Connect with us

Malappuram

തവനൂരില്‍ സി പി ഐ മുന്നണി ബന്ധം അവസാനിപ്പിച്ചു

Published

|

Last Updated

എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന സി.പി എം തീരുമാനം അവസാന നിമിഷം അട്ടിമറിച്ചു. ഇതില്‍ പ്രതിഷേധിച്ച് സി പി ഐ എല്‍ ഡി എഫ് മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇന്നലെ പ്രസിഡന്റ്, വൈസ ്പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് നാടകീയ രംഗങ്ങളുണ്ടായത്. വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ രണ്ട് തവണകളിലായി സി പി ഐക്കായിരുന്നു പ്രസിഡന്റ് സ്ഥാനം.
ഇത്തവണയും സി പി ഐ മത്സരിച്ച സീറ്റില്‍ വിജയിച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചതായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സി പി എം, സി പി ഐ ചര്‍ച്ചകളും അതേതുടര്‍ന്ന് പിണക്കങ്ങളും നിലനില്‍ക്കുകയായിരുന്നു. ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അര മണിക്കൂര്‍ മുമ്പ് കെ.ടി.ജലീല്‍ എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി പി.പി വാസുദേവവന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എല്‍.ഡി.എഫ് വിളിച്ചു കൂട്ടി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ പൊന്നാനി ബ്ലോക്കിലും, വട്ടംകുളം പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് ഉറപ്പും കൊടുക്കുകയുണ്ടായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും സി.പി.ഐ ക്ക് ഇതേ പണി തന്നെയാണ് കിട്ടിയത്. പ്രസിഡന്റായി സി.പി.എമ്മിലെ കെ.ലക്ഷ്മിക്ക് സി.പി.ഐ വോട്ട് ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി ഐ അംഗം പി ജയരാജന്‍ വൈസ്പ്രസിഡന്റാകുമെന്ന് കരുതിയതായിരുന്നു. എന്നാല്‍ അവിടെയും സി പി എം പിന്മാറിയില്ല. ഒടുവില്‍ വട്ടംകുളത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടിയില്ലെന്ന വിവരം അറിയാതിരുന്ന സി പി ഐ ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി എമ്മിന് വോട്ട് ചെയ്തതിന് ശേഷമാണ് സി പി ഐ നേതാക്കള്‍ ബ്ലോക്കിലെത്തി വിവരമറിയിച്ചത്. അപ്പോഴേക്കും സി.പി.എമ്മിലെ അഡ്വ. പി പി മോഹന്‍ദാസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. സി പി എമ്മുമായുള്ള മുന്നണി ബന്ധം തവനൂര്‍ നിയോജക മണ്ഡലത്തില്‍ അവസാനിപ്പിച്ചതായി സി പി ഐ നേതാക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest