ഫാറൂഖ് കോളജ്: ചില ചോദ്യങ്ങള്‍

നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ ആ കുട്ടി കോളജില്‍ ആണ്‍കുട്ടികളുമായി തൊട്ടുരുമ്മി ഇരിക്കുന്നതും ക്ലാസിലെ കേന്ദ്രീകരണത്തില്‍ നിന്ന് വഴുതിപ്പോയി മറ്റ് പലതും ചിന്തിക്കാന്‍ വഴിയൊരുക്കുന്നതും ഒരു അച്ഛനെന്ന നിലയില്‍ നിങ്ങള്‍ക്കിഷ്ടമാണോ?
Posted on: November 20, 2015 12:02 am | Last updated: November 20, 2015 at 3:39 pm
SHARE

farook collegeഫാറൂഖ് കോളജില്‍ ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ന്നിരിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ഈ നടപടി പിന്തിരിപ്പനും താലിബാനിസത്തിലേക്ക് വഴിയൊരുക്കുന്നതുമാണെന്നുമുള്ള വാര്‍ത്തകള്‍ എരിവും പുളിവും ചേര്‍ത്ത് ഇപ്പോള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഫാറൂഖ് കോളജിന്റെ നിലപാടിനെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി ചെയ്ത പ്രസ്്താവനയും ചിലര്‍ വിവാദമാക്കിയിട്ടുണ്ട്.
ലിംഗവിവേചനത്തിനെതിരെ വാചാലമായി സംസാരിക്കുന്നവരോടും ചാനലുകളില്‍ അങ്കം വെട്ടുന്ന ആങ്കര്‍മാരോടും ഏതാനും കാര്യങ്ങള്‍ ചോദിക്കുന്നതില്‍ എന്നോട് ക്ഷമിക്കുക.
1. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടെങ്കില്‍ ആ കുട്ടി കോളജില്‍ ആണ്‍കുട്ടികളുമായി തൊട്ടുരുമ്മി ഇരിക്കുന്നതും ക്ലാസിലെ കേന്ദ്രീകരണത്തില്‍ നിന്ന് വഴുതിപ്പോയി മറ്റ് പലതും ചിന്തിക്കാന്‍ വഴിയൊരുക്കുന്നതും ഒരു അച്ഛനെന്ന നിലയില്‍ നിങ്ങള്‍ക്കിഷ്ടമാണോ?
2. ടി വിയില്‍ നിങ്ങള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന ഘോരമായ വാദഗതികളെക്കുറിച്ച് നിങ്ങളുടെ കുട്ടിയുടെ അമ്മയുടെ അഭിപ്രായമെന്താണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ആരാഞ്ഞിട്ടുണ്ടോ.?
3. നിങ്ങളുടെ കുട്ടി അടങ്ങി ഒതുങ്ങി പഠിച്ച് നല്ല നിലയിലാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മറ്റുള്ള കുട്ടികള്‍ ഇടകലര്‍ന്ന് പാഠം പഠിക്കുന്നത് നല്ലതാണെന്നുള്ള നിങ്ങളുടെ വാദം പുരോഗനാത്മകമാണോ; അതല്ല സാഡിസമാണോ?
4. ലിംഗ സമത്വത്തിന് ഏറ്റവും പ്രയോജനപ്രദമായ മാര്‍ഗം ഒരു ബെഞ്ചില്‍ ഇടകലര്‍ന്നിരിക്കുന്നതാണെന്ന് കരുതുന്ന നിങ്ങള്‍ ഇതില്ലാത്തിന്റെ ഫലമായി കഴിഞ്ഞ കാലത്ത് എന്ത് അപകടമാണ് ഈ നാട്ടില്‍ സംഭവിച്ചെതെന്നും ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ?
5. കേരളത്തിലെ നൂറു കണക്കിന് കോളജുകളില്‍ അനാവശ്യമായ കുഴപ്പങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും കുട്ടികള്‍ക്ക് ചൂടുള്ള ഒരു വിവാദ വിഷയം വിളമ്പിക്കൊടുക്കാനും ശ്രമിക്കുന്ന നിങ്ങള്‍ പുതിയ തലമുറയോട് പൊതുവേ ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന് വല്ലപ്പോഴും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ചില സത്യങ്ങള്‍ കൂടി ഈ സ്‌നേഹിതന്മാര്‍ മനസ്സിലാക്കേണ്ടതുണ്ട്. പിന്നാക്ക സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ കവാടങ്ങള്‍ മലബാറില്‍ ആദ്യമായി തുറന്ന് കൊടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഫാറൂഖ് കോളജ്. അതുകൊണ്ട് തന്നെയാണ് അതിനെ ദക്ഷിണേന്ത്യയിലെ അലിഗര്‍ എന്ന് വിളിക്കുന്നത്.
മലപ്പുറം ജില്ലയിലെ പല കോളജുകളിലും എന്നെ കോളേജ് യൂനിയന്‍ ഉദ്ഘാടനത്തിന് കുട്ടികള്‍ വിളിക്കാറുണ്ട്. ഇവിടുത്തെ എല്ലാ കോളജുകളിലും ഏകദേശം 70 ശതമാനത്തിലധികം പെണ്‍കുട്ടികളാണ് പഠിക്കുന്നത്. കേരളത്തിലെ സ്ഥിതിയും പൊതുവായിട്ട് ഇത് തന്നെയാണ്. എല്ലാ വിവേചനത്തേയും ചെറുക്കാനുള്ള ശക്തി വിദ്യാഭ്യാസത്തിനുണ്ട്. ആ ശക്തി ഉപയോഗപ്പെടുത്താന്‍ ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് കരുത്ത് നല്‍കിയ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
ചാനല്‍ ഫ്രെയിമിന്റെ അപ്പുറത്തുള്ള ഒരു ലോകത്തെ കാണാന്‍ കഴിയാത്ത അന്ധന്മാരായി മാറുന്നവരോട് ഞാന്‍ സഹതപിക്കുന്നു. പക്ഷേ നിങ്ങളുടെ വിരട്ടലിനപ്പുറം ചിന്തിക്കുന്ന വിവരമുള്ള ഒരു പ്രബുദ്ധ സമൂഹം കേരളത്തിലുണ്ട് എന്ന സത്യം നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ചിന്താശക്തിയും വിശകലന ശേഷിയും വളരെ വികാസം പ്രാപിച്ച ഈ നാട്ടില്‍ നിങ്ങളുടെ ഒളി അജന്‍ഡ മനസ്സിലാക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നും നിങ്ങള്‍ക്കത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പരിഹാസ്യമാണെന്നും ഞാന്‍ വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here