ജില്ലാ ആശുപത്രി മാലിന്യപ്രശ്‌നം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Posted on: November 20, 2015 12:24 pm | Last updated: November 20, 2015 at 12:24 pm
SHARE

കല്‍പ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിലെ മാലിന്യം ആശുപത്രി പരിസരത്ത് അശാസ്ത്രീയമായി തള്ളുന്നത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയില്‍ മാനന്തവാടി നഗരസഭാ സെക്രട്ടറിയോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് വി.മോഹന്‍കുമാറാണ് കേസുകള്‍ പരിഗണിച്ചത്.
പരിയാരം ഗവ: ഹൈസ്‌ക്കൂളിലെ അധ്യാപക ക്ഷാമം വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഒമ്പത് അധ്യാപക തസ്തികകളുണ്ടെങ്കിലും ഇവിടെ ആറ് അധ്യാപകരെ മാത്രമേ നിയമിച്ചിട്ടുളളു. ആര്‍.എം.എസ്.എ. പ്രകാരം അധ്യയനം നടത്തുന്ന സ്‌കൂളില്‍ ഒഴിവുളള ഇംഗ്ലീഷ് മലയാളം, കണക്ക് അധ്യാപക തസ്തികളില്‍ പി.ടി.എ ആണ് അധ്യാപകരെ നിയോഗിച്ചിട്ടുളളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിവെടുത്താണ് ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ കലക്ടറോടും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ക്യാന്‍സര്‍ ബാധമൂലം സംസാരശേഷിവരെ നഷ്ടപ്പെട്ട അവസ്ഥയില്‍ കാരുണ്യ പദ്ധതി പ്രകാരം ചികിത്സക്കായി അപേക്ഷിച്ചതിനെ തുടര്‍ന്ന് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും രണ്ടു തവണ തുക അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ മുല്ലപ്പറമ്പില്‍ കാര്‍ത്യായനിയുടെ പരാതിയില്‍ കാരുണ്യ അഡ്മിനിസ്‌ട്രേറ്ററോട് കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
സിനിമാ തിയേറ്റര്‍ തൊഴിലാളികളുടെ കൂലി ഏകീകരിക്കണമെന്ന ആവശ്യവും കമ്മീഷനു മുന്നിലെത്തി. ഇക്കാര്യം പരിഹരിക്കുവാന്‍ ലേബര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇക്കോളജിക്കല്‍ ഫ്രജൈല്‍ ലാന്റ് (ഇഎഫ്എല്‍) നിയമപ്രകാരം ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 27 പരാതികളാണ് കമ്മീഷന് ലഭിച്ചത്. പരാതിയില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ജില്ലാ കലക്ടറോടും കല്‍പ്പറ്റ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസറോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നല്‍കുന്നില്ലെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ പരാതി നല്‍കിയ കെ.ടി. ബീരാന് കെ.എസ്.ആര്‍.ടി എം.ഡി കുടിശ്ശികയടക്കം അദ്ദേഹത്തിന് പെന്‍ഷന്‍ നല്‍കിയതിനു പുറമെ പെന്‍ഷന്‍ പുന: ക്രമീകരിച്ചുകൊടുക്കുകയും ചെയ്തതായി കമ്മീഷന്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി ടൗണിലെ ട്രാഫിക് സിഗ്നല്‍ സംവിധാനം തകരാറിലായതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. സിറ്റിങ്ങില്‍ പുതിയ മൂന്ന് പരാതികള്‍ ലഭിച്ചു. പരിഗണിച്ച 92 പരാതികളില്‍ 12 കേസുകള്‍ തീര്‍പ്പാക്കി.