പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സി പി എം കൈയിലൊതുക്കി

Posted on: November 20, 2015 5:42 am | Last updated: November 20, 2015 at 12:43 am
SHARE

ആലപ്പുഴ: ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സി പി എം കൈപ്പിടിയിലൊതുക്കി. സി പി എമ്മിലെ ജി വേണുഗോപാല്‍ പ്രസിഡന്റായും ദലീമാ ജോജോ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ വരെ വൈസ് പ്രസിഡന്റ് സ്ഥാനം സി പി ഐക്ക് നല്‍കിയിരുന്നെങ്കിലും ഇക്കുറി രണ്ട് സ്ഥാനങ്ങളും സി പി എം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 23 അഗം ജില്ലാ പഞ്ചായത്തില്‍ 16 സീറ്റ് എല്‍ ഡി എഫിന് ലഭിച്ചപ്പോള്‍ സി പി എമ്മിന് മാത്രം 13 സീറ്റ് നേടാനായതോടെയാണ് സി പി ഐയെ ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കിയത്.
ജില്ലയില്‍ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതിലും എല്‍ ഡി എഫ് ഭാരവാഹികളായി. യു ഡി എഫ് മൂന്നിലൊതുങ്ങി. ഹരിപ്പാട്, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിലാണ് യു ഡി എഫിന് ഭാരവാഹിത്വം ലഭിച്ചത്. 72 ഗ്രാമപഞ്ചായത്തുകളില്‍ ബുധനൂര്‍ ഒഴികെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. 45 എണ്ണത്തില്‍ എല്‍ ഡി എഫും 24 പഞ്ചായത്തുകളില്‍ യു ഡി എഫും ഭാരവാഹിത്വത്തിലെത്തി. എന്നാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫിനെ എസ് ഡി പി ഐ പിന്തുണച്ചതോടെ സി പി ഐയിലെ ഷീജയും സി പി എമ്മിലെ രജിമോനും യഥാക്രമം പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞക്ക് ശേഷം തങ്ങളുടെ രാജിക്കത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി. സെക്രട്ടറിക്ക് കൈമാറി. ഇനി അടുത്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്ന മുറക്ക് നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
നാല് പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തത്. രണ്ടിടത്ത് വീതം യു ഡി എഫിനും എല്‍ ഡി എഫിനും ഭാഗ്യം തുണയായി. കുത്തിയതോട് പഞ്ചായത്തില്‍ ഇടത് പിന്തുണയോടെ സ്വതന്ത്ര അംഗം പ്രസിഡന്റായി. ഇവിടെ മൂന്ന് മുന്നണികള്‍ക്കും അഞ്ച് വീതം സ്ഥാനങ്ങളും ഒരു സ്വതന്ത്ര അംഗവുമായിരുന്നു. സ്വതന്ത്ര അംഗം പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ ഡി എഫിന് ഭൂരിപക്ഷമായത്. തുടര്‍ന്ന് കോണ്‍ഗ്രസും ബി ജെ പിയും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പ് ഇന്ന് നടക്കും. തിരുവന്‍വണ്ടൂരില്‍ ബി ജെ പിയിലെ ജലജ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയില്‍ ആദ്യമായാണ് ബി ജെ പി ഒരു പഞ്ചായത്തില്‍ അധികാരത്തിലെത്തുന്നത്. 13 അംഗങ്ങളുള്ള ഇവിടെ ആറ് സീറ്റ് ബി ജെ പിക്കും അഞ്ച് സീറ്റ് യു ഡി എഫിനും ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് രണ്ട് സീറ്റിലൊതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here