നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി;തേജസ്വി യാദവ് ഉപമുഖ്യമന്ത്രി

Posted on: November 20, 2015 2:00 pm | Last updated: November 21, 2015 at 9:46 am
SHARE
nitheesh
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു.

പാറ്റ്‌ന: ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 29 അംഗ മഹാ സഖ്യസര്‍ക്കാര്‍ ബീഹാറില്‍ അധികാരമേറ്റു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബീഹാര്‍ മുഖ്യമന്ത്രിപദത്തില്‍ നിതീഷ് കുമാറിന്റെ തുടര്‍ച്ചയായ മൂന്നാം ഊഴമാണിത്.
നിതീഷിനെ കൂടാതെ ആര്‍ ജെ ഡിയില്‍ നിന്നും ജെ ഡി യുവില്‍ നിന്നും പന്ത്രണ്ട് അംഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് നാല് പേരുമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പാറ്റ്‌ന ഗാന്ധി മൈതാനത്തെ പ്രത്യേക വേദിയില്‍ ഉച്ചക്ക് രണ്ടോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ലാലുവിന്റെ മറ്റൊരു മകന്‍ തേജ് പ്രതാപ് യാദവും ആര്‍ ജെ ഡിയുടെ മന്ത്രിപ്പട്ടികയിലുണ്ട്.
മുഖ്യമന്ത്രി ഉള്‍പ്പെടെ 36 അംഗ മന്ത്രിസഭ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നായിരുന്നു സൂചനകളെങ്കിലും ചില മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാലാണ് ആദ്യഘട്ടമായി 28 അംഗ മന്ത്രിസഭ അധികാരമേറ്റത്. അധികം വൈകാതെ മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്നാണറിയുന്നത്.
കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്പ്രതാപ് റൂഡി എന്നിവരാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടാല എന്നിവരും ചടങ്ങിനെത്തി. മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, വീര്‍ഭദ്ര സിംഗ്, തരുണ്‍ ഗോഗോയ്, പി കെ ചാംലിംഗ്, ഇബോബി സിംഗ്, നാബാം ടൂക്കി, എസ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിത്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ശങ്കര്‍സിംഗ് വഗേല, ബാബുലാല്‍ മറാണ്ടി, ഹേമന്ദ് സോറന്‍, അജിത് ജോഗി, ഉമര്‍ അബ്ദുല്ല എന്നിവരും പങ്കെടുത്തു.
ആകെയുള്ള 243 സീറ്റില്‍ 178 സീറ്റുകള്‍ നേടിയാണ് ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന മഹാസഖ്യം ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തെ തോല്‍പ്പിച്ച് ബീഹാറില്‍ ഭരണത്തിലേറിയത്. ബി ജെ പി വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ ഉള്‍പ്പെടുന്ന നേതാക്കളുടെ ഒത്തുചേരല്‍ എന്ന നിലയില്‍ ശ്രദ്ധനേടിയ ചടങ്ങ് ദേശീയതലത്തില്‍ ബി ജെ പിവിരുദ്ധ മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ആദ്യ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

ജെഡിയുവിനും ആര്‍ജെഡിക്കും 12 മന്ത്രിമാര്‍ വീതവും കോണ്‍ഗ്രസിന് നാല് മന്ത്രിമാരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here