സാമ്പത്തികമാന്ദ്യം ഭീഷണിയാകുമോ?

Posted on: November 19, 2015 3:42 pm | Last updated: November 20, 2015 at 2:56 pm
SHARE

kannaadi...ആഗോള സാമ്പത്തികമാന്ദ്യം യു എ ഇയെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ മൂന്ന് ശതമാനം ഇടിവ് സംഭവിക്കുമെന്ന് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ മുബാറക് റാശിദ് അല്‍ മന്‍സൂരി മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം പശ്ചാത്തല സൗകര്യ വികസന നിക്ഷേപത്തില്‍ കുറവ് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണവില തകര്‍ന്നതാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണിയായത്. ലോകത്ത് എണ്ണയുത്പാദകരില്‍ ആറാം സ്ഥാനത്തുള്ള രാജ്യമാണ് യു എ ഇ. വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണവിലയെ ആശ്രയിച്ചാണ്. എണ്ണവില കുറയുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. ഇതോടെ, കമ്പോളത്തിന്റെ താളം തെറ്റും.
പക്ഷേ, സമ്പദ്ഘടനയില്‍ വൈവിധ്യത കൊണ്ടുവന്നത് യു എ ഇക്ക് വലിയ ആശ്വാസമാണ്. റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ യു എ ഇ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട്, വലിയൊരു തകര്‍ച്ച ഉണ്ടാവുകയില്ല. യു എ ഇയുടെ വാണിജ്യ തലസ്ഥാനമായ ദുബൈയില്‍ ആഭ്യന്തര ഉത്പാദനത്തില്‍ മുഖ്യപങ്കുവഹിക്കുന്നത് എണ്ണയിതര വരുമാനമാണ്.
ജനസംഖ്യാ വര്‍ധനവും യു എ ഇക്ക് താങ്ങായി നില്‍ക്കും. ദുബൈയില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം ജനസംഖ്യ അഞ്ചു മുതല്‍ ആറു വരെ ശതമാനം വര്‍ധിക്കും. 2020ഓടെ 30 ലക്ഷം ആളുകളാണുണ്ടാവുക. ജനസംഖ്യ വര്‍ധിക്കുന്നതിനനുസൃതമായി ക്രിയവിക്രയങ്ങള്‍ കൂടും. പോരാത്തതിന് വിനോദസഞ്ചാരികള്‍ യു എ ഇയെ ലക്ഷ്യംവെക്കുന്നു. 2020ല്‍ നടക്കുന്ന ലോക പ്രദര്‍ശനത്തിന് വലിയ പ്രചാരണമാണ് ദുബൈ നല്‍കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ സഞ്ചാരികളുടെ എണഅണത്തില്‍ 57 ശതമാനം വര്‍ധനവുണ്ടായി. 2010ല്‍ 84 ലക്ഷം ആളുകളാണ് എത്തിയിരുന്നത്. 2014ല്‍ 1.32 കോടിയായി.
ദുബൈയില്‍ 800 കോടി ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അബുദാബിയില്‍ ഇതിലുമേറെ. ഇവയുടെ പൂര്‍ത്തീകരണത്തോടെ, ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളായി അബുദാബിയും ദുബൈയും മാറും. ഇറാനെതിരെയുള്ള ഉപരോധം അമേരിക്ക പിന്‍വലിക്കുന്നത്, മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ സഹായകമാണ്. വാണിജ്യബന്ധത്തില്‍ മേഖലസ്ഥിരതയിലേക്കുള്ള പ്രയാണത്തിലാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടയില്‍, ചെറുകിട ഇടത്തരം സംരംഭകര്‍ അല്‍പം ആശങ്കയിലാണ്. ചെറിയൊരു കാലയളവിലെ തിരിച്ചടി പോലും താങ്ങാന്‍ പല സംരംഭകര്‍ക്കും കഴിയില്ല. കമ്പോളത്തിന്റെ വലിയ മുന്നേറ്റം പ്രതീക്ഷിച്ച് വായ്പ വാങ്ങിയും മറ്റുമാണ് പലരും വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. അവരെ സംബന്ധിച്ച് മാന്ദ്യം ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയും യു എ ഇയും വാണിജ്യബന്ധം ശക്തിപ്പെടുന്നതിലാണ് അവരുടെ ഏക പ്രതീക്ഷ.
കെ എം എ

LEAVE A REPLY

Please enter your comment!
Please enter your name here