Connect with us

Kozhikode

തദ്ദേശ തലവന്മാര്‍ അധികാരമേറ്റു: ഭൂരിപക്ഷവും എല്‍ ഡി എഫിന്

Published

|

Last Updated

കോഴിക്കോട് :ജില്ലാ പഞ്ചായത്തിലും കോഴിക്കോട്ടെ ഭൂരിഭക്ഷം ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലും എല്‍ ഡി എഫ് പ്രതിനിധികള്‍ അധികാരത്തിലേറി. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ ഡി എഫും നാലിടത്ത് യു ഡി എഫും ഭരണം പിടിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 41 ഇടത്ത് എല്‍ ഡി എഫും 21 ഇടത്ത് യു ഡി എഫും ഭരണത്തിലേറി. ഇരുമുന്നണിയും ഒപ്പമെത്തിയ മാവൂര്‍, ഉണ്ണിക്കുളം, ചെങ്ങോട്ട്കാവ് എന്നിവിടങ്ങള്‍ നറുക്കെടുപ്പിലൂടെ യു ഡി എഫും ചേമഞ്ചേരിയില്‍ എല്‍ ഡി എഫിനും ഭരണം ലഭിച്ചു.
നടുവണ്ണൂരില്‍ യു ഡി എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് എല്‍ ഡി എഫ് അട്ടിമറി വിജയം നേടി. വേളത്ത് ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. എല്‍ ഡി എഫിന് ഭരണം ലഭിച്ച അത്തോളിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം യു ഡി എഫിന് ലഭിച്ചു. സി പി എമ്മും വിമതരായ ആര്‍ എം പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരടിച്ച ഒഞ്ചിയം പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പിന്തുണയോടെ ആര്‍ എം പി ഭരണം പിടിച്ചു.
യു ഡി എഫ് പിന്തുണ ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞ ആര്‍ എം പി. യു ഡി എഫിലെ ഘടക്ഷിയായ മുസ്‌ലിംലീഗിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയേക്കും. യു ഡി എഫ് ഘടക്ഷികളായ കോണ്‍ഗ്രസും ജെ ഡി യുവും ഒഞ്ചിയത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കെ പി ആര്‍ നഗറില്‍ നിന്ന് ജയിച്ച എ പി കവിതയാണ് പ്രസിഡന്റ്. കവിതക്ക് എട്ടും എതിര്‍ത്ത സി പി എം സ്ഥാനാര്‍ഥിക്ക് ഏഴും വോട്ടാണ് ലഭിച്ചത്. ആര്‍ക്കും ഭൂരിഭക്ഷമില്ലാത്ത ഇവിടെ സി പി എമ്മാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പതിനേഴംഗ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഏഴും ആര്‍ എം പി ക്ക് ആറും യു ഡി എഫിന് നാലും സീറ്റുമാണുള്ളത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് മുന്നണിക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലും ധാരണയാകാത്തിനെ തുടര്‍ന്ന് ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ ഇന്നലെ തിരഞ്ഞെടുപ്പ് നടന്നില്ല. വേളം, ആഴഞ്ചേരി, തിരുവമ്പാടി, ചേളന്നൂര്‍, ഓമശ്ശേരി, കുന്ദമംഗലം, പുതുപ്പാടി എന്നിവിടങ്ങളില്‍ അടുത്തമാസം അഞ്ചിന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിലെ ശ്യാമള കൃഷ്ണാര്‍പ്പിതമാണ് വൈസ് പ്രസിഡന്റ്. തൂണേരിയില്‍ സി പി എമ്മിലെ സി എച്ച് ബാലകൃഷ്ണന്‍ പ്രസിഡന്റും ടി എം ചന്ദ്രിക വൈസ് പ്രസിഡന്റുമായി. കുന്നുമ്മല്‍ ബ്ലോക്കില്‍ സി പി എമ്മിലെ കെ സജിത് (പ്രസി), സി കെ വിജയി (വൈസ് പ്രസി), തോടന്നൂരില്‍ കോണ്‍ഗ്രസിലെ തിരുവള്ളൂര്‍ മുരളി (പ്രസി), ജെ ഡി യുവിലെ തൈക്കണ്ടി സുമ (വൈസ് പ്രസി), മേലടിയില്‍ സി പി മ്മിലെ കെ കുഞ്ഞിരാമന്‍ (പ്രസി), പി വി കൈരളി (വൈസ് പ്രസി), പേരാമ്പ്രയില്‍ സി പി എമ്മിലെ എ സി സതി (പ്രസി), എന്‍ സി പിയിലെ പി പി കൃഷ്ണാനന്ദന്‍ (വൈസ് പ്രസി), ബാലുശ്ശേരിയില്‍ സി പി എമ്മിലെ വി പ്രതിഭ (പ്രസി), എം ചന്ദ്രന്‍ (വൈസ് പ്രസി), പന്തലായനിയില്‍ സി പി എമ്മിലെ കെ എം ശോഭ (പ്രസി).
ആലോക്കണ്ടി മീത്തല്‍ സബീഷ് (വൈസ് പ്രസി), ചേളന്നൂരില്‍ സി പി എമ്മിലെ ഒ പി ശോഭന (പ്രസി), സി എം ഷാജി (വൈസ് പ്രസി), കൊടുവള്ളിയില്‍ കോണ്‍ഗ്രസിലെ സി ടി വനജ (പ്രസി), മുസ്‌ലിംലീഗിലെ അഹമ്മദ് കുട്ടിഹാജി ( വൈസ് പ്രസി), കുന്ദമംഗലത്ത് കോണ്‍ഗ്രസിലെ പി എം രമ്യ (പ്രസി), മുസ്‌ലിംലീഗിലെ അബ്ദുറഹിമാന്‍ കണക്കാംപാറക്കല്‍ (വൈസ് പ്രസി), കോഴിക്കോട് സി പി എമ്മിലെ എന്‍ മനോജ് (പ്രസി), ഐ എന്‍ എല്ലിലെ എ പി ഹസീന (വൈസ് പ്രസി) ബ്ലോക്ക് ഭാരവാഹികളായി തിരഞ്ഞെടുത്തു.