റിട്ട. എസ് പി സമാന്തര പോലീസ് സ്റ്റേഷന്‍ നടത്തുന്നു

Posted on: November 20, 2015 11:34 pm | Last updated: November 20, 2015 at 11:34 pm
SHARE

policeകൊച്ചി: ഹൈക്കോടതിക്ക് സമീപം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വിരമിച്ച എസ് പി സുനില്‍ ജേക്കബ് സമാന്തര പോലീസ് സ്റ്റേഷന്‍ നടത്തുകയാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയെന്ന പേരില്‍ കേസുകള്‍ അന്വേഷിക്കുന്നതും കേസുകളില്‍ ഇടപെടുന്നതും സര്‍വീസിലുള്ള പോലീസുകാരെ ഉപയോഗിച്ചാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി കോടതിയില്‍ ബോധിപ്പിച്ചു. ഇരുപത് വര്‍ഷത്തോളം കൊച്ചി നഗരത്തില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് സുനില്‍ ജേക്കബെന്നും കീഴില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരാണ് നഗരത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നതെന്നും വിശദീകരിച്ചു. തന്റെ കീഴുദ്യോഗസ്ഥന്മാരായിരുന്നവരെ ഉപയോഗിച്ച് അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ ഇടപെടുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നതാണ് രീതിയെന്നും അസഫ് അലി വിശദീകരിച്ചു.
റേഞ്ച് ഐ ജിയായിരുന്ന എം ആര്‍ അജിത്കുമാറിന്റെ വ്യക്തിവിരോധത്തെ തുടര്‍ന്ന് പോലീസ് പീഡിപ്പിക്കുന്നുവെന്നും ഓഫീസിലും വീട്ടിലും നിരീക്ഷണം ഏര്‍പ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി സുനില്‍ ജേക്കബ് സമര്‍പ്പിച്ച ഹരജിയിലാണ് ഡി ജി പിയുടെ വിശദീകരണം. അജിത് കുമാറിന് സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിതാ നായരുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് എ ഡി ജി പിക്ക് മൊഴി നല്‍കിയതും ബ്ലൂ ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് കേസില്‍ ഐ ജിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയതുമാണ് തന്നെ പീഡിപ്പിക്കുന്നതിന് കാരണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. സര്‍ക്കാറിന്റെ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേസ് മാറ്റിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here