Connect with us

Articles

'നായാടി മുതല്‍ നമ്പൂതിരി വരെ' ഐക്യം ആര്‍ക്ക് വേണ്ടി?

Published

|

Last Updated

“ഹിന്ദു”ക്കളായി കണക്കാക്കപ്പെടുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ള വിഭാഗങ്ങളെ കൂട്ടിയിണക്കി തങ്ങളുടെ വോട്ട് ബേങ്കാക്കി മാറ്റാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ദീര്‍ഘകാലമായി ശ്രമിച്ചുവരുന്നുണ്ട്. അതിലൂടെ ബി ജെ പിക്ക് കേരളത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അ വര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നവോത്ഥാന മുന്നേറ്റങ്ങളുടെ ശക്തമായ സ്വാധീനം നിലനിന്ന കേരളത്തില്‍ വേണ്ടത്ര ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ വിമോചന സമരത്തെ തുടര്‍ന്ന് ശക്തിപ്രാപിച്ചു തുടങ്ങിയ പിന്തിരിപ്പന്‍ ധാര ഇവിടുത്തെ വ്യവസ്ഥാപിത മുന്നണികളുടെ ജീര്‍ണതകളെ ഉപയോഗപ്പെടുത്തി കൂടുതല്‍ ശക്തമാകുകയും നവോത്ഥാന മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച പുരോഗമന ധാര ക്ഷീണിതമാകുകയും ഹിന്ദുത്വ ശക്തികള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്ത അനുകൂല സാഹചര്യത്തെ പ്രയോജനപ്പെടുത്തി സംഘ്പരിവാര്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാക്കുകയാണ്. ദളിത് പിന്നാക്ക വിഭാഗങ്ങളെ മനുഷ്യരായി കാണാത്ത, നിഴല്‍ വീണാല്‍ പോലും മേല്‍ ജാതിക്കാര്‍ അവരെ കൊന്നുകളയുന്ന, മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മനുഷ്യനെ കൊല്ലുന്ന, അമ്പല ദര്‍ശനം നടത്തിയ ദളിത്‌വൃദ്ധനെ വെട്ടിക്കൊന്ന് തീയിലെറിയുന്ന മനുവാദികളുടെ കേന്ദ്രമാക്കി കേരളത്തെയും മാറ്റാനുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ദളിത് പിന്നാക്ക സമുദായ സംഘടനാ നേതാക്കളും തുനിഞ്ഞിറങ്ങിയിരിക്കുന്നു. യോഗക്ഷേമ സഭ, വി എസ് ഡി പി, അടക്കം 33 സാമുദായിക സംഘടനകളും പരിവാറിനൊപ്പം പുതിയൊരു ഹിന്ദുമഹാസഭക്ക് രൂപം നല്‍കാനുള്ള ശ്രമത്തില്‍ പങ്കാളികളാണ്. എന്നാല്‍, നേതൃത്വപരമായ പങ്ക് വഹിക്കുന്നതിന് എസ് എന്‍ ഡി പിയും കെ പി എം എസിന്റെ ഒരു വിഭാഗവും അടക്കമുള്ള ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സമുദായ നേതാക്കളാണ്.
ഗുജറാത്ത് വംശഹത്യയില്‍ മുസ്‌ലിം ജനവിഭാഗത്തെ ആക്രമിക്കാനും കൊള്ളയടിക്കാനും കൊന്നുതള്ളാനും ദളിത് ചെറുപ്പക്കാരെ ഉപയോഗപ്പെടുത്തിയ ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനായി കേരളത്തിലും ദളിത് പിന്നാക്ക വിഭാഗങ്ങളെ തന്നെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭൂരിപക്ഷ സമുദായങ്ങളുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറില്‍ പ്രഖ്യാപിക്കാനിരിക്കെ, അത് മുന്നോട്ട് വെക്കുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്ന സമീപനം ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് എതിരായ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ്. സാങ്കേതികമായ ഹിന്ദു മതത്തില്‍ ഉള്‍പ്പെടുന്ന ദളിത് പിന്നാക്ക വിഭാഗങ്ങള്‍ ഒരിക്കലും ജാതി ഹിന്ദുക്കളുടെ ഭാഗമായിരുന്നില്ല. ഹീനമായ ജാതി വ്യവസ്ഥക്ക് കീഴിലുള്ള ജനതയെ മനുഷ്യരായി പരിഗണിക്കാതിരുന്നതിനാല്‍ എല്ലാ മനുഷ്യാവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. ജാതിവ്യവസ്ഥക്കെതിരെയും ജനാധിപത്യത്തിനായും ഉയര്‍ന്നുവന്ന പോരാട്ടങ്ങളിലൂടെ സ്ഥാപിച്ചെടുത്ത സംവരണമടക്കമുള്ള ജനാധിപത്യ അവകാശങ്ങളാണ് വിദ്യാലയ പ്രവേശമടക്കം ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാധ്യമാക്കിയത്.
ഇതര മതസ്ഥര്‍, ജനാധിപത്യ വാദികള്‍, ബുദ്ധിജീവികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പം ദളിതര്‍ക്കെതിരെയും രാജ്യമാസകലം ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പെരുകുന്ന വാര്‍ത്തകള്‍ നിത്യേന വന്നുകൊണ്ടിരിക്കുമ്പോഴാണ് ഭൂരിപക്ഷ ഐക്യമെന്ന പേരില്‍ ദളിത് പിന്നാക്ക വിഭാഗങ്ങളെ ഹിന്ദുത്വ ശക്തികളുടെ തൊഴുത്തില്‍ കെട്ടാനുള്ള സംഘ്പരിവാര്‍ നീക്കങ്ങളെ ശക്തിപ്പെടുത്താന്‍ എസ് എന്‍ ഡി പി, കെ പി എം എസ് നേതാക്കള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ജാതി ഹിന്ദുക്കളെ എല്ലാ മണ്ഡലങ്ങളിലും വെല്ലുവിളിച്ചും ആശയപരമായും പ്രായോഗികമായും ബദള്‍ വഴികള്‍ വെട്ടിത്തെളിച്ചുമാണ് അയ്യങ്കാളിയും നാരായണ ഗുരുവും പണ്ഡിറ്റ് കറപ്പനുമെല്ലാം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തീ കൊളുത്തിയത്. അത് ചുട്ടുചാമ്പലാക്കിയത് ജാതി മേധാവിത്വത്തിന്റെ നെടും കോട്ടകളെയാണ്. പ്രവേശമില്ലാത്ത വഴിയിലൂടെ വില്ലുവണ്ടിയില്‍ യാത്ര നടത്തിയും എതിര്‍ത്ത ജാതി ഹിന്ദുക്കളെ കായികമായി നേരിട്ടും വിദ്യാലയ പ്രവേശം നടത്താനായി ഒരാണ്ട് നീണ്ട കാര്‍ഷിക പണിമുടക്ക് നടത്തിയും സ്വയം പ്രതിഷ്ഠ നടത്തിയും അദൈ്വതം വിളമ്പുകയും ജാതിഭേദം നിലനിര്‍ത്തുകയും ചെയ്യുന്ന ഹിന്ദുത്വ കാവിയെ മഞ്ഞ കൊണ്ട് പ്രതിരോധിച്ചും മുന്നേറിയ നവോത്ഥാനങ്ങളുടെ തുടര്‍ച്ചയായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുകയും അവകാശ പോരാട്ടങ്ങള്‍ക്ക് അവര്‍ നേതൃത്വം കൊടുക്കുകയും ചെയ്തപ്പോള്‍ ജാതി വ്യവസ്ഥയുടെ ചവിട്ടടിയില്‍ നിന്ന് നവോത്ഥാനത്തിലൂടെ ഉണര്‍ന്ന ദളിത് പിന്നോക്ക ജനത ഇടത് മുന്നേറ്റങ്ങളുടെ ചാലക ശക്തിയായി മാറി.
അതിന്റെ തുടര്‍ച്ചയായാണ് ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപം കൊണ്ടത്. അതിനെതിരെയുണ്ടായ വിമോചന സമരത്തില്‍ “തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേല്‍ കഞ്ഞി കുടിപ്പിക്കും” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മതജാതി ശക്തികള്‍ രംഗത്ത് വന്നത് ദളിതരെയും പിന്നാക്കക്കാരെയും തുടര്‍ന്നും അടിമകളാക്കി അടിച്ചമര്‍ത്താനുള്ള അവകാശത്തിനായിട്ടായിരുന്നു.
പില്‍ക്കാലത്ത് നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ച അവകാശപ്പെട്ട നേതൃത്വങ്ങള്‍ ജാതിവ്യവസ്ഥക്കെതിരായ നിലപാടുകള്‍ കൈയൊഴിഞ്ഞ് അവയെ ജാതി സംഘടനകളാക്കി അധഃപതിപ്പിച്ചു. അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും നാരായണ ഗുരുവും തുടങ്ങിയ നവോത്ഥാന നേതാക്കളെ അവര്‍ ജനിച്ച ജാതികളുടെ നേതാക്കളാക്കി അവരുടെ ആശയങ്ങളെ കുഴിച്ചുമൂടി അതിനു മേല്‍ നാടു നീളെ പ്രതിമകള്‍ സ്ഥാപിച്ചു. പിന്നീട് അവരെ ദൈവങ്ങളാക്കി മാറ്റി. ഇതൊക്കെ നവ ഹൈന്ദവതക്ക് കേരളീയ സമൂഹത്തിലേക്ക് പ്രവേശമൊരുക്കി. ശിവഗിരിയിലും പുലയ മഹാ സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കും മുഖ്യാതിഥിയായി നരേന്ദ്ര മോദിയേയും മറ്റ് പരിവാര്‍ നേതാക്കളെയും സ്വീകരിച്ചാനയിക്കുന്നിടത്തോളം ദളിത്, പിന്നാക്ക സമുദായ സംഘടനകള്‍ ജീര്‍ണിച്ചു.
ഈ പശ്ചാത്തലത്തിലാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഐക്യപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയംകൊള്ളല്‍ നടക്കാന്‍ പോകുന്നത്. ഇത്തരമൊരു ഐക്യം ആരെയാണ് സഹായിക്കുന്നത്? സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയെ സഹായിക്കുന്ന ഈ സംവിധാനം ഭൂരിപക്ഷം വരുന്ന പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് ഒട്ടാകെ ദോഷമാണ് വരുത്തിവെക്കുക. വെള്ളാപ്പള്ളിക്കും ഭാര്യക്കും മകനും മോദി തന്റെ സ്വകാര്യ സംഭാഷണത്തില്‍ നല്‍കിയ ഉറപ്പുകള്‍ക്കപ്പുറം സംവരണം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നത് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവരുടെ പരസ്യ പ്രസ്താവനകളും നടപടികളും സംശയലേശമന്യേ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളെ പോലും ചുട്ടുകൊന്ന് ജാതി ഹിന്ദുക്കള്‍ അവരുടെ ദളിത് വിരുദ്ധ സമീപനം വ്യക്തമാക്കുന്നു. തീവ്രഹിന്ദുത്വ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി ഹിന്ദുത്വത്തെ ഉപയോഗിക്കുന്ന പരിവാര്‍ ശക്തികളുടെ കാല്‍ക്കീഴിലേക്ക് കേരളത്തിലെ ദളിത് പിന്നാക്ക ജനങ്ങളെ പണയപ്പെടുത്താന്‍ ജാതി നേതൃങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു.