Connect with us

Idukki

ഇടുക്കിയില്‍ രണ്ടിടത്ത് അട്ടിമറി; പെമ്പിളൈ ഒരുമൈ യു ഡി എഫിനൊപ്പം

Published

|

Last Updated

തൊടുപുഴ: രണ്ട് പഞ്ചായത്തുകളില്‍ അട്ടിമറിയിലൂടെയും മൂന്നിടത്ത് ഭാഗ്യം തുണച്ചും പ്രസിഡന്റ് സ്ഥാനം നേടി ജില്ലയില്‍ എല്‍ ഡി എഫ് നിലമെച്ചപ്പെടുത്തി. ആകാംക്ഷക്കൊടുവില്‍ പെമ്പിളൈ ഒരുമൈയുടെ തുണയോടെ മൂന്നാര്‍ പഞ്ചായത്ത് യു ഡി എഫിന്. യു ഡി എഫ് ഭൂരിപക്ഷം നേടിയിട്ടും പട്ടികവര്‍ഗക്കാരനില്ലാത്തതിനാല്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രതീക്ഷിച്ചതുപോലെ കൊച്ചുത്രേസ്യ പൗലോസും (കോണ്‍.) വൈസ് പ്രസിഡന്റായി മാത്യു ജോണും(കേരള കോണ്‍.) വിജയിച്ചു. 52 ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫ് 28ഉം എല്‍ ഡി എഫ് 23ഉം പഞ്ചായത്തുകളുടെ ഭരണം നേടി. കാലാവധി തീരാത്ത ഇരട്ടയാര്‍ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30ന് നടക്കും.
മാങ്കുളം, ആലക്കോട് പഞ്ചായത്തുകളിലാണ് എല്‍ ഡി എഫ് അട്ടിമറി ജയം നേടിയത്. കോണ്‍ഗ്രസ് അംഗത്തിന് അബദ്ധംപറ്റി ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് മാങ്കുളം പഞ്ചായത്ത് എല്‍ ഡി എഫിന് കിട്ടാനിടയാക്കിയത്. യു ഡി എഫ്7, എല്‍ ഡി എഫ് 6 എന്നതായിരുന്നു കക്ഷിനില. എന്നാല്‍ രണ്ടാം വാര്‍ഡംഗം കോണ്‍ഗ്രസിലെ ചെല്ലമ്മ ചെമ്പന്‍ വോട്ട് ചെയ്തത് എല്‍ ഡി എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാജി മാത്യു(സി പി എം)വിന്. സാബു ജോസഫാണ് (കോണ്‍ഗ്രസ്) ഇവിടെ പരാജയപ്പെട്ടത്. ഇതിന്റെ പേരില്‍ ചെറിയ തര്‍ക്കങ്ങളുമുഉണ്ടായി. യു ഡി എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന കഴിഞ്ഞ ഭരണസമിതിയില്‍, അവസാന ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായ ഷാജി മാത്യുവിന്റെ രണ്ടാം ഊഴമാണിത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ റിമാന്‍ഡിലായിരുന്ന സാബു കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തി തോല്‍വി ഏറ്റുവാങ്ങി ജയിലിലേക്ക് തന്നെ മടങ്ങി.
ആലക്കോട് പഞ്ചായത്തിലെ യു ഡി എഫ് സ്വതന്ത്രന്‍ ഇമ്മാനുവല്‍ മത്തായി (ചിലവ് വാര്‍ഡ്) കേരള കോണ്‍ഗ്രസ്-എല്‍ ഡി എഫ് പിന്തുണയോടെ പ്രസിഡന്റായി യു ഡി എഫിനെ ഞെട്ടിച്ചു. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് സൗഹൃദ മത്സരം നടന്ന ഇവിടെ കോണ്‍ഗ്രസിന് ഇമ്മാനുവല്‍ അടക്കം ആറും കേരള കോണ്‍ഗ്രസിനും എല്‍ ഡി എഫിനും മൂന്നും ലീഗിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. കേരള കോണ്‍ഗ്രസിന്റെയും എല്‍ ഡി എഫിന്റെയും ആറ് വോട്ടുകള്‍ കൂടി നേടിയാണ് ഇമ്മാനുവല്‍ പ്രസിഡന്റായത്. ശ്രീജാ ബാബു(സി പി ഐ)വാണ് വൈസ് പ്രസിഡന്റ്. സ്വതന്ത്രനാണെന്ന് ഇമ്മാനുവല്‍ സത്യപ്രതിജ്ഞക്ക് ശേഷം എഴുതി നല്‍കിയിട്ടുള്ളതിനാല്‍ കൂറുമാറ്റ നിയമം ബാധകമാകില്ല.
അവസാന നിമിഷം വരെ ആകാംക്ഷ നിലനിര്‍ത്തിയാണ് രണ്ടംഗങ്ങളുളള പെമ്പിളൈ ഒരുമൈ ഒടുവില്‍ മൂന്നാറില്‍ യു ഡി എഫ് ക്യാമ്പിലെത്തിയത്. 21 സീറ്റുള്ള ഇവിടെ എല്‍ ഡി എഫ് 10, യു ഡി എഫ് 9 എന്നിങ്ങനെയാണ് കക്ഷിനില. 11 വോട്ടോടെ കോണ്‍ഗ്രസുകാരായ ആര്‍ കറുപ്പസാമി പ്രസിഡന്റും ശര്‍മിള ബീവി വൈസ് പ്രസിഡന്റുമായി. പെമ്പിളൈ ഒരുമൈക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവി നല്‍കും. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ എത്തിയ പെമ്പിളൈ ഒരുമൈ അംഗങ്ങളെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടയാന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇവരെ വിരട്ടിയോടിച്ചു.
നറുക്കെടുപ്പ് നടന്ന ഇടമലക്കുടി, അയ്യപ്പന്‍കോവില്‍, വാത്തിക്കുടി പഞ്ചായത്തുകള്‍ എല്‍ ഡി എഫിനെയും പള്ളിവാസല്‍ യു ഡി എഫിനെയും തുണച്ചു. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ മൂന്നംഗങ്ങളുള്ള ബി ജെ പി വിട്ടുനിന്നതോടെ ഇരുമുന്നണികള്‍ക്കും അഞ്ച് വീതം സീറ്റായി. ഗോവിന്ദരാജ്(സി പി എം) ആണ് പ്രസിഡന്റ്. നിസാര്‍ പഴേരി(കുമാരമംഗലം പഞ്ചായത്ത്) ആണ് ജില്ലയില്‍ ലീഗിന്റെ ഏക ത്രിതല പഞ്ചായത്ത് പ്രസിഡന്റ്.
പ്രസിഡന്റ്സ്ഥാനം പട്ടിക വര്‍ഗത്തിന് സംവരണം ചെയ്ത ദേവികുളം ബ്ലോക്ക് പഞ്ചായത്തി ല്‍ യു ഡി എഫിന് ഏഴും പെമ്പിളൈ ഒരുമൈക്ക് ഒന്നും എല്‍ ഡി എഫിന് അഞ്ചുമാണ് സീറ്റ്. ഈ വിഭാഗക്കാരന്‍ ഇല്ലാത്തത് യു ഡി എഫിന് വിനയായി. സി പി എമ്മിലെ ജെ സുന്ദരന്‍(കാന്തല്ലൂര്‍ ഡിവിഷന്‍) ഇവിടെ ഐകകകണ്‌ഠ്യേന പ്രസിഡന്റായി. ഇതോടെ എട്ടില്‍ രണ്ട് ബ്ലോക്കുകളുണ്ടായിരുന്ന എല്‍ ഡി എഫിന് ഫലത്തില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളായി. കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സൗഹൃദ മത്സരത്തില്‍ 13ല്‍ 10 സീറ്റ് കേരള കോണ്‍ഗ്രസ് നേടിയ പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏലിയാമ്മ മാണിയാണ് പ്രസിഡന്റ്.
നിര്‍മല നന്ദകുമാറിനെതിരെ 16ല്‍ 10 വോട്ടുകള്‍ നേടിയാണ് രാജാക്കാട് ഡിവിഷനംഗം കൊച്ചുത്രേസ്യാ പൗലോസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലും കൊച്ചുത്രേസ്യ അംഗമായിരുന്നു.