Connect with us

National

ഹൈന്ദവ- ക്രിസ്തുമത വിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല

Published

|

Last Updated

മധുരൈ: ഹിന്ദു സ്ത്രീയും ക്രിസ്ത്യന്‍ പുരുഷനും തമ്മിലുള്ള വിവാഹത്തിന് നിയമപരമായി സാധുത ലഭിക്കണമെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ മതപരിവര്‍ത്തനം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. യുവതിയുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തള്ളിയ ഹൈക്കോടതി, വിവാഹത്തിന് ഹിന്ദുമതാചാര പ്രകാരമുള്ള സാധുത ലഭിക്കണമെങ്കില്‍ യുവാവ് ആ മതത്തിലേക്ക് മാറണമെന്നും അല്ലെങ്കില്‍ യുവതി ക്രിസ്തുമതം സ്വീകരിക്കണമെന്നും വ്യക്തമാക്കി. മതപരിവര്‍ത്തനം നടത്താതെ വിവാഹ ജീവിതം തുടരണമെങ്കില്‍ 1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി അറിയിച്ചു.
ഹേബിയസ് കോര്‍പസ് ഹരജി പ്രകാരം യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. താന്‍ പളനിയിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായി എന്നാണ് യുവതി കോടതിയെ അറിയിച്ചത്. എന്നാല്‍, പുരുഷന്‍ ക്രിസ്ത്യന്‍ ആയതിനാല്‍ മതപരിവര്‍ത്തനം നടത്താതെ ഹിന്ദു വിവാഹ നിയമ പ്രകാരം അതിന് നിയമ സാധുത ലഭിക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.
അതേസമയം, യുവാവിനൊപ്പം പോകണമെന്ന് യുവതി ഉറപ്പിച്ച് പറഞ്ഞതിനെ തുടര്‍ന്ന്, പ്രായപൂര്‍ത്തി പരിഗണിച്ച് കോടതി അതിന് അനുവാദം കൊടുത്തു. യുവതിക്ക് പരിചരണവും സംരക്ഷണവും ആവശ്യമില്ലെന്നും ഇഷ്ടം അനുസരിച്ച് എങ്ങോട്ട് വേണമെങ്കിലും പോകാമെന്നും പറഞ്ഞ കോടതി, അവരുടെ വിവാഹത്തിന് നിയമസാധുതയില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest