പേരെ വധിച്ചു. 170 പേരെ തീവ്രവാദികള്‍ ബന്ദികളാക്കി. ഫ്രഞ്ച് കോളനിയായിരുന്ന മാലിയുടെ തലസ്ഥാനമായ ബമാകോയിലെ ഹോട്ടലിലാണ് തീവ്രവാദികള്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളെ ബന്ദികളാക്കിയത്. ബന്ദികളാക്കപ്പെട്ട 20 ഇന്ത്യക്കാരെ മോചിപ്പിച്ചതായി പിന്നീട് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. യു എന്‍ മാലി ഫ്രഞ്ച് സൈനികരുടെ സംയുക്ത നീക്കത്തിലൂടെയാണ് ബന്ദികളെ മോചിപ്പിച്ചതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെ അറിയിച്ചു.

എണ്‍പത് പേരെ മോചിപ്പിച്ചതായി രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ പ്രാദേശിക സമയം ഏഴോടെയാണ് തലസ്ഥാനത്തെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ കയറിയ തീവ്രവാദികള്‍ വെടിവെപ്പ് ആരംഭിച്ചത്. ഹോട്ടലിലെ മുറികളില്‍ കയറിക്കൂടിയ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. ചിലര്‍ സ്വയം രക്ഷപ്പെടുകയും മറ്റു ചിലരെ തീവ്രവാദികള്‍ തന്നെ മോചിപ്പിക്കുകയുമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നയതന്ത്ര പ്രതിനിധികളെന്ന വ്യാജേനയാണ് തീവ്രവാദികള്‍ കാറില്‍ ഹോട്ടലിനുള്ളിലെത്തിയത്. ഹോട്ടലില്‍ പ്രവേശിച്ചയുടന്‍ എ കെ 47 തോക്കുകള്‍ ഉപയോഗിച്ച് വെടിവെക്കുകയും ഗ്രനേഡുകള്‍ എറിയുകയുമായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ദികളോട് ഇംഗ്ലീഷിലാണ് തോക്കുധാരി സംസാരിച്ചതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.

190 മുറികളുള്ള ഹോട്ടലില്‍ 140 അതിഥികളും 30 ജീവനക്കാരുമാണുള്ളത്. പത്തോ അതിലധികമോ തീവ്രവാദികളാണ് ആക്രമണം നടത്തുന്നതെന്നാണ് പ്രാഥമിക വിവരം. യു എസ്, ഫ്രഞ്ച് സൈന്യം ഹോട്ടലിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വിദേശ ബിസിനസുകാരും എയര്‍ലൈന്‍ ജീവനക്കാരും സ്ഥിരമായി താമസിക്കുന്ന ഹോട്ടല്‍ യു എസിന്റെ നിയന്ത്രണത്തിലാണ്. എയര്‍ ഫ്രാന്‍സിലെ 12 ജീവനക്കാര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ സുരക്ഷിതരാണെന്നും എയര്‍ ഫ്രാന്‍സ് അധികൃതര്‍ അറിയിച്ചു. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി തുര്‍ക്കി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, രണ്ട് പേര്‍ ഇപ്പോഴും ഹോട്ടലിനുള്ളിലാണ്. ചൈനയില്‍ നിന്നുള്ള പത്ത് വിനോദസഞ്ചാരികള്‍ ഹോട്ടലില്‍ കുടുങ്ങിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാഡില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന മാലി പ്രസിഡന്റ് ഇബ്‌റാഹിം അബൂബക്കര്‍ കെയ്ത യാത്ര വെട്ടിച്ചുരുക്കി ബമാകോയില്‍ എത്തി. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളന്‍ഡെ പറഞ്ഞു. യു എന്‍ സമാധാന സേനയും മാലി പ്രത്യേക ദൗത്യസേനയെ സഹായിക്കാന്‍ രംഗത്തുണ്ട്.

അല്‍ഖാഇദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് വടക്കന്‍ മാലി.
ഇവിടെ ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ സൈനിക നടപടികള്‍ നടക്കുന്നതിനിടെയാണ് മധ്യ മേഖലയിലും ദക്ഷിണ മേഖലയിലും തീവ്രവാദികള്‍ കൂടുതല്‍ ശക്തമാകുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ യു എന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ പതിമൂന്ന് പേരെ തീവ്രവാദി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Latest