Connect with us

Ongoing News

'പത്തേമാരി' പ്രവാസ ജീവിതത്തെ ക്രിയാത്മകമായി സമീപിച്ചുവെന്ന്

Published

|

Last Updated

ദുബൈ: “പത്തേമാരി”യില്‍ പ്രവാസ ജീവിതത്തെ ക്രിയാത്മകമായി സമീപിച്ചിട്ടുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സലീം അഹമ്മദ്. ദുബൈയില്‍ “പത്തേമാരി”യുടെ റിലീസിംഗുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സിനിമയെന്നത് കഴിവിന്റെയും ഭാഗ്യത്തിന്റേയുമെല്ലാം ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ്. ആദാമിന്റെ മകന്‍ അബുവെന്ന ദേശീയ പുരസ്‌കാര ചിത്രത്തിന്‌ശേഷം വീണ്ടും ഒരു ഹിറ്റ് ചിത്രവുമായാണ് ഇന്നലെ സലീം അഹമ്മദ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തിയത്.
പ്രവാസി മലയാളിയുടെ 50 വര്‍ഷത്തെ ജീവിതമാണ് പത്തേമാരിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു വാണിജ്യച്ചേരുവകളും ഉപയോഗിക്കാത്ത ചിത്രം മികച്ച വിജയം നേടിയത് സന്തോഷകരമായ കാര്യമാണ്. സിനിമയെന്നതിനപ്പുറം പറയേണ്ട കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അത് മികച്ച വിജയം നേടിയെന്നത് ഏറെ അനുഭൂതി നല്‍കുന്ന കാര്യമാണ്. “എന്നു സ്വന്തം മൊയ്തീന്‍” എന്ന സിനിമ “പത്തേമാരി”യുടെ കളക്ഷനെ ബാധിച്ചെന്ന് പറയാനാവില്ല. ഈ രണ്ട് സിനിമകളും ഒരേ സമയത്ത് ഇറങ്ങിയത് കൂടുതല്‍ പേരെ തിയ്യറ്ററില്‍ ചെന്നു സിനിമ കാണാന്‍ പ്രേരിപ്പിച്ചുവെന്ന് വേണം പറയാന്‍. കേരളത്തില്‍ വീണ്ടും തിയ്യറ്ററില്‍ ചെന്ന് സിനിമ ആസ്വദിക്കാനുള്ള അഭിനിവേശം തിരിച്ചെത്തിക്കാന്‍ ഈ രണ്ടു സിനിമകളും പ്രേരണമായിട്ടുണ്ട്. ഇത് സിനിമാ ലോകത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
“പത്തേമാരി” കണ്ട് പ്രേക്ഷകര്‍ മടങ്ങുന്നത് പോസിറ്റീവ് എനര്‍ജിയുമായാണ്. പലരും ചിത്രം കണ്ട് വിളിക്കുന്നത് സംവിധായകന്‍ എന്ന നിലയിലെ എന്റെ പ്രയത്‌നം വിജയിച്ചെന്ന തോന്നലുണ്ടാക്കുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്ന് ഒരു പ്രേക്ഷകന്‍ വിളിച്ച് എന്നോട് പറഞ്ഞത് മറക്കാനാവില്ല. സിനിമ കണ്ട ശേഷം പ്രവാസിയായിരുന്ന അപ്പന്റെ കുഴിമാടത്തില്‍ മെഴുകുതിരി കത്തിച്ചെന്നാണ്.
സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാള്‍ നാട്ടില്‍ കേസ് നല്‍കിയിരുന്നു. കോടതി കയറിയപ്പോഴാണ് അറിയുന്നത്, അയാള്‍ പ്രമുഖ കഥാകൃത്തിന്റെ കഥ മോഷ്ടിച്ചാണ് കഥ മെനഞ്ഞതെന്ന്. ദുബൈയിലെ ഒരു പ്രമുഖ പത്രത്തിന്റെ വിനോദ പേജില്‍ സിനിമയുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത വാര്‍ത്ത അച്ചടിച്ചിട്ടുണ്ടെന്ന് ആ പത്രം ഉയര്‍ത്തിക്കാട്ടി സലീം അഹമ്മദ് പറഞ്ഞു. തീര്‍ത്തും അടിസ്ഥാനരഹിതമായ കാര്യമാണ് എഴുതിയിരിക്കുന്നത്. ഏതോ ഒരാളുടെ കഥ എടുത്താണ് സിനിമ നിര്‍മിച്ചതെന്നാണ്. ഇതിനെതിരെ കോടതിയില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച ചിത്രമെന്ന് ഇപ്പോള്‍ പുകഴ്ത്തപ്പെടുമ്പോഴും റെക്കാര്‍ഡ് കലക്ഷന്‍ നേടുമ്പോഴും തുടക്കത്തില്‍ സിനിമ വിതരണം ചെയ്യാന്‍ കേരളത്തിലെ വിതരണക്കാര്‍ തയ്യാറായില്ലെന്നതും സലീം അനുസ്മരിച്ചു. ഒടുവിലാണ് മുംബൈ കേന്ദ്രമായ ഇറോസ് വിതരണം ഏറ്റെടുത്തത്. ചില തിയ്യറ്ററുകളില്‍ നിന്ന് പടം പെട്ടെന്ന് മാറ്റേണ്ടിവന്നത് മുന്‍കൂട്ടി ബുക്ക് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.