എല്‍ ഡി എഫിനെ പഴിക്കുന്നത് ജാള്യത മറയ്ക്കാന്‍: വൈക്കം വിശ്വന്‍

Posted on: November 20, 2015 5:44 am | Last updated: November 20, 2015 at 12:45 am
SHARE

തിരുവനന്തപുരം: കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും അതംഗീകരിക്കാതെ എല്‍ ഡി എഫ് കുതിരക്കച്ചവടം നടത്തുന്നുവെന്ന കെ പി സി സി പ്രസിഡന്റിന്റെ ആരോപണം സ്വാനുഭവം പങ്കുവെക്കുന്നതായി മാത്രമേ കാണാന്‍ കഴിയൂവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സമസ്ത മേഖലകളിലും എല്‍ ഡി എഫ് ആധിപത്യം വ്യക്തമായിരിക്കുകയാണ്. ആറ് കോര്‍പറേഷനുകളില്‍ അഞ്ചും എല്‍ ഡി എഫ് നേടി. പൊതുവെ യു ഡി എഫ് ആധിപത്യം പുലര്‍ത്താറുള്ള മുനിസിപ്പാലിറ്റികളിലും വന്‍ വിജയം നേടി. യു ഡി എഫ് അധികാരത്തില്‍ എത്താന്‍ പാകത്തില്‍ 28 മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ചിട്ട് പോലും ഭൂരിപക്ഷം മുനിസിപ്പാലിറ്റികളും നേടാനായില്ല. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഏതാണ്ട് മൂന്നില്‍ രണ്ടിടത്തും എല്‍ ഡി എഫ് അധികാരത്തില്‍ എത്തി. ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ ഡി എഫ് അധികാരത്തിലെത്തിയത്. യു ഡി എഫിന് അധികാരം നേടാന്‍ പാകത്തില്‍ രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ പോലും അധികാരം കിട്ടിയില്ല. അതിന്റെയെല്ലാം ജാള്യത മറയ്ക്കാനാണ് എല്‍ ഡി എഫിനെ പഴിക്കുന്നതെന്നും വൈക്കം വിശ്വന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.