ഓണ്‍ലൈന്‍ പെണ്‍വാണിഭം: ബെംഗളൂരു പോലീസും സഹകരിക്കും

Posted on: November 20, 2015 11:47 pm | Last updated: November 20, 2015 at 11:47 pm

rahul and rashmiതിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ ബെംഗളൂരു പോലീസും സഹകരിക്കും. കര്‍ണാടക സ്വദേശിനികളായ പെണ്‍കുട്ടികളും ഇരകളായ പശ്ചാത്തലത്തിലാണ് ബഗളൂരു പോലീസും സഹകരിക്കുന്നത്. ബംഗളൂരു ലിംഗരാജപുരത്ത് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യുവാണ് പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബംഗളൂരു പോലീസിന് ഉടന്‍ കത്ത് നല്‍കും.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തുമായി ബെംഗളൂരു പോലീസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബെംഗളൂരു പോലീസിന്റെ സഹായത്തോടെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബംഗളൂരുവില്‍ സ്വന്തമായി നടത്തുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ലിനീഷ് മാത്യു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. അതേസമയം, ചുംബനസമരത്തിലൂടെ ലഭിച്ച പ്രശസ്തി രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര്‍ നായരും പെണ്‍വാണിഭത്തിന് മറയാക്കിയതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
ഈ പ്രശസ്തി ഉപയോഗിച്ച് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുമ്പോഴുള്ള വിനിമയനിരക്കുകള്‍ ഇവര്‍ വര്‍ധിപ്പിച്ചു. സമരത്തിന്റെ പേരില്‍ പോലീസിനെയും അകറ്റാനായതോടെ റെയ്ഡുണ്ടാവുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ ബിക്കിനി മോഡലെന്ന വിശേഷണം ഉപയോഗിച്ച് രശ്മി ഇടപാടുകള്‍ക്ക് 80,000 രൂപ വരെ വാങ്ങിയിരുന്നതായും കണ്ടെത്തി. രാഹുലും രശ്മിയും നിരവധിപേരെ ബ്ലാക്ക് മെയില്‍ ചെയ്ത് കുടുക്കിയതായി തെളിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ വെബ ്ക്യാം ഉപയോഗിച്ചുള്ള ചാറ്റിലൂടെയാണ് രശ്മി പെണ്‍കുട്ടികളെ വലയിലാക്കിയത്.
പെണ്‍വാണിഭസംഘത്തിന്റെ പ്രധാന ഇടനിലക്കാരി രശ്മിയായിരുന്നു. അറസ്റ്റിനുശേഷം രാഹുലിന്റെയും രശ്മിയുടെയും ഫഌറ്റിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്പും കംപ്യൂട്ടറും ടാബും പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. വെബ്കാമറ ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇത് സൈബര്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്.
പ്രതികളുടെ ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ചും ഉന്നത തലബന്ധങ്ങളെക്കുറിച്ചും ബ്ലാക്ക്‌മെയ്‌ലിംഗിനെക്കുറിച്ചും ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. വ്യാപാരികളും വ്യവസായികളും മുതല്‍ യുവാക്കള്‍വരെ ഇവരുടെ ബ്ലാക്ക്‌മെയിലിങ്ങിനിരയായിട്ടുള്ളതായാണ് വിവരം. വെബ്ചാറ്റിലൂടെ അശ്ലീലച്ചുവയുള്ള സംസാരവും മറ്റും റെക്കോര്‍ഡ് ചെയ്യുകയും അതുപയോഗിച്ച് പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ രീതി. ഇതിന് സഹായം നല്‍കിയിരുന്നത് കഴിഞ്ഞദിവസം അറസ്റ്റിലായ അബ്ദുല്‍ഖാദറെന്ന അക്ബറായിരുന്നു.
രശ്മിയുടെ മൊബൈല്‍ഫോണില്‍നിന്ന് പലര്‍ക്കും വാട്‌സ്ആപ്പ് വഴി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈമാറിയിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ വലയില്‍നിന്ന് മോചിപ്പിക്കപ്പെട്ട കൂടുതല്‍ പേരുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്താനും ആലോചനയുണ്ട്.