നിക്ഷേപ പദ്ധതിയില്‍ സര്‍ക്കാറിന് ലഭിച്ചത് വെറും 400 ഗ്രാം സ്വര്‍ണം

Posted on: November 20, 2015 6:30 am | Last updated: November 20, 2015 at 9:31 am
SHARE

ന്യൂഡല്‍ഹി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വര്‍ണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിനായി കൊണ്ടുവന്ന സ്വര്‍ണ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ലഭിച്ചത് 400 ഗ്രാം സ്വര്‍ണം മാത്രം. രാജ്യത്താകെ ആഭരണങ്ങളായും മറ്റും സംഭരിക്കപ്പെട്ട സ്വര്‍ണം 20,000 ടണ്‍ വരുമെന്നാണ് കണക്ക്.
വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം സൂക്ഷിച്ച സ്വര്‍ണം ബേങ്കില്‍ നിക്ഷേപിക്കുന്നത് പ്രേത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ഈ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ ആകര്‍ഷകമായ പലിശ ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പും ഇത്തരം പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും അവ ആകര്‍ഷകമായ വരുമാനം ഉറപ്പാക്കുന്നവയായിരുന്നില്ലെന്നും സര്‍ക്കാര്‍ പറയുന്നു. സ്വര്‍ണ നിക്ഷേപം നടത്തുന്നവര്‍ക്ക് ഗോള്‍ഡ് ബോണ്ട് നല്‍കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ നിക്ഷേപത്തിനുള്ള കേന്ദ്രങ്ങള്‍ കുറവായതിനാലാണ് ഇതിനോട് ജനം ആവേശപൂര്‍വം പ്രതികരിക്കാത്തതെന്ന് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ സംഘ്‌വാള്‍ പറഞ്ഞു. ഇതുവരെ 400 ഗ്രാം സ്വര്‍ണം മാത്രമേ ലഭിച്ചുട്ടുള്ളൂവെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
പദ്ധതി പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സ്വര്‍ണം പരിശോധിക്കാനും നിക്ഷേപം സ്വീകരിക്കാനും കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണത്തോടുള്ള ഭ്രമം മാത്രമല്ല, നികുതി ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ കൂടിയാണ് നീക്കിയിരിപ്പ് പണം സ്വര്‍ണമാക്കി മാറ്റുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വര്‍ണ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.