ലിംഗ വിവേചനം പോലും !

Posted on: November 20, 2015 6:00 am | Last updated: November 19, 2015 at 11:59 pm
SHARE

SIRAJ.......ഫാറൂഖ് കോളജിലെ ചില വിദ്യാര്‍ഥികളുടെ പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ടുയര്‍ന്ന ലിംഗ വിവേചന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക തീവ്രവാദവും താലിബാനിസവുമാണ് കോളജില്‍ നടക്കുന്നതെന്നാണ് ചിലരുടെ കമന്റ്. കോളജ് അധികൃതരുടെ നടപടി കാട്ടുനീതിയാണെന്ന് തോമസ് ഐസക്. ആണും പെണ്ണു ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതിയെന്നും വെവ്വേറെ ബെഞ്ചുകളിലിരിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്നുമാണ് ആഷിക് അബുവിന്റെ പക്ഷം. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോളജിനെ മാനേജ്‌മെന്റ് മദ്‌റസയാക്കുകയാണെന്ന് മറ്റു ചിലര്‍.
ഒക്‌ടോബര്‍ രണ്ടിന് നടന്ന ചെറിയൊരു സംഭവമാണ് കോളജിനെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദത്തിന്റെ പശ്ചാത്തലം. മലയാളം ഉപഭാഷാ ക്ലാസില്‍ പിന്നിലെ ബെഞ്ചില്‍ പതിവിന് വിപരീതമായി അന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍രുന്നു. ഈ അസാധാരണ നടപടി ക്ലാസിന്റെ അച്ചടക്കത്തെ ബാധിച്ചപ്പോള്‍ അധ്യാപകന്‍ അവരോട് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്തര്‍ക്കത്തിനൊടുവില്‍ പ്രസ്തുത വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ പിന്നീട് ദിനു എന്ന വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും തങ്ങളുടെ ചെയ്തി തെറ്റായിപ്പോയെന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. അതിന് തയ്യാറാകാതെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ച വിദ്യാര്‍ഥിയാണ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് സംഭവത്തിന് പുതിയ തലങ്ങള്‍ നല്‍കിയതും ലിംഗ വിവേചനവും വ്യക്തിസ്വാതന്ത്ര്യ നിഷേധവുമായി വ്യാഖ്യാനിച്ചതും കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞതും.
സംസ്ഥാനത്തെ ബഹുഭൂരിഭാഗം കോളജുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ബെഞ്ചുകളില്‍ ഇരുന്നാണ് പഠിക്കുന്നത്. അവയിലൊന്നും ഇരു വിഭാഗത്തിനും ഒന്നിച്ചിരിക്കാന്‍ സൗകര്യം വേണമെന്ന് ഇതുവരെ ആവശ്യമുയര്‍ന്നിട്ടുമില്ല. അത് സദാചാരത്തിന് നിരക്കാത്തതും കേരളീയ സമൂഹം ഇക്കാലമത്രയും പിന്തുടര്‍ന്നുവരുന്ന സാംസ്‌കാരത്തിന് അനുയോജ്യമല്ലാത്തതുമാണെന്നാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളും വിശ്വസിക്കുന്നത്. ഫാറൂഖ് കോളജില്‍ ലിംഗവിവേചനം ആരോപിച്ചു സമരം സംഘടിപ്പിച്ചതിന്റെ പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളാണ് എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. സ്ഥാപനത്തെ താറടിച്ചു കാണിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കമെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുടെ തുടര്‍ന്നുള്ള നീക്കങ്ങളും ചാനലുകള്‍ അഴിച്ചു വിട്ട കുപ്രചാരണങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്. മുസ്‌ലിം മാനേജ്‌മെന്റ്സ്ഥാപനമാണ് ഫാറൂഖ് കോളജെന്നതാണ് ചില ചാനലുകള്‍ക്ക് സംഭവം പര്‍വതീകരിക്കാനും സ്ഥാപനത്തിന് കളങ്കം വരുത്തുന്ന വാര്‍ത്തകള്‍ പടച്ചു വിടാനും പ്രചോദകം. മറ്റേതെങ്കിലും സ്ഥാപനത്തിലായിരുന്നവെങ്കില്‍ ഇതേ മാധ്യമങ്ങള്‍ തന്നെ അച്ചടക്കവുമായി ബന്ധപ്പെട്ട നടപടിയായി വിലയിരുത്തി അധ്യാപക, മാനേജ്‌മെന്റ് ചെയ്തികളെ ന്യായീകരിക്കുമായിരുന്നു. ഇത് മനസ്സിലാക്കാതെയാണ് പലരും ലിംഗവിവേചന ആരോപണത്തെ ഏറ്റു പിടിക്കുന്നത്. അതേസമയം, സ്ത്രീ സ്വാതന്ത്ര്യം, പൊതുമണ്ഡലത്തിലെ ഇടപഴകലുകള്‍ തുടങ്ങിയവ സംബന്ധിച്ച് പുരോഗമന നാട്യം വെച്ചുപുലര്‍ത്തുന്നവര്‍ യാഥാര്‍ഥ്യബോധം തിരിച്ചറിയുന്നുവെന്നതലം കൂടി ഫാറൂഖ് കോളജ് വിവാദത്തിനുണ്ട്. ഇവിടെ അത്തരക്കാര്‍ വല്ലാതെ പരുങ്ങുന്നുവെന്നത് ഏറെ കൗതുകകരമാണ്.
യാദൃശ്ചികമെങ്കിലും ഈ വിവാദം കത്തി നില്‍ക്കുമ്പോഴാണ് കേരളത്തെ ചുംബന സമരത്തിലെ നായകര്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലാകുന്നത്. കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നല്ലോ ചുംബന സമരം. അതൊരു ധീര കാല്‍വെപ്പായി വാഴ്ത്തപ്പെട്ടിരുന്നു. ചില രാഷ്ട്രീയ കക്ഷികളുടെ യുവജന വിഭാഗങ്ങളും സാംസ്‌കാരിക നേതാക്കളും ചുംബനാഭാസത്തിന് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു. സ്‌നേഹത്തിന്റെ ശരീര ഭാഷയാണ് ചുംബനമെന്നും ഇതിനെ തെറ്റായി കാണുന്ന നിലവിലെ സദാചാര വ്യവസ്ഥിതി കപടമാണെന്നുമായിരുന്നു ചുംബന കൂട്ടായ്മക്കാരുടെ ന്യായീകരണം. മാറുന്ന ലോകത്തില്‍ ആണ്‍ പെണ്‍ ബന്ധത്തിലും മാറ്റങ്ങള്‍ ആവശ്യമാണെന്ന് വാദിച്ച സംഘാടകര്‍ വിമര്‍ശകരെ യാഥാസ്ഥിതികരും ലോകം തിരിയാത്തവരുമായി മുദ്രകുത്തുകയും ചെയ്തു. ഈ കൂട്ടായ്മക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും അടുത്ത ദിവസം ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതോടെയാണ് ഇതിന് പിന്നിലെ യഥാര്‍ഥ താത്പര്യമെന്തായിരുന്നുവെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നത്. പെണ്‍വാണിഭത്തിന് മറപിടിക്കാനും വാണിഭ സംഘത്തിന് സൈ്വരമായി വിഹരിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുയുമായിരുന്നു രാഹുലും സംഘവും ചുംബന സമരവുമായി രംഗത്തു വന്നതിന്റെ ലക്ഷ്യമെന്നാണ് പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇപ്പോള്‍ വിലയിരുത്തുന്നത്. ആണ്‍- പെണ്‍ ബന്ധത്തിലെ ധാര്‍മിക സീമകളെ പൊട്ടിച്ചെറിയാന്‍ വിപ്ലവാദര്‍ശങ്ങളെ കൂട്ടുപിടിക്കുന്നവരുടെയും ലൈംഗികതയെ മറക്ക് പിന്നില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് കൊണ്ടു വരാന്‍ താത്പര്യപ്പെടുന്നവരുടെയെല്ലാം ഉള്ളില്‍ ഇതുപോലെ ചില ദുഷ്ട ലാക്കുകളുണ്ടാകും. ലൈംഗികത പാപമല്ലെങ്കിലും അത് വിശുദ്ധമായിരിക്കേണ്ടത് കുടുംബങ്ങളുടെ കെട്ടുറപ്പിനും സമൂഹത്തില്‍ ലൈംഗികാരാജകത്വം പടരാതിരിക്കാനും അനിവാര്യമാണ്. സാംസ്‌കാരിക ജീര്‍ണതകള്‍ക്കും യൗവനത്തിളപ്പിലെ വൈകാരികതയില്‍ ഉരുത്തിയുന്ന ദുഷ്ചിന്തകള്‍ക്കും വൃത്തികെട്ട ലൈംഗിക വിചാരങ്ങള്‍ക്കും വിപ്ലവാദര്‍ശത്തിന്റെ പരിവേഷം നല്‍കി അതിനെ ന്യായീകരിക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ പിന്നീട് വിരല്‍ കടിക്കേണ്ടി വരും.