Connect with us

Gulf

ഓരോരോ മേഖലയില്‍ വാടക വര്‍ധനവിന്റെ പ്രതിഫലനം

Published

|

Last Updated

മലയാളികളുടെ ഉടമസ്ഥതയില്‍ ഗള്‍ഫില്‍ പല സ്ഥലങ്ങളിലും ഇട്ടതം സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രോസറികളും റെസ്റ്റോറന്റുകളും വ്യാപമാകുന്നുണ്ട്. വലിയ ശൃംഖലകളുള്ള ഗ്രൂപ്പുകള്‍ക്ക് പുറമെയാണിത്. അധ്വാനവും ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റുകളും വിജയമാകുമെന്ന് പലരും തെളിയിച്ചതിനാല്‍, നാട്ടില്‍ നിന്ന് പണംകൊണ്ടുവന്ന് നിക്ഷേപം നടത്തുന്നവരാണ് ഏറെയും. അവരുടെ നിക്ഷേപം ഏറെക്കുറെ സുരക്ഷിതമാണ്. എന്നാല്‍ അടിക്കടിയുണ്ടാകുന്ന വാടക വര്‍ധനവ് പലരെയും കുഴക്കുന്നു. ചില കെട്ടിടമുടമകള്‍ തോന്നിയ പോലെയാണ് വാടക വര്‍ധിപ്പിക്കുന്നത്. വ്യാപാരം അല്‍പം പച്ചപിടിച്ചുവരുമ്പോഴായിരിക്കും ഇടിത്തീപോലെ വാടക കുത്തനെ ഉയര്‍ത്തുക. മിക്ക എമിറേറ്റുകളിലും വാടക നിയന്ത്രണമുണ്ടെങ്കിലും മറികടക്കാന്‍ പഴുതുകളുമുണ്ട്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി വേണം എന്ന് വരുത്തിത്തീര്‍ത്ത്, ഒഴിപ്പിച്ചതിനു ശേഷം, കൂടുതല്‍ വാടകക്ക് കൈമാറും. വാടകക്കരാറുകള്‍ നോക്കുകുത്തി.
താമസകേന്ദ്രങ്ങളിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ വാടക കൂടിക്കൊണ്ടിരിക്കും. ബാച്ചിലര്‍മാരാണ് ഇരകള്‍. കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് നിന്ന് ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോകണമെന്ന് നിയമമുണ്ട്. ഇത്തരം കാരണങ്ങളാണ് ഒഴിപ്പിക്കാനുള്ള ന്യായം.
അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തറയിലാണ് മിക്കവരുടെയും കിടപ്പ്. എപ്പോഴാണ് ഒഴിപ്പിക്കല്‍ നോട്ടീസ് വരികയെന്ന് പറയുക വയ്യ. നൂറുകണക്കിന് കെട്ടിടങ്ങള്‍ പുതുതായി വരുന്നുണ്ടെങ്കിലും, അന്വേഷിക്കുമ്പോള്‍ പുളിക്കും.
ദുബൈ ബിസിനസ് ബേയില്‍ ഭൂമിവില കുറഞ്ഞതിനാല്‍ കെട്ടിട വാടക കുറയുമെന്നാണ് വിലയിരുത്തല്‍ ചതുരശ്രയടിച്ച് 350 ദിര്‍ഹമായിരുന്നു വില. അത് 225 ദിര്‍ഹമായി കുറഞ്ഞു. വാടക, ചതുരശ്രയടിക്ക് 70 ദിര്‍ഹമായി കുറയേണ്ടതാണെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ക്ലട്ടന്‍സ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ കഥ മാറും.
ദേര, ബര്‍ദുബൈ, കറാമ എന്നിവിടങ്ങളില്‍ താമസകേന്ദ്രം കിട്ടാനില്ല. മെട്രോ ട്രെയില്‍ സംവിധാനമുള്ളതിനാല്‍ ഗര്‍ഹൂദ്, റാശിദിയ്യ, ഖിസൈസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നവര്‍ ധാരാളം. അവിടങ്ങളിലും വാടക വര്‍ധിച്ചിട്ടുണ്ട്. ഡൗണ്‍ ടൗണ്‍, ജുമൈര, ലേക് ടവേഴ്‌സ്, മറീന തുടങ്ങിയ സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസകേന്ദ്രങ്ങള്‍ എത്തിപ്പിടിക്കാവുന്നതിനും ഉയരത്തിലാണ്. വരുമാനത്തിന്റെ പകുതിയിലേറെയും വാടകയായി നല്‍കുന്നവരാണ് ഭൂരിപക്ഷം.
മാളുകളില്‍ ആഡംബര ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രതിസന്ധിയിലേക്കാണെന്ന് ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യം കാരണം വില്‍പന കുറഞ്ഞു. അതേ സമയം വാടകയില്‍ മാറ്റമില്ല. കടയുടമകള്‍ ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
ഇതിനിടയില്‍, അല്‍പം ആശ്വാസമുള്ളത് സംഭരണ കേന്ദ്രങ്ങളുടെ (വെയര്‍ഹൗസുകള്‍) വാടക കുറഞ്ഞതാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാക്ടറികള്‍ക്കും മൊത്ത വിതരണക്കാര്‍ക്കും ഇത് ഗുണകരമായി.

Latest