അശോക് സിംഗാള്‍ വിടപറയുമ്പോള്‍

സംഘടിത ഹിന്ദു വര്‍ഗീയവാദത്തിന്റെ പ്രതിനിധികളെ ദേശീയാധികാരത്തിലേക്ക് എത്തിക്കുന്നതില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ നടന്ന നാനാവിധമായ വര്‍ഗീയവത്കരണ പ്രവര്‍ത്തനങ്ങളുടെ സംഘാടകനും നേതാവുമെന്ന നിലയിലാണ് അശോക്‌സിംഗാളിനെ ചരിത്രം രേഖപ്പെടുത്തുക. സവര്‍ണ ജാതിമേധാവിത്വത്തിലും അപരമതവിരോധത്തിലുമധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ശക്തനായ പ്രയോക്താവെന്നനിലയില്‍ 1980കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും വര്‍ഗീയവത്കരിക്കുന്നതില്‍ സിംഗാളിന് പ്രധാന പങ്കുണ്ട്. ഗോവധ നിരോധ പ്രക്ഷോഭവും രാമസേതു ആന്തോളനും ഗംഗാരക്ഷാ ആന്തോളനും തുടങ്ങി ഹിന്ദുവത്കരണത്തിന് ആവശ്യമായ മുദ്രാവാക്യങ്ങളും പരിപാടികളും ആവിഷ്‌കരിച്ച് അസഹിഷ്ണുതയുടെ സംസ്‌കാരം പടര്‍ത്തുന്നതില്‍ സംഘപരിവാര്‍ സംഘടനകളെ സിംഗാള്‍ സജീവമാക്കി നിര്‍ത്തി. സാമുദായിക വിഭജനത്തിന്റെ തീരത്തോളം രാഷ്ട്രത്തെ തള്ളിവിട്ട വര്‍ഗീയ കൃത്യങ്ങളുടെ അപരാധത്തില്‍ നിന്ന് മരണം കൊണ്ടു പോലും അശോക് സിംഗാള്‍ മുക്തനാകുന്നില്ല.
Posted on: November 19, 2015 6:00 am | Last updated: November 19, 2015 at 9:45 pm
SHARE

ashok-singhal-759മരണം ആരുടേതായാലും വേദനാജനകമാണ്. ക്രൂരതയെ ജീവിതമൂല്യമാക്കാന്‍ പഠിപ്പിക്കുന്ന, മരണത്തെ കലയാക്കുന്ന വര്‍ഗീയവാദിയായ ഒരാളുടെ മരണം പോലും അയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ദുഃഖകരം തന്നെ. അതില്‍ പങ്കുചേരുമ്പോള്‍ തന്നെ ചരിത്രത്തിന്റെ ക്രൂരവും ദയാരഹിതവുമായ വസ്തുനിഷ്ഠതയെ എല്ലാ വൈകാരികതകളും മാറ്റി പരിശോധനാവിധേയമാക്കാന്‍ മാനവികതയുടെ പക്ഷത്തുനില്‍ക്കുന്നവര്‍ ബാധ്യസ്ഥരാണ്.
ഇന്ത്യയുടെ മതനിരപേക്ഷതയും ജനങ്ങളുടെ സമാധാനജീവിതവും വലിയ വെല്ലുവിളി നേരിടുന്ന പ്രതിലോമകരമായ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തിന്റെ നിര്‍മ്മിതിയില്‍ നേതൃത്വപരമായ പങ്ക് വഹിച്ച ഒരാളാണല്ലോ അശോക്‌സിംഗാള്‍. രാഷ്ട്രത്തിന്റെ ആത്മാവിന് അക്ഷരാര്‍ഥത്തില്‍ തീകൊളുത്തിയ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നായകനാണ് അശോക്‌സിംഗാള്‍. ഒരു സംഘ്പരിവാര്‍ പത്രം 89-ാം വയസ്സില്‍ വിടവാങ്ങിയ അശോക്‌സിംഗാളിന്റെ ജീവിതത്തെ അവതരിപ്പിച്ചത് രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നായകനായിട്ട് തന്നെയാണ്. ഇന്ത്യയുടെ സമകാലീന സാമൂഹിക ജീവിതം വര്‍ഗീയവത്കരിക്കപ്പെട്ടതും അശാന്തമാക്കപ്പെട്ടതും ബാബ്‌റി മസ്ജിദ് തകര്‍ത്തതോടെയാണല്ലോ. അത്തരമൊരു ദേശീയ ദുരന്തത്തിന് നേതൃത്വം കൊടുത്തയാളാണ് അശോക് സിംഗാള്‍ എന്ന കാര്യം ചരിത്രബോധമുള്ള ഒരാള്‍ക്കും മറക്കാനാകില്ല.
ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ഭാനുപ്രതാപ് ശുക്ലയുമായുള്ള ഒരു സംഭാഷണ വേളയില്‍ ഇന്ത്യയിലെ ഹിന്ദുത്വത്തിന് ഭാവിയില്‍ നേതൃത്വം കൊടുക്കേണ്ടയാളാണ് അശോക് സിംഗാളെന്ന് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു പോലും! ഭാവിയില്‍ ഹിന്ദുത്വപ്രസ്ഥാനത്തിന്റെ ഗതിയെന്തായിരിക്കുമെന്നും അതിനാരാണ് നേതൃത്വം കൊടുക്കുക എന്നുമുള്ള ശുക്ലയുടെ ചോദ്യത്തിനുത്തരമായി ഗോള്‍വാള്‍ക്കര്‍ അതിന് ധാരാളം പേരുണ്ടെന്ന് ഉത്തരം നല്‍കിയത്രെ. നേരിട്ടറിയുന്ന അത്രയൊന്നും അറിയപ്പെടാത്ത യുവാക്കളായ ചിലരുടെ പേരുകള്‍ ഗോള്‍വാള്‍ക്കര്‍ പറയുകയും ചെയ്തു. ആ യുവ നിരയില്‍ കാണ്‍പൂരില്‍ നിന്നുള്ള അശോക് സിംഗാള്‍, ദത്തേപാന്ത്ഡംഗിടി, ലക്ഷ്മണ്‍ റാവു ഇനാംദാര്‍, ബാപുറാവുമോദേ തുടങ്ങിയവരുടെ പേരുകള്‍ ഗോള്‍വാള്‍ക്കര്‍ വെളിപ്പെടുത്തുകയും ചെയ്തു. നിശ്ചയദാര്‍ഢ്യവും ആദര്‍ശനിഷ്ഠയും മുന്നേറാനുള്ള വാശിയുമുള്ള തന്റെ ശിഷ്യരില്‍ പ്രമുഖനായിട്ടാണ് ഗോള്‍വാള്‍ക്കര്‍ സിംഗാളിനെ വിലയിരുത്തിയിട്ടുള്ളത്.
ഉണരുന്ന ദേശീയബോധത്തിന്റെയും ഹിന്ദുരാജ്യാഭിമാനത്തിന്റെയും പ്രതീകമായി അയോധ്യാപ്രശ്‌നത്തെ വളര്‍ത്തിവികസിപ്പിച്ചത് അശോക്‌സിംഗാളായിരുന്നു. ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനായി കൊളോണിയല്‍ ഭരണാധികാരികളാണ് ബാബ്‌രി മസ്ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിവധം സൃഷ്ടിച്ച ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് 1949ല്‍ ബാബരി മസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഒളിച്ചുകടത്തിവെച്ചത്. 1980കളോടെ ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന നവ ലിബറല്‍ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചുവല്ലോ. ഒന്നാം ഐ എം എഫ് വായ്പയും അതിന്റെ വ്യവസ്ഥകളും തൊഴിലാളികള്‍ക്കിടയിലും ജനാധിപത്യവാദികളായ ദേശീയവാദികള്‍ക്കിടയിലും വലിയ എതിര്‍പ്പ് നേരിട്ടു. ഈയൊരു സാഹചര്യമാണ് മസ്ജിദ്-മന്ദിര്‍ പ്രശ്‌നമുയര്‍ത്തി വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയത്. അതിന്റെ നായകനാണ് അശോക്‌സിംഗാള്‍.
1926-ല്‍ ജനിച്ച അദ്ദേഹം വിദ്യാഭ്യാസത്തിനുശേഷം മുഴുവന്‍ സമയ ആര്‍ എസ് എസ് പ്രചാരകനാകുകയായിരുന്നു. 1980-ല്‍ വിശ്വഹിന്ദുപരിഷത്തിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട സിംഗാള്‍ വാഷിംഗ്ടണില്‍ നടന്ന വിശ്വഹിന്ദുപരിഷത്തിന്റെ ആഗോള സമ്മേളനത്തോടെ ആ സംഘടനയുടെ അന്താരാഷ്ട്ര അധ്യക്ഷനായി. അമേരിക്കന്‍ സി ഐ എയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഫൗണ്ടേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് വാഷിംഗ്ടണ്‍ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. ആ സമ്മേളനത്തിന്റെ അജന്‍ഡയും സംഘാടനവും കാര്‍ണഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ് പോലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളാണ് നിശ്ചയിച്ചത്.
ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ടതെന്ന് പറയുന്ന 3000 ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കാനുള്ള അക്രമാസക്തമായ വര്‍ഗീയ പദ്ധതികള്‍ക്കാണ് വാഷിംഗ്ടണ്‍ സമ്മേളനം അശോക് സിംഗാളിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്തത്. അതിലാദ്യത്തേതായിരുന്നു അയോധ്യയിലെ ബാബരി മസ്ജിദ് തിരിച്ചുപിടിക്കാനുള്ള രാമജന്മഭൂമി പ്രസ്ഥാനം. ഇതിനായി ധര്‍മ്മസന്‍സദസ്സുകള്‍ സംഘടിപ്പിച്ചുകൊണ്ട് ആരാധനാലയ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് വി എച്ച് പി പദ്ധതിയിട്ടത്. അങ്ങനെയാണ് ബി ജെ പി നേതാവായ അഡ്വാനിയുടെയും മുരളീമനോഹര്‍ ജോഷിയുടെയും നേതൃത്വത്തില്‍ രഥയാത്രകളും ഏകതായാത്രകളും ശിലാന്യാസ പ്രവര്‍ത്തനങ്ങളും ശിലാപൂജകളുമെല്ലാം വര്‍ഗീയവത്കരണ ലക്ഷ്യത്തോടെ ആവിഷ്‌കരിക്കുന്നത്.
കടുത്ത വര്‍ഗീയവത്കരണം ലക്ഷ്യമിട്ട വി എച്ച് പിയുടെ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ കലാപങ്ങളും ലഹളകളും സൃഷ്ടിച്ചു. സഹസ്രകണക്കിന് മനുഷ്യരാണ് വര്‍ഗീയ കലാപങ്ങളില്‍ പിടഞ്ഞുവീണത്. 1992 ഡിസംബര്‍ ആറിനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാക്കി മാറ്റിക്കൊണ്ട് ബാബരി മസ്ജിദ് തകര്‍ത്തു. കര്‍സേവകരെന്ന പേരില്‍ മതഭ്രാന്തന്മാരെ അയോധ്യയിലേക്ക് നയിക്കുകയായിരുന്നല്ലോ. 400-ല്‍ പരം വര്‍ഷം അയോധ്യയിലെയും പഴയ ഔധിലെയും ജനങ്ങള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ബാബരി മസ്ജിദ് തകര്‍ത്ത കുറ്റകരമായ രാഷ്ട്രീയ ഉപജാപത്തിലെ നായകനാണ് അശോക് സിംഗാളെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്.
ഗാന്ധിജിയുടെ നീചമായ വധത്തിനുശേഷം ഹിന്ദു വര്‍ഗീയവാദികള്‍ രാജ്യത്തിനുനേരെ കെട്ടഴിച്ചുവിട്ട വര്‍ഗീയഭ്രാന്താണ് ബാബരി മസ്ജിദിനെ ഇല്ലാതാക്കിയത്. അത് മതനിരപേക്ഷ ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം മഹാദുരന്തവും ദേശീയ അപമാനവുമാണ്. സംഘടിത ഹിന്ദു വര്‍ഗീയവാദത്തിന്റെ പ്രതിനിധികളെ ദേശീയാധികാരത്തിലേക്ക് എത്തിക്കുന്നതില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ നടന്ന നാനാവിധമായ വര്‍ഗീയവത്കരണ പ്രവര്‍ത്തനങ്ങളുടെ സംഘാടകനും നേതാവുമെന്ന നിലയിലാണ് അശോക്‌സിംഗാളിനെ നമ്മുടെ ചരിത്രം രേഖപ്പെടുത്തുക. മസ്ജിദിന്റെ തകര്‍ച്ച അനേ്വഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതുപോലെ സാമുദായിക വിഭജനത്തിന്റെ തീരത്തോളം രാഷ്ട്രത്തെ തള്ളിവിട്ട വര്‍ഗീയ കൃത്യങ്ങളുടെ അപരാധത്തില്‍ നിന്ന് മരണം കൊണ്ടു പോലും അശോക് സിംഗാള്‍ മുക്തനാകുന്നില്ല.
സവര്‍ണ ജാതിമേധാവിത്വത്തിലും അപരമതവിരോധത്തിലുമധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ശക്തനായ പ്രയോക്താവെന്നനിലയില്‍ 1980കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും വര്‍ഗീയവത്കരിക്കുന്നതില്‍ സിംഗാളിന് പ്രധാനപങ്കുണ്ട്. സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ 1964ല്‍ രൂപംകൊണ്ട വി എച്ച് പിയുടെ അടിത്തറ വിപുലപ്പെടുത്തി ഹിന്ദു രാഷ്ട്രമെന്ന സ്വപ്‌നത്തിലേക്ക് സംഘ്പരിവാറിനെ കൈപിടിച്ചുയര്‍ത്തിയ ഹിന്ദു മുന്നേറ്റത്തിന്റെ നായകനായിട്ടാണ് വിശേഷിപ്പിക്കുന്നത്. മീനാക്ഷിപുരത്തെ മതപരിവര്‍ത്തന സംഭവത്തിലെ ഇടപെടലും ഇന്ത്യയൊട്ടുക്കും നിരവധി ഹൈന്ദവ വിഷയങ്ങള്‍ ഉയര്‍ത്തി വി എച്ച് പിയെ ശക്തിപ്പെടുത്തുന്നതിലും അസാമാന്യമായ പാടവം സിംഗാള്‍ കാണിച്ചിട്ടുണ്ട്. ഗോവധ നിരോധ പ്രക്ഷോഭവും രാമസേതു ആന്തോളനും ഗംഗാരക്ഷാ ആന്തോളനും തുടങ്ങി ഹിന്ദുവത്കരണത്തിന് ആവശ്യമായ മുദ്രാവാക്യങ്ങളും പരിപാടികളും ആവിഷ്‌കരിച്ച് അസഹിഷ്ണുതയുടെയും വിദേ്വഷത്തിന്റെയും സംസ്‌കാരം പടര്‍ത്തുന്നതില്‍ സംഘ്പരിവാര്‍ സംഘടനകളെ സിംഗാള്‍ സജീവമാക്കി നിര്‍ത്തി. മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും നിരാകരിക്കുന്ന സംസ്‌കൃത പാരമ്പര്യത്തിലധിഷ്ഠിതമായ ബ്രാഹ്മണ മൂല്യങ്ങളെ ധര്‍മജാഗരണം, സേവ, സംസ്‌കൃത പ്രചാരണം തുടങ്ങി നിരവധി പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടപ്പാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴി മധ്യകാലിക ബ്രാഹ്മണ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സാമൂഹിക പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും പ്രക്ഷോഭങ്ങളെയും തടസ്സപ്പെടുത്തുകയുമായിരുന്നു വി എച്ച് പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ സിംഗാളിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ വൈവിധ്യപൂര്‍ണമായ പദ്ധതികളുടെ ലക്ഷ്യം.