ആര്‍ ടി എക്ക് നിരവധി നവീന ആശയങ്ങള്‍ ലഭിച്ചു

Posted on: November 20, 2015 2:52 pm | Last updated: November 20, 2015 at 2:52 pm
SHARE
അഹ്മദ് മഹ്ബൂബ്
അഹ്മദ് മഹ്ബൂബ്

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് സ്മാര്‍ട് മജ്‌ലിസ് വഴി 1,431 ആശയങ്ങളും വിവരങ്ങളും ലഭ്യമായതായി ആര്‍ ടി എ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ് അറിയിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ചുതുടങ്ങിയത്. ഇവ പരിശോധിച്ച് അംഗീകരിക്കാവുന്നവ നടപ്പാക്കും. 1,202 ആശയങ്ങളാണ് ലഭ്യമായത്. 229 വിവരങ്ങളും ലഭ്യമായി. ഇതില്‍ നവീനമായ ആശയങ്ങളെയാണ് പരിഗണിക്കുന്നത്. ആര്‍ ടി എ യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതിയ ആശയങ്ങള്‍ സഹായിക്കും. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടിയില്‍ ആര്‍ ടി എയിലെ സി ഇ ഒമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു. അഞ്ചു ദിവസത്തിനകം ഇതിന്റെ വിശകലനങ്ങള്‍ പൂര്‍ത്തിയാകും.
മെട്രോ സ്റ്റേഷനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഇടയില്‍ പ്രത്യേകമായ എക്‌സ്പ്രസ് ബസ് പാതകള്‍ വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് പരിശീലനം നല്‍കണമെന്ന ആശയവും പരിഗണിക്കുന്നുണ്ടെന്നും മഹ്ബൂബ് പറഞ്ഞു.