Connect with us

National

സുപ്രീം കോടതിയുടെ നിര്‍ദേശം തള്ളി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലുള്‍പ്പെടെ ഉന്നത നീതിപീഠങ്ങളില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിലെ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന സുപ്രീം കോടതിയുടെ ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചത്. കൊളീജിയം പരിഷ്‌കാരത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്നും ഇതേക്കുറിച്ച് സുപ്രീം കോടതി തന്നെ നിര്‍ദേശിച്ചാല്‍ മതിയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു.
കൊളീജിയം സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി നിയമഭേദഗതി ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് നേരത്തെ സുപ്രീം കോടതി തടയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കരടുരേഖ തയ്യാറാക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചത്. കൊളീജിയം സംവിധാനത്തിന്റെ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ സുപ്രീം കോടതി, കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൊളീജിയം സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നവംബര്‍ 13ന് ജനങ്ങളില്‍ നിന്ന് സുപ്രീം കോടതി അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു.
അന്ന് കോടതി നടപടികള്‍ക്കെതിരെ നിയമമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ വിവാദത്തിനില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഇരുവിഭാഗവും വെടിനിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമഗ്രമല്ലെങ്കിലും സംവിധാനത്തില്‍ മാറ്റമാകാമെന്ന് കോടതി സമ്മതിച്ചത്.
തുടര്‍ന്ന് മാറ്റം നടപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ തേടുകയായിരുന്നു കോടതി. എന്നാല്‍, സര്‍ക്കാറിന് നിര്‍ദേശങ്ങളൊന്നുമില്ലെന്നും കോടതി തന്നെ തീരുമാനിച്ചാല്‍ മതിയെന്നുമുള്ള നിഷേധ നിലപാടുമായാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കൊളീജിയത്തില്‍ നിലവിലുള്ള സംവിധാനം അടിമുടി മാറ്റി സമിതിയില്‍ രാഷ്ട്രീയ നിയമനം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയിരുന്നത്. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും അത് സമീപഭാവിയില്‍ ജുഡീഷ്യറി രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.