Connect with us

Articles

ഈ അധ്യാപകര്‍ എന്തു ചെയ്യണം?

Published

|

Last Updated

കേരളത്തില്‍ നിയമനാംഗീകാരം കാത്തു കഴിയുന്ന ആയിരക്കണക്കിന് എയ്ഡഡ് അധ്യാപകരുണ്ട്. അവരുടെ കണ്ണീരും കിനാവും എന്തെന്ന് കാണാന്‍ സംസ്ഥാന ഭരണാധികാരികള്‍ക്ക് കഴിയാതെ പോകുന്നു, പല കാരണങ്ങളാല്‍. നിയമനങ്ങളിലെ അപാകങ്ങള്‍ ഒരു വശം. മാനേജര്‍മാരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ വേറൊരു വശം. സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ സത്യസന്ധമായി നിയമനം നടത്തിയ മാനേജര്‍മാരുമുണ്ട്. അതെന്തായാലും, 2011 മുതല്‍ വിവിധ തസ്തികകളില്‍ നിയമിതരായ അധ്യാപകരില്‍ വലിയൊരു വിഭാഗം നിരാലംബരും നിസ്സഹായരുമായി കഴിയുകയാണിവിടെ.
ശമ്പളമില്ലാതെ, ജീവിക്കാന്‍ നിര്‍വാഹമില്ലാതെ ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് പുതിയ ജീവിതഗാഥകള്‍ രചിക്കുകയാണ് ആ അധ്യാപകര്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പളമായി ഒരു രൂപ പോലും കൈപ്പറ്റാതെ അധ്യാപനം എന്ന മഹത്തായ കര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂവായിരത്തിലേറെ അധ്യാപകര്‍ സംസ്ഥാനത്തുണ്ട് എന്ന കാര്യം അവിശ്വസനീയമായി തോന്നാം. പക്ഷേ, വസ്തുതയാണത്. ലക്ഷങ്ങള്‍ (ഡെപ്പോസിറ്റ്) കെട്ടിവെച്ചിട്ടാണ് അവരില്‍ ഭൂരിപക്ഷം പേരും നിയമനം നേടിയതെന്ന കാര്യം പരമ രഹസ്യവുമാണ്. ഒരു തൊഴില്‍ എന്നതിനപ്പുറം ഈ പ്രൊഫഷന്റെ മഹത്വം തിരിച്ചറിഞ്ഞ് ഈ രംഗത്ത് കാലുറപ്പിച്ച അനേകം യുവഅധ്യാപകരെയും ഇതിനിടയില്‍ കണ്ടുമുട്ടാനിടയായി. അവരും ഇപ്പോള്‍ സംഘടിതരായി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു; സ്വന്തം നിലനില്‍പ്പിനായി അധികാരികളുടെ വാതിലുകള്‍ മുട്ടി തളര്‍ന്നപ്പോഴാണ് അവരതിന് തയ്യാറായത്. നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍ രൂപവത്കരിക്കപ്പെടുന്നത് 2012ലാണ്.
എയ്ഡഡ് സ്‌കൂളുകളില്‍ പലതും അണ്‍-എക്കണോമിക് എന്ന ഗണത്തില്‍ ഉള്‍പ്പെട്ടതോടെ പ്രശ്‌നം രൂക്ഷമായി. വികലമായ പുതിയ പാഠ്യപദ്ധതിയും പുതിയ ബോധന രീതികളും മൂലം കുട്ടികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതിന് കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളും ഇരകളായി കൊണ്ടിരിക്കുന്നു. കുട്ടികളുടെ എണ്ണം കുറയുന്ന സ്‌കൂളുകള്‍ സര്‍ക്കാറിന്റെ കണ്ണില്‍ അനാദായകരമാണ്. അനാദായ വിദ്യാലയങ്ങളിലെ അധ്യാപകരോ? “ആദായം” നല്‍കുന്നില്ലാ എന്നു വരുമ്പോള്‍ അടച്ചുപൂട്ടുക, പുറന്തള്ളുക തുടങ്ങിയ വിധ്വംസക നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു. അതിനിടയില്‍, സര്‍ക്കാറിന്റെ നിയമനാംഗീകാരം ലഭിക്കാതെ പണിയെടുക്കുന്ന അധ്യാപകരെ വിസ്മരിക്കാനാണ് എല്ലാ അധികാരികളും ശ്രമിക്കുന്നത്. നമ്മുടേതുപോലൊരു നാട്ടില്‍ അതൊക്കെ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളാണ്.
പൊതുവിദ്യാഭ്യാസ മേഖലയിലെ രൂക്ഷമായ നിയമനപ്രശ്‌നങ്ങള്‍ക്ക് താത്കാലികമായിട്ടാണെങ്കിലും പരിഹാരം നിര്‍ദേശിക്കുന്ന ചുവടുവപ്പായിരുന്നു യു ഡി എഫ് സര്‍ക്കാറിന്റെ അധ്യാപക പാക്കേജ് (G O PEdn, No.199/2011). രാജി, മരണം, റിട്ടയര്‍മെന്റ്, അഡീഷനല്‍ വേക്കന്‍സികള്‍ എന്നിവയിലേക്കു അപ്രൂവല്‍ ലഭിക്കാത്ത അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി വിന്യസിച്ചാല്‍ ഈ വിഭാഗം അധ്യാപകരുടെ ജീവിത പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയും. പാക്കേജില്‍ അതിനുള്ള നിര്‍ദേശങ്ങള്‍ ഭാഗികമാണെങ്കിലും, ഉണ്ടായിരുന്നു. അപ്പോഴും പുറത്തുനില്‍ക്കേണ്ടിവരുന്ന അധ്യാപകരുണ്ട്. അവര്‍ “അനാദായകരമായ” സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അക്ഷരം പറഞ്ഞുകൊടുത്തു കൊണ്ടിരിക്കുന്ന അധ്യാപകരാണ്. ആ ഒറ്റക്കാരണത്താല്‍ അവര്‍ക്ക് അംഗീകാരമോ ശമ്പളമോ ഇല്ല.
സ്‌കൂളുകളെ തട്ടുകളായി വേര്‍തിരിക്കുകയും താഴെത്തട്ടുകളില്‍പ്പെട്ടുപോകുന്നവരുടെ ജീവിക്കാനുള്ള അവകാശം പോലും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ദ്രോഹകരമായ ഒരു സമീപനമാണത്. അപ്പോള്‍ അധ്യാപനത്തെയും വിദ്യാഭ്യാസത്തെയും ലാഭ-നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ കാണാന്‍ പാടില്ല എന്നുള്ളതാണ്. വിദ്യാഭ്യാസത്തിന്റെ സാമൂഹിക മൂല്യം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അധ്യാപകന്റെ പങ്കും പ്രാധാന്യവും എന്തെന്ന് കാണാനുള്ള കണ്ണുണ്ടാകും. അനാദായകരമെന്ന പേരില്‍ ഒരു സ്‌കൂളും അടച്ചുപൂട്ടുകയുമില്ല.
യഥാര്‍ഥത്തില്‍, അങ്ങനെയൊരു അടച്ചുപൂട്ടല്‍ സാഹചര്യം സംസ്ഥാനത്ത് നിലവിലുണ്ടോ എന്ന കാര്യവും പരിശോധിക്കണം. 10ല്‍ താഴെ കുട്ടികളുള്ള ഏതാനും പ്രൈമറി സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. 1:45, 1:60 എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്‌കൂളുകളുമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 1:30, 1:35 എന്നതാണ് പ്രാഥമിക – ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പാലിക്കേണ്ട അനുപാതം. ആ അനുപാതം പാലിച്ചാല്‍ മഹാഭൂരിപക്ഷം വരുന്ന സ്‌കൂളുകളിലും തസ്തിക നഷ്ടപ്പെടാതെ അധ്യാപകരെയും അതേസമയം വിദ്യാര്‍ഥികളെയും സംരക്ഷി്ക്കാന്‍ കഴിയും. മുപ്പതില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍, ഒരു ക്ലാസില്‍ ഒരധ്യാപകന്‍ എന്ന നിലയില്‍ നിയമനാംഗീകാരം നല്‍കാവുന്നതാണ്.
പിന്നെന്തുകൊണ്ട് പൊതുവിദ്യാലയങ്ങള്‍ കൊഴിഞ്ഞുപോക്കിന് സാക്ഷ്യം വഹിക്കേണ്ടിവരുന്നു? അതിനുത്തരം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, നവംബര്‍ ഒന്നിന് തന്നെ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അക്ഷരാഭ്യാസം നല്‍കണമെന്ന് ഉത്തരവിട്ടത്. അതായത്, നല്ല വിദ്യാഭ്യാസം നല്‍കിയാല്‍ കുട്ടികള്‍ കൊഴിഞ്ഞുപോകില്ലെന്നര്‍ഥം. ഇന്നിപ്പോള്‍, 1:45 എന്ന അനുപാതത്തില്‍ അനേകം എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, പുതിയ പാഠ്യപദ്ധതിയും ആള്‍ പ്രമോഷന്‍ സമ്പ്രദായവും ഇപ്പടി തുടര്‍ന്നാല്‍ ആ സ്‌കൂളുകളും സര്‍ക്കാര്‍ ഭാഷയില്‍ അണ്‍-എക്കണോമിക് ആയി മാറും. അപ്പോള്‍, അടച്ചുപൂട്ടല്‍ എളുപ്പമാണല്ലോ. ഒരു സ്‌കൂള്‍ പൂട്ടാന്‍ എളുപ്പമാണ്, മിസ്റ്റര്‍ മിനിസ്റ്റര്‍. പക്ഷേ, ഒരു പൊതുവിദ്യാലയം ആരംഭിക്കാനാണ് വലിയ പരിശ്രമങ്ങള്‍ വേണ്ടത്.
ഏറ്റവും വിചിത്രമായ വസ്തുത, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുമ്പോള്‍ മറുവശത്തു അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നുവെന്നതാണ്. അപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കച്ചവടത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന അധികാരവര്‍ഗം, പാവപ്പെട്ട വിദ്യാര്‍ഥികളെ അവഗണിക്കുന്നു. വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കും. എന്നാല്‍ ബി പിഎല്‍ വിദ്യാലയങ്ങള്‍ എന്ന ഒരു പുതിയ ഗണം നമ്മുടെ സംസ്ഥാനത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ബി പി എല്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല ബി പി എല്‍ അധ്യാപകരും വിശപ്പ് സഹിക്കാന്‍ കഴിയാതെ സ്‌കൂളുകളില്‍ കരഞ്ഞുകൊണ്ടുപോകുന്നുണ്ട്. പഠിക്കാനും പഠിപ്പിക്കാനുമായി ഒരു ദരിദ്രവര്‍ഗം വിദ്യാഭ്യാസ സമൂഹത്തില്‍ ഒന്നുമില്ലായ്മയില്‍ കഴിയുന്നു.
മാനേജ്‌മെന്റുകള്‍ ചട്ടവിരുദ്ധമായി നിര്‍മിച്ച അധ്യാപകരുടെ പ്രശ്‌നത്തില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന കൈകഴുകല്‍ നീതിയല്ല. ചട്ടവിരുദ്ധമായ എല്ലാ നിയമനങ്ങള്‍ക്കും അന്ത്യം കുറിക്കണം. എന്നാല്‍ 2011 മുതല്‍ നിയമിതരായ എല്ലാ അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.
അതിന് കുറെയൊക്കെ സഹായകമായ അധ്യാപക പാക്കേജ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ചില വ്യക്തിഗത മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് പാക്കേജിന് താത്കാലിക സ്റ്റേ. സ്റ്റേ എത്രയും പെട്ടെന്ന് മാറ്റിക്കിട്ടിയാല്‍ മാത്രം പോരാ, അതിന്റെ കൂടി അടിസ്ഥാനത്തില്‍ വ്യക്തമായ പുതിയ സര്‍ക്കുലറുകള്‍ കൂടി സര്‍ക്കാര്‍ ഇറക്കേണ്ടി വരും. 2011 മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കും എന്ന പാക്കേജിലെ വ്യവസ്ഥയനുസരിച്ച് എല്ലാ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കണം. അവരെ, അനുപാതം കൃത്യമായി പാലിച്ചുകൊണ്ട് പുനര്‍വിന്യസിക്കണം.
2015 ഡിസംബര്‍ മാസം മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് അധ്യാപകര്‍ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. സാങ്കേതികമോ, നിയമപരമോ സങ്കുചിതമോ ആയ ഒരുവിധ ഉപാധികളും അധ്യാപകസംരക്ഷണമെന്ന നയത്തിന് പ്രതിബന്ധമായിക്കൂടാ. എന്തുകൊണ്ടെന്നാല്‍, അധ്യാപകര്‍ക്ക് നല്‍കുന്ന അംഗീകാരം വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് നല്‍കുന്ന അംഗീകാരമായി മാറും എന്നതു തന്നെ. ഈ സര്‍ക്കാറിന്റെ കാലാവധി എണ്ണപ്പെട്ടു തുടങ്ങിയ സ്ഥിതിക്ക് ഒട്ടും വൈകാതെ നടപടികളിലേക്ക് നീങ്ങിയേ തീരൂ.

 

Latest