ബീഹാര്‍: മുലായത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു

Posted on: November 20, 2015 11:39 pm | Last updated: November 20, 2015 at 11:39 pm
SHARE

MULAYAM SINGHന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്ന് ജനതാപരിവാറിന്റെ കൂട്ടായ്മക്ക് മുന്നില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വിട്ടുനിന്നത് ശ്രദ്ധേയമായി. നരേന്ദ്ര മോദിക്കെതിരെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ഒന്നിക്കുന്ന കാഴ്ചയൊരുക്കിയ പറ്റ്‌നയിലെ ഗാന്ധിമൈതാനത്തെ വേദിയിലാണ് മുലായംസിംഗിന്റെ അസാന്നിധ്യംശ്രദ്ധേയമായത്.
ദേശീയ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിനെ മുന്‍നിര്‍ത്തി ബി ജെ പി വിരുദ്ധ കൂട്ടായ്മയുടെ പരീക്ഷണത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ഈ നീക്കത്തോട് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.
ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് പ്രത്യേകതയുള്ളതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാല്‍, പലനേതാക്കളും ശത്രുത മറന്ന് ഒരേ വേദിയില്‍ എത്തുന്ന കാഴ്ചക്കും നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സാക്ഷ്യം വഹിച്ചു. അഴിമതി വിരുദ്ധ നിലപാട് ഉയര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ഒരു അധ്യായം കുറിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യ നിരക്കായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന സന്ദേശമാണ് തന്റെ സാന്നിധ്യത്തിലൂടെ നല്‍കിയിരിക്കുന്നത്. നേരത്തെ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവിനെ അരവിന്ദ് കെജ്‌രിവാള്‍ ആലിംഗനം ചെയ്യുന്ന ദൃശ്യം ഇത് തെളിയിക്കുന്നുണ്ട്. മമതാ ബാനര്‍ജി പങ്കെടുത്ത ചടങ്ങില്‍ ഇടതുനേതാക്കളായ സീതാറാം യെച്ചൂരിയുടെയും എ രാജയുടെയും സാന്നിധ്യം ശ്രദ്ധേയമായി.
അതേസമയം ഉടന്‍ നിയമസഭാ തിതരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും തമിഴ്‌നാട്ടിലും പ്രാദേശിക സഖ്യ സാധ്യതയെക്കുറിച്ച് അനൗപചാരിക സംഭാഷണവും ഇതിനിടെ നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here